നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസം പകർന്ന് കൂടുതൽ ഉയരങ്ങലിലേക്ക് കുതിക്കുകയാണ് ആഭ്യന്തര സൂചികകൾ. ബുധനാഴ്ച സെൻസെക്‌സ് 252.62 പോയിൻ്റ് ഉയർന്ന് 76,709.21 ലും നിഫ്റ്റി 82.25 പോയിൻ്റ് ഉയർന്ന് 23,347.10 ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടർന്നുള്ള വ്യാപാരത്തിൽ നിഫ്റ്റി സർവ്വകാല ഉയരം തൊട്ടു. സൂചിക ഒരു ശതമാനത്തോളം ഉയർന്ന് 23,400 കടന്നു. ഇന്ന് നേട്ടമുണ്ടാക്കി ഓഹരികളിൽ ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസിൻ്റെ ഓഹരികളുമുണ്ട്. ആദ്യ സെഷനിൽ തന്നെ ഏകദേശം 8 ശതമാനം മുന്നേറ്റമാണ് ഓഹരി നടത്തിയത്.
പുതിയ കരാർ, ഓഹരിയിൽ ഉണർവ്
ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ഡെയ്ംലർ ട്രക്ക് എജിയുമായി പുതിയ കാരറിലേർപ്പെട്ടതിന് പിന്നാലെയാണ് ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസിൻ്റെ ഓഹരികൾ മുന്നോട്ട് കുതിച്ചത്. 5 വർഷത്തേക്കാണ് കരാർ. അതോടെ ഡെയ്ംലർ ട്രക്ക് എജിയുടെ പ്രാഥമിക ലോജിസ്റ്റിക് പങ്കാളിയായി ടിവിഎസ് എസ്‌സിഎസ് മാറി.
സിംഗപ്പൂരിലെ ടിവിഎസ് എസ്‌സിഎസിൻ്റെ സ്ട്രാറ്റജിക് ലോജിസ്റ്റിക്‌സ് സെൻ്റർ നിയന്ത്രിക്കുന്ന 16 രാജ്യങ്ങളിലെ ഡൈംലർ ട്രക്കിൻ്റെ വിതരണ ശൃംഖല, ഡീലർമാർ, വർക്ക്‌ഷോപ്പുകൾ എന്നിവയ്‌ക്കായുള്ള വിതരണ ശൃംഖല പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ കരാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഓഹരി വിപണിയിലെ മുന്നേറ്റം
ഏകദേശം രാവിലെ 9:30 ന്, കമ്പനിയുടെ ഓഹരികൾ എൻഎസ്ഇയിൽ 8 ശതമാനത്തോളം ഉയർന്ന് 181.50 രൂപയിലെത്തി. 2024-ൽ ഇതുവരെ ഏകദേശം 10 ശതമാനത്തോളം ഓഹരിയിൽ ഇടിവ് കമ്പനിക്ക് സംഭവിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ മുന്നേറ്റം ടിവിഎസ് സപ്ലൈ ചെയിൻ ഓഹരികൾക്ക് ആശ്വാസം ആവശ്യമാണ്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.54 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 6.07 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. അതേസമയം ആറ് മാസത്തിനിടെ 12.22 ശതമാനം ഇടിവ് ഓഹരിക്ക് സംഭിച്ചിട്ടുണ്ട്. ഒരു വർഷത്തിനിടെ 10 ശതമാനവും ഓഹരി ഇടിഞ്ഞു.
258 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 145 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ്
ഇന്ത്യയിലെ സപ്ലൈ ചെയിൻ സൊല്യൂഷൻസ് മാർക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്നാണ് ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ്. മുൻപ് ടിവിഎസ് ഗ്രൂപ്പ് പ്രമോട്ട് ചെയ്ത കമ്പനി ഇപ്പോൾ ടിവിഎസ് മൊബിലിറ്റി ഗ്രൂപ്പിൻ്റെ ഭാഗമാണ്.
മാർച്ചിൽ അവസാനിച്ച പാദത്തിൽ, ഇൻ്റഗ്രേറ്റഡ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് (ഐഎസ്‌സിഎസ്) വിഭാഗത്തിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 9.9 ശതമാനം നേട്ടത്തോടെ 1380 കോടി രൂപയിലെത്തി. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 14.4 ശതമാനം നേട്ടത്തോടെ 5240 കോടി രൂപയാണ്.
കരാർ കൂടുതൽ നേട്ടമുണ്ടാക്കും
ഡെയ്ംലർ ട്രക്ക് എജിയുമായി കരാറിൽ ഏർപ്പെട്ടതോടെ വരുമാനത്തിൽ വലിയ കുതിപ്പുണ്ടാക്കാൻ ടിവിഎസ് എസ്‌സിഎസിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ഓർഡറിംഗ്, ഇൻവെൻ്ററി മാനേജ്‌മെൻ്റ്, പാർട്‌സ് റീപ്ലിനിഷ്‌മെൻ്റ്, വിലനിർണ്ണയം, ഇൻവോയ്‌സിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നിവയ്‌ക്കായുള്ള ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം ഫീച്ചർ ചെയ്യുന്ന കസ്റ്റമൈസ്ഡ് ഐടി സൊല്യൂഷൻ സ്യൂട്ട് ടിവിഎസ് എസ്‌സിഎസ് വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications