'എന്തായിപ്പോ സംഭവിച്ചേ?', തിങ്കളാഴ്ച്ച ആകെ മൊത്തം കരിയും പുകയുമാണ് ഓഹരി വിപണിയില്‍. സെന്‍സെക്‌സും നിഫ്റ്റിയും 2 ശതമാനത്തിലേറെ തകര്‍ന്നുതരിപ്പണമായി. സ്ഥിതിഗതികള്‍ അതിരൂക്ഷം. ഉക്രൈന്‍ - റഷ്യ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ പണവും പിന്‍വലിച്ച് സുരക്ഷിത താവളങ്ങളിലേക്ക് ഓടുകയാണ്.
തിങ്കളാഴ്ച്ച ആരംഭത്തില്‍ത്തന്നെ സെന്‍സെക്‌സ് 56,900 പോയിന്റിലേക്ക് കൂപ്പുകുത്തി; നിഫ്റ്റി 17,000 നിലവാരത്തിലേക്കും വീണു. ഏഷ്യന്‍ വിപണികളിലെല്ലാം ഇന്ന് കടുത്ത വില്‍പ്പന രൂപംകൊള്ളുന്നുണ്ട്.
ഇതേസമയം, ഉക്രൈന്‍ പ്രതിസന്ധി മുന്‍നിര്‍ത്തി ക്രൂഡ് വില കുതിച്ചുയരുകയാണ്. സ്വര്‍ണവും നേട്ടം കൊയ്യുന്നുണ്ട്. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണവില കഴിഞ്ഞു മൂന്നു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് വന്നുകഴിഞ്ഞു.
'ഉക്രൈന്‍ - റഷ്യ പ്രശ്‌നം വഷളാവുകയാണ്. ഈ പശ്ചാത്തലത്തില്‍ ഹ്രസ്വകാലത്തേക്ക് ശക്തമായ നെഗറ്റീവ് വികാരമാണ് വിപണിയില്‍ ഉടലെടുക്കുന്നത്. ആഗോള വിപണികളിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ഉക്രൈന്‍ പ്രതിസന്ധി വഴിതെളിക്കുകയാണ്', ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു.
ഫോറക്‌സ് വിപണിയില്‍ ഇന്ത്യന്‍ രൂപയും ക്ഷീണം ഏറ്റുവാങ്ങുന്നുണ്ട്. തിങ്കളാഴ്ച്ച യുഎസ് ഡോളറിനെതിരെ 20 പൈസ നഷ്ടത്തില്‍ 75.56 എന്ന നിലയ്ക്കാണ് രൂപ ഇടപാടുകള്‍ ആരംഭിച്ചത്. ഓഹരി വിപണി നിലയില്ലാക്കയത്തിലേക്ക് വീഴുന്ന സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങള്‍ ചുവടെ കാണാം.
ഉക്രൈന്‍ പ്രതിസന്ധി
ലോകം ഒന്നടങ്കം ഉറ്റുനോക്കുകയാണ് ഉക്രൈന്‍ - റഷ്യ പ്രശ്‌നത്തില്‍. ഉക്രൈനുമായി യുദ്ധത്തിനില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ബെലാറസ്, ഉക്രൈന്‍ അതിര്‍ത്തികളില്‍ റഷ്യ സൈനിക സന്നാഹം വിന്യസിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവരികയാണ്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്്‌ളാദിമിര്‍ പുടിനുമായി നടത്തിയ നയതന്ത്രചര്‍ച്ച ഫലം കണ്ടില്ല.
പ്രശ്‌നപരിഹാരത്തിനായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് രംഗത്തുവരുന്നുണ്ട്. തിങ്കളാഴ്ച്ച കീവിലെത്തി ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയെയും ചൊവാഴ്ച്ച മോസ്‌കോയില്‍ ചെന്ന് വ്‌ളാദിമിര്‍ പുടിനെയും ജര്‍മന്‍ ചാന്‍സലര്‍ കാണും. യുദ്ധം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഷോള്‍സ് അറിയിച്ചിട്ടുണ്ട്.
നിലവില്‍ അമേരിക്കന്‍ ഫെഡറള്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടാനൊരുങ്ങുന്നതും പണപ്പെരുപ്പം കുതിച്ചുയരുന്നതും ആഗോള വിപണികളെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതിനിടെ 'കൂനിന്‍മേല്‍ കുരു' എന്ന കണക്കെ ഉക്രൈന്‍ - റഷ്യ പ്രശ്‌നവും വിപണികള്‍ക്ക് കനത്ത ആഘാതമാവുകയാണ്. ഇതേസമയം, ഉക്രൈന്‍ പ്രതിസന്ധിയില്‍ അയവുവന്നാല്‍ ലാര്‍ജ്-കാപ്പ് ബ്ലൂചിപ്പ് കമ്പനികളുടെ നേതൃത്വത്തില്‍ ശക്തമായ തിരിച്ചുവരവ് വിപണിയില്‍ പ്രതീക്ഷിക്കാം.
എണ്ണവില
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ആഗോള എണ്ണവില തിങ്കളാഴ്ച്ച എത്തി. ഉക്രൈന്‍ പ്രശ്‌നത്തില്‍ യുദ്ധമുണ്ടായാല്‍ യൂറോപ്പും അമേരിക്കയും റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തും. ഇതു എണ്ണ കയറ്റുമതിയെ സാരമായി ബാധിക്കും. ഈ ആശങ്ക മുന്‍നിര്‍ത്തി ബാരലിന് 95.56 ഡോളര്‍ വരെയ്ക്കും ബ്രെന്‍ഡ് ക്രൂഡിന് വില ഉയര്‍ന്നുകഴിഞ്ഞു.
'ഉക്രൈന്‍ പ്രശ്‌നം കാരണം ക്രൂഡ് വില കുതിച്ചുയരുകയാണ്. ഇന്ത്യയിലെ ഇക്വിറ്റി വിപണികളെ ക്രൂഡ് വിലവര്‍ധനവ് സാരമായാണ് ബാധിക്കുക. റെക്കോര്‍ഡ് പണപ്പെരുപ്പം ആഗോള വിപണികളെ തളര്‍ത്തുന്നതിനിടെയാണ് ഉക്രൈന്‍ - റഷ്യ പ്രശ്‌നം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് കടക്കുന്നത്', ട്രേഡിങ്കോയുടെ സ്ഥാപകന്‍ പാര്‍ത്ഥ് ന്യാതി പറയുന്നു.
പണപ്പെരുപ്പം
ചില്ലറ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കുകയാണ്. 'ഏഴു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ക്രൂഡ് വിലയെത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയാണ്. ദീര്‍ഘകാലം ക്രൂഡ് വില 95 ഡോളര്‍ നിലയില്‍ തുടര്‍ന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം പുനപരിശോധിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരാകും. നിലവില്‍ 4.5 ശതമാനം പണപ്പെരുപ്പമാണ് ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തി കേന്ദ്ര ബാങ്ക് കണക്കുകൂട്ടുന്നത്. ക്രൂഡ് വില ഉയര്‍ന്നുനിന്നാല്‍ ഉദാരനയം തുടരാനും റിസര്‍വ് ബാങ്കിന് ബുദ്ധിമുട്ടായിരിക്കും', ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെടുന്നു.
ടെക്‌നിക്കല്‍ കാഴ്ച്ചപ്പാട്
'17,000-16,800 എന്ന നിര്‍ണായക ഡിമാന്‍ഡ് സോണിലാണ് നിഫ്റ്റി വ്യാപാരം നടത്തുന്നത്. 16,800 നിലയ്ക്ക് തുടരുന്നതുവരെയും നിക്ഷേപകര്‍ക്ക് 'ബൈ ഓണ്‍ ഡിപ്പ്' സമീപനം തുടരാം. ഇതേസമയം 16,800 നിലവാരത്തില്‍ നിന്നുള്ള തിരിച്ചുവരവില്‍ ഒന്നിലധികം പ്രതിരോധങ്ങള്‍ സൂചിക നേരിടും. അടുത്തവരവില്‍ 17,300/17,500 നിലകളായിരിക്കും പ്രതിബന്ധങ്ങള്‍ തീര്‍ക്കുക. ഇതേസമയം, 16,800 നിലയ്ക്ക് താഴേക്ക് നിഫ്റ്റി വീണാല്‍ ചിത്രം ആകെ വഷളാകും', ട്രേഡിങ്കോയുടെ സ്ഥാപകന്‍ പാര്‍ത്ഥ് ന്യാതി നിരീക്ഷിക്കുന്നു. 16,836 മാര്‍ക്കിന് കീഴെ പോയാല്‍ 2021 ഡിസംബറില്‍ രേഖപ്പെടുത്തിയ 16,410 നിലവാരത്തിലേക്കായിരിക്കും സൂചിക എത്തിപ്പെടുകയെന്ന പ്രവചനം മേത്ത ഇക്വിറ്റീസിന്റെ റിസര്‍ച്ച് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സിയും പങ്കുവെയ്ക്കുന്നുണ്ട്.
ബാങ്ക് നിഫ്റ്റി
വായ്പ്പാത്തട്ടിപ്പിന്റെ പേരില്‍ എബിജി ഷിപ്പ്‌യാര്‍ഡ് കമ്പനിക്കെതിരെയും പ്രമോട്ടര്‍മാര്‍ക്കെതിരെയും സിബിഐ കേസെടുത്ത സാഹചര്യത്തില്‍ ബാങ്കിങ് സ്റ്റോക്കുകളില്‍ കരിനിഴല്‍ വീഴുന്നുണ്ട്. തിങ്കളാഴ്ച്ച നിഫ്റ്റി ബാങ്ക് സൂചിക 2.8 ശതമാനം നിലംപതിച്ചു; പൊതുമേഖലാ ബാങ്ക് സൂചികയില്‍ 3.5 ശതമാനവും തകര്‍ച്ച കാണാം. 'എബിജി ഗ്രൂപ്പ് വിഷയം ബാങ്ക് സ്‌റ്റോക്കുകളില്‍ പ്രതികൂല വികാരമാണ് സൃഷ്ടിക്കുന്നത്. ഇതേസമയം, എബിജി ഗ്രൂപ്പ് വായ്പകള്‍ നിഷ്‌ക്രിയാസ്തികളുടെ ഭാഗമായതിനാല്‍ മെറ്റീരിയല്‍ ഇംപാക്ട് ബാങ്കുകള്‍ക്ക് സംഭവിക്കുന്നില്ല', ട്രേഡിങ്കോയുടെ സ്ഥാപകന്‍ പാര്‍ത്ഥ് ന്യാതി പറയുന്നു.


Click it and Unblock the Notifications