വിപണിയില്‍ വമ്പന്‍ ചാഞ്ചാട്ടം. രാവിലെ നേട്ടത്തോടെ ആരംഭിക്കുകയും വ്യാപാരത്തിന്റെ ഏറിയ പങ്കും ആ മുന്‍തൂക്കം നിലനിര്‍ത്തിയെങ്കിലും അവസാന മണിക്കൂറിലെ അപ്രതീക്ഷിത തിരിച്ചടിയില്‍ പ്രധാന സൂചികകള്‍ നഷ്ടത്തിലേക്ക് തെന്നിവീണു. സെന്‍സെക്‌സില്‍ ദിവസത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 900 പോയിന്റില്‍ ഏറെയാണ് ഇടിഞ്ഞത്. ഇതോടെ എല്ലാ വിഭാഗം ഓഹരി സൂചികകളും ചുവപ്പണിഞ്ഞു. നിഫ്റ്റിയും ദിവസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 277 പോയിന്റ് നഷ്ടപ്പെടുത്തി 17,100 നിലവാരത്തിലേക്ക് വീണു. യുഎസ് ജിഡിപി നിരക്കുകള്‍ പ്രതീക്ഷിച്ചതിലും താഴെയായതു കൊണ്ട് ആഗോള വിപണികള്‍ നഷ്ടത്തിലേക്ക് വീണതാണ് ആഭ്യന്തര വിപണിയേയും പ്രതികൂലമായി സ്വാധീനിച്ചത്.
ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50, ഇന്ന് 142 പോയിന്റ് നഷ്ടത്തില്‍ 17,102-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് 460 പോയിന്റ് താഴ്ന്ന് 57,061-ലുമാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയര്‍ന്ന നിലവാരം 17,377-ലും താഴ്ന്ന നിലവാരം 17,053-ലും രേഖപ്പെടുത്തി.
അതേസമയം, എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 0.84 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 1.16 ശതമാനവും ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതുപോലെ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി-ബാങ്ക് 334 പോയിന്റ് നഷ്ടത്തില്‍ 36,088-ലുമാണ് വ്യാപാരം നിര്‍ത്തിയത്.
ടെക്‌നിക്കല്‍ അനാലിസിസ്
ഇതോടെ നിഫ്റ്റി സൂചികയുടെ ദിവസ ചാര്‍ട്ടില്‍ ബെയറിഷ് എന്‍ഗള്‍ഫിങ് പാറ്റേണ്‍ രൂപപ്പെട്ടു. ഇത് സമീപ ഭാവിയിലേക്കുള്ള ദുര്‍ബലാവസ്ഥയെ സൂചിപ്പിക്കുന്നതാണ്. സമ്മര്‍ദങ്ങളെ അതിജീവിച്ച് 200-ഡിഎംഎ നിലവാരത്തിന് മുകളില്‍ തുടരാന്‍ സൂചികയ്ക്ക് സാധിക്കുന്നില്ല. ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐയിലും ബെയറിഷ് ക്രോസ്ഓവര്‍ ദൃശ്യമായി. വീണ്ടുമൊരു തിരുത്തലിനുളള സൂചനയാണിത്. എങ്കിലും വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകളില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിലവില്‍ തൊട്ടടുത്ത സപ്പോര്‍ട്ട് 16,950 നിലവാരത്തിലും റെസിസ്റ്റന്‍സ് 17,400 നിലവാരത്തിലും പ്രതീക്ഷിക്കാം.
അതേസമയം, എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 2.87 ശതമാനം ഇടിഞ്ഞ മീഡിയയും 2.28 ശതമാനം ഇടിഞ്ഞ ഓയില്‍ & ഗ്യാസ് സൂചികയുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. പൊതുമേഖലാ ബാങ്ക്, റിയാല്‍റ്റി, ഓട്ടോ വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലേറേയും നഷ്ടം നേരിട്ടു. 0.13 ശതമാനം മാത്രം ഇറങ്ങിയ ഫാര്‍മ ഓഹരികളിലാണ് ആഘാതം കുറവ് രേഖപ്പെടുത്തിയത്.
എന്നാല്‍ വിപണിയില്‍ ഇത്രയധികം ചാഞ്ചാട്ടം അനുഭവപ്പെട്ടിട്ടും വിക്‌സ് നിരക്കുകളില്‍ 0.19 ശതമാനം മാത്രം ഉയര്‍ന്ന് 19.42-ല്‍ ക്ലോസ് ചെയ്തത് ശ്രദ്ധേയവുമായി. ഇതിനിടെ എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,110 ഓഹരികളില്‍ 705 എണ്ണം മാത്രമാണ് ഇന്ന് നേട്ടത്തോടെ അവസാനിച്ചത്. 1,354 ഓഹരികള്‍ നഷ്ടം നേരിട്ടു.
നേട്ടം
വെളളിയാഴ്ച എന്‍എസ്ഇയില്‍ നടന്ന വ്യാപാരത്തില്‍ 47 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചു. വില്‍ക്കാന്‍ ആരും സന്നദ്ധരാകാത്തതിനാല്‍ 87 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 12 എണ്ണം മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ഇതില്‍ എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ ഒരു ശതമാനത്തിലേറെ മുന്നേറി. സണ്‍ഫാര്‍മ 0.98%, എച്ച്ഡിഎഫ്‌സി ബാങ്ക് 0.78% വീതവും ഉയര്‍ന്നു.
നഷ്ടം
ഇന്ന് എന്‍എസ്ഇയിലെ വ്യാപാരത്തില്‍ 19 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. ആരും വാങ്ങാന്‍ തയ്യാറാകാത്തതിനാല്‍ 91 ഓഹരികള്‍ വെള്ളിയാഴ്ച ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ നിഫ്റ്റി-50 സൂചികയിലെ 38 ഓഹരികള്‍ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം നിര്‍ത്തിയത്. ഇതില്‍ കഴിഞ്ഞ ദിവസം നാലാം പാദഫലം പുറത്തുവിട്ട ആക്‌സിസ് ബാങ്ക് ഓഹരികള്‍ 6.39 ശതമാനം തിരിച്ചടി നേരിട്ടു്. കോള്‍ ഇന്ത്യ 3.89%, അദാനി പോര്‍ട്ട്‌സ് 3.42%, വിപ്രോ 2.78%, ഒഎന്‍ജിസി 2.70%, മാരുതി 2.60%, ബജാജ് ഓട്ടോ 2.59%, പവര്‍ഗ്രിഡ് 2.50% വീതവും നഷ്ടം നേരിട്ടു.


Click it and Unblock the Notifications