തുടര്‍ച്ചയായ നാല് ദിവസത്തെ കാളകളുടെ മുന്നേറ്റത്തിന് തടയിട്ട് കരടികളുടെ പോര്‍വിളി. ആഗോള വിപണികളിലെ നഷ്ടവും ലാഭമെടുപ്പും ആഭ്യന്തര വിപണിയിലെ സൂചികകളിലും പ്രതികൂലമായി ഭവിക്കുകയായിരുന്നു. ഓട്ടോ, ഓയില്‍ & ഗ്യാസ് വിഭാഗം ഓഹരികളൊഴികെയുള്ളവ നഷ്ടം നേരിട്ടു. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 179 പോയിന്റ് നഷ്ടത്തില്‍ 17,745-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 621 പോയിന്റ് നഷ്ട്‌ത്തോടെ 59,601-ലും വ്യാഴാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി- ബാങ്ക് 205 പോയിന്റ് ഇടിവ് 37,490-ലും വ്യാപാരം അവസാനിപ്പിച്ചു.

5 ഘടകങ്ങള്‍
>> ദുര്‍ബല ആഗോള വിപണികള്‍- ഫ്രാന്‍സില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദവും, ഹോങ്കോങ്ങിലെ നഗരത്തിലെ നിയന്ത്രണങ്ങളും
>> മാര്‍ച്ചില്‍ തന്നെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയോടെ അമേരിക്കന്‍ കേന്ദ്ര ബാങ്ക് യോഗത്തിന്റെ മിനിറ്റസ് പുറത്തുവന്നത്.
>> നിഫ്റ്റി സൂചികയിലെ ആദ്യ അഞ്ചിലുള്ള സ്റ്റോക്കുകളും നഷ്ടത്തിലായത്. ഇതിലൂടെ മാത്രം നിക്ഷേപകരുടെ ആസ്തിയില്‍ 94,000 കോടിയുടെ നഷ്ടം
>> ബാങ്ക്, ഐടി, എഫ്എംസിജി ഉള്‍പ്പെടെ എല്ലാ പ്രധാന വിഭാഗം ഓഹരികളിലും തളര്‍ച്ച. പ്രധാന
>> രാജ്യത്ത് വീണ്ടും കോവിഡ് നിരക്ക് ഉയരുന്നത്. 24 മണിക്കൂറിനിടെ 90,928 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുന്നേറ്റം
ഓട്ടോ, ഓയില്‍ & ഗ്യാസ് വിഭാഗം ഓഹരികളൊഴികെ ബാങ്കിംഗ്, മെറ്റല്‍, റിയാല്‍റ്റി, ഐടി, എഫ്എംസിജി വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തോളം നഷ്ടം നേരിട്ടു. ബിഎസ്ഇയിലെ മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗങ്ങള്‍ കാര്യമായ വ്യതിയാനമില്ലാതെയും നിന്നു. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX) 4.35 ശതമാനം വര്‍ധിച്ച് 17.98 നിലവാരത്തിലേക്ക് എത്തിയെന്നതും ശ്രദ്ധേയമാണ്.

മാര്‍ക്കറ്റ് മൂവ്‌മെന്റ്
നിഫ്റ്റി 144 പോയന്റ് നഷ്ടത്തില്‍ 17,768-ലും സെന്‍സെക്സ് 487 പോയന്റ് താഴ്ന്ന് 59,735-ലുമാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. താമസിയാതെ സെന്‍സെക്സിലെ നഷ്ടം 800 പോയന്റിലേറെയായി വര്‍ധിച്ചു. നിഫ്റ്റി 237 പോയന്റും ഇടിഞ്ഞ് 17,655-ല്‍ ഇന്നത്തെ താഴ്ന്ന നിലവാരം കുറിച്ചു. തുടര്‍ന്ന് ഏറെ നേരം ആ നിലവാരത്തില്‍ തങ്ങിനിന്ന സൂചികകള്‍ ഉച്ചയോടെ തിരിച്ചു വരവിനുളള ശ്രമം നടത്തി. ഉച്ചയ്ക്കു ശേഷം രാവിലെ നഷ്ടമായ പോയിന്റുകളില്‍ നിന്നും 150-ലേറെ പോയിന്റ് മുന്നേറിയെങ്കിലും അവസാന നിമിഷങ്ങളിലെ ലാഭമെടുപ്പോടെ വീണ്ടും 50-ഓളം പോയിന്റ് നഷ്ടപ്പെടുത്തി 17,745-ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ നിഫ്റ്റിയുടെ ഉയര്‍ന്ന നിലവാരം 17,797 ആണ്.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,103 ഓഹരികളില്‍ 1,050 ഓഹരികളില്‍ വില വര്‍ധനവും 995 ഓഹരികളില്‍ വിലയിടിവും 8 എണ്ണം വില വ്യതിയാനമില്ലെതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 1.06 ആയിരുന്നു. കഴിഞ്ഞ ദിവസത്തെ പോലെ സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളില്‍ കാര്യമായ മുന്നേറ്റം ഇല്ലാതിരുന്നതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഒന്നില്‍ തന്നെ തുടരാന്‍ കാരണം. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 194 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 304 കമ്പനികള്‍ നഷ്ടത്തിലും 3 എണ്ണം വില വ്യതിയാനമില്ലാതെയും ക്ലോസ് ചെയ്തു.

പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 15 എണ്ണം ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. യുപിഎല്‍ 2 ശതമാനത്തിലേറെ മുന്നേറി. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോര്‍സ്, മാരുതി സുസൂക്കി, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ 1 ശതമാനത്തിലേറേയും നേട്ടം രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 35 എണ്ണവും വിലയിടിവ് രേഖപ്പെടുത്തി. ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, അള്‍ട്രാ ടെക് സിമന്റ്, ടെക് മഹീന്ദ്ര, ശ്രീ സിമന്റ്‌സ്, റിലയന്‍സ്, അദാനി പോര്‍ട്ട്‌സ്, എച്ചഡിഎഫ്സി എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറെ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.