തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ക്രൂഡ് ഓയില്‍ വിലയില്‍ തിരുത്തല്‍ നേരിടുന്നതും റഷ്യയും ഉക്രൈനും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചയിലെ പ്രതീക്ഷയുമാണ് വിപണിയെ നേട്ടത്തിലേക്ക് നയിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കു ശേഷം നിഫ്റ്റി 17,300 നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗങ്ങളിലെ പകുതിയിലേറെ ഓഹരികളും നഷ്ടത്തിലായിരുന്നെങ്കിലും ഇരു സൂചികകളും രണ്ട് ദിവസത്തെ തിരിച്ചടികള്‍ക്കു ശേഷം നേട്ടത്തിലേക്കെത്തി.
ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 103 പോയിന്റ് നേട്ടത്തില്‍ 17,325-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് 350 പോയിന്റ് മുന്നേറി 57,943-ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപത്താണ് പ്രധാന സൂചികകള്‍ ക്ലോസ് ചെയ്തതെന്നും ശ്രദ്ധേയമാണ്. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 137 പോയിന്റ് ഉയര്‍ന്ന് 35,710-ലും വ്യാപാരം അവസാനിപ്പിച്ചു.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 10 എണ്ണം നേട്ടത്തിലും 5 എണ്ണം നഷ്ടത്തിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ഫാര്‍മ, ധനകാര്യ സേവനം, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ സൂചികകള്‍ ഒരു ശതമാനത്തിലേറെ മുന്നേറി. റിയാല്‍റ്റി, ബാങ്കിംഗ്്, മെറ്റല്‍ ഓഹരി സൂചികകളും നേട്ടത്തില്‍ അവസാനിച്ചു. ഇത് തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് മെറ്റല്‍ സൂചിക നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. അതേസമയം, 1.22 ശതമാനം ഇടിഞ്ഞ മീഡിയ ഓഹരി സൂചികയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. പൊതുമേഖല ബാങ്ക്, ഓയില്‍ & ഗ്യാസ്, എഫ്എംസിജി, ഓട്ടോ വിഭാഗം സൂചികകളും നഷ്ടം രേഖപ്പെടുത്തി.
ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,139 ഓഹരികളില്‍ 1,215 എണ്ണവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 874 ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ പൂര്‍ത്തിയാക്കിത്. 50 ഓഹരികള്‍ മാറ്റമൊന്നും രേഖപ്പെടുത്താതെയും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.72-ലേക്ക് മെച്ചപ്പെട്ടു. ഇന്നലെ എഡി റേഷ്യോ 0.44 നിരക്കിലായിരുന്നു. വിപണിയില്‍ ഉടെലടുത്ത പൊതു ദുര്‍ബലാവസ്ഥ നിലനില്‍ക്കുന്നതായാണ് എഡി റേഷ്യോ തുടര്‍ച്ചയായ ദിവസങ്ങളില്‍ 1-ന് താഴെ നില്‍ക്കുന്നതിലൂടെ സൂചിപ്പിക്കുന്നത്. ഇതിനിടെ, മിഡ് കാപ്-100 സൂചിക 0.41 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 0.34 ശതമാനവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
അതേസമയം, ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 54 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. 77 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. ഇതിനോടൊപ്പം 90 സ്റ്റോക്കുകള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 170 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍, ചൊവ്വാഴ്ചയും 6 ശതമാനത്തോളം ഇടിഞ്ഞ് 21.30-ലേക്കെത്തിയത് ആശ്വാസമേകി. വിക്‌സ് നിരക്കുകള്‍ 22 നിലവാരത്തിന് താഴേക്ക് വരുന്നത് ബുള്ളുകള്‍ക്ക് പിടിമുറുക്കാനുള്ള സാഹചര്യമൊരുക്കും.
നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 32 എണ്ണം ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 4.50% മുന്നേറിയ ഐഷര്‍ മോട്ടോര്‍സ് നേട്ടക്കണക്കില്‍ മുന്നിലെത്തി. എച്ച്ഡിഎഫ്‌സി, ഡിവീസ് ലാബ്, അദാനി പോര്‍ട്ട്‌സ് ഓഹരികള്‍ 3 ശതമാനത്തിലധികവും ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക് സിമന്റ്, എസ്ബിഐ ലൈഫ് ഓഹരികള്‍ 2.5 ശതമാനത്തിലേറെയും മുന്നേറി.
നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ 18 ഓഹരികളാണ് ഇന്നത്തെ വ്യാപാരത്തില്‍ നഷ്ടം നേരിട്ടത്. 7 ശതമാനത്തോളം വീണ ഹീറോ മോട്ടോ കോര്‍പാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. കമ്പനിയുടെ സാമ്പത്തിക കണക്കുകളില്‍ 1,000 കോടി രൂപയുടെ തിരിമറി ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്ന വാര്‍ത്തയാണ് നഷ്ടത്തിലേക്ക് തള്ളിവിട്ടത്. ഒഎന്‍ജിസി 3%, കോള്‍ ഇന്ത്യ 2.67%, ഐഒസി 1.13%, ഐടിസി 1.07% വീതവും നഷ്ടം നേരിട്ടു.


Click it and Unblock the Notifications