വിപണിയില്‍ 2022-ലെ ഇതുവരെയുള്ള കാലയളവിൽ ഏറ്റവും തിരിച്ചടി നേരിട്ട ആഴ്ചയാണ് കടന്നുപോയത്. പ്രധാന സൂചികകള്‍ 4 ശതമാനത്തോളം ഇടിഞ്ഞു. ഇതോടെ രണ്ട് മാസത്തെ താഴ്ന്ന നിലയിലേക്കാണ് നിഫ്റ്റിയും സെന്‍സെക്‌സും പതിച്ചത്. കൂടാതെ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് വിപണി നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഇതിനോടകം നിഫ്റ്റിയിലെ സമീപകാല ഉയര്‍ന്ന നിലവാരത്തില്‍ (18,115) നിന്നും 1,700 പോയിന്റാണ് നഷ്ടമായത്. പുതിയൊരു വ്യാപാര ആഴ്ചയിലേക്ക് കടക്കുമ്പോള്‍ വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന 7 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.
- റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാലാം പാദഫലത്തെ തുടര്‍ന്നുള്ള ഓഹരിയിലെ നീക്കം വിപണിക്ക് നിര്‍ണായകമാണ്. അടുത്തിടെ വരെ ഈ ഹെവി വെയിറ്റ് ഇന്‍ഡക്‌സ് ഓഹരി ശക്തമായി തുടര്‍ന്നത് സൂചികയിലെ ആഘാതം കുറയാന്‍ സഹായിച്ചിരുന്നു. ഒരു വിഭാഗം അനലിസ്റ്റുകള്‍ റിലയന്‍സ് ഫലം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്.
- എല്‍ഐസി ഐപിഒയില്‍ പങ്കെടുക്കുന്നതിനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. ബിഡ്ഡിങ് ആരംഭിച്ച് 4 ദിവസം പിന്നിടുമ്പോള്‍ 1.66 മടങ്ങ് അപേക്ഷ ലഭിച്ചിട്ടുണ്ട്. ഐപിഒയിലൂടെ 21,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സമാഹരിക്കുന്നത്. അതേസമയം പുതിയ 3 ഐപിഒ കൂടി ഈയാഴ്ച വിപണിയില്‍ അവതരിക്കും.
നാലാം പാദഫലം
300-ലധികം കമ്പനികള്‍ ജനുവരി- മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ഈയാഴ്ചയില്‍ പ്രസിദ്ധീകരിക്കും. എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, അദാനി പോര്‍ട്ട്‌സ്, ലാര്‍സണ്‍ & ട്യൂബ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, യുപിഎല്‍, ഐഷര്‍ മോട്ടോര്‍സ്, ടെക് മഹീന്ദ്ര, വൊഡാഫോണ്‍ ഐഡിയ, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, പെട്രോനെറ്റ് എല്‍എന്‍ജി, ആദിത്യ ബിര്‍ള കാപിറ്റല്‍, അപ്പോളോ ടയേര്‍സ്, ഇമാമി, എസ്‌കോര്‍ട്ട്‌സ്, സി.ഇ.എസ്.സി, ടോറന്റ് പവര്‍, പിവിആര്‍, അജന്ത ഫാര്‍മ, ഇന്ത്യന്‍ ബാങ്ക്, നസാര ടെക്‌നോളജീസ് തുടങ്ങിയ മുന്‍നിര ഓഹരികള്‍ ഈയാഴ്ച നാലാം പാദഫലം പ്രഖ്യാപിക്കും.
വിദേശ നിക്ഷേപകര്‍
യുസ് ഫെഡറല്‍ റിസര്‍വ് പണനയം ശക്തിപ്പെടുത്തുമെന്നും പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കും എന്നുമുള്ള ആശങ്കയില്‍ വിദേശ നിക്ഷേപകരുടെ ഇടവേളയില്ലാതെയുള്ള വില്‍പന ഒരു മാസം കൂടി പിന്നിട്ടു. യുഎസ് ഡോളര്‍ ഇന്‍ഡക്‌സും ബോണ്ട് നിരക്കുകളും മുന്നോട്ട് കുതിക്കുകയാണ്. വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) ശക്തമായി വില്‍പന തുടര്‍ന്നാല്‍ വിപണിക്ക് മുകളിലേക്ക് നീങ്ങുന്നതിന് ബുദ്ധിമുട്ടേറും. കഴിഞ്ഞ ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ വില്‍പനക്കാരുടെ റോളിലേക്ക് മാറിയശേഷം ആഭ്യന്തര സൂചികകള്‍ക്ക് പുതിയ ഉയരങ്ങള്‍ താണ്ടാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞയാഴ്ച 12,700 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിവാക്കിയത്.
സാമ്പത്തിക വിവരങ്ങള്‍
- തിങ്കളാഴ്ച- മാര്‍ച്ച് മാസത്തിലെ ധനക്കമ്മി സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിക്കും.
- വ്യാഴാഴ്ച- വിപണി ഏറെ ആകാംക്ഷയോടെ വീക്ഷിക്കുന്ന ഏപ്രില്‍ മാസത്തിലെ ഉപഭോക്തൃ സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് പ്രസിദ്ധീകരിക്കും. റിസര്‍വ് ബാങ്ക് ഉദാരനയത്തില്‍ നിന്നും പിന്മാറിയതിന് ശേഷം വരുന്ന ആദ്യ പണപ്പെരുപ്പ നിരക്കാണിത്. 7.5 ശതമാനമായിരിക്കും ഏപ്രില്‍ മാസത്തിലെ പണപ്പെരുപ്പം എന്നാണ് നിഗമനം. ഇതിന് മുകളിലുള്ള നിരക്കാണെങ്കില്‍ വിപണിയെ പ്രതികൂലമായി ബാധിക്കാം. മാര്‍ച്ച് മാസത്തില്‍ സിപിഐ പണപ്പെരുപ്പം 6.95 ശതമാനം നിലവാരത്തിലായിരുന്നു.
- വെള്ളിയാഴ്ച- മേയ് ആറിന് അവസാനിച്ച ആഴ്ചയിലെ വിദേശനാണ്യ ശേഖരത്തിന്റെ കണക്കും ഏപ്രില്‍ മാസത്തെ വ്യാപാരക്കമ്മി സംബന്ധിച്ച റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കും.
ആഗോള ഘടകങ്ങള്‍
- ഉക്രൈന്‍ യുദ്ധം- പതിനൊന്നാമത്തെ ആഴ്ചയിലേക്ക് കടന്നു. മേയ് 9-ന് വിജയദിവസം ആഘോഷിക്കുമെന്ന് റഷ്യ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത് സാകൂതം വീക്ഷിക്കും. അതേസമയം റഷ്യയും ഉക്രൈനും തമ്മില്‍ അനുരജ്ഞനത്തിനുള്ള സാധ്യത ഇനിയും തെളിഞ്ഞിട്ടില്ല. വിജയ ദിവസത്തോട് അനുബന്ധിച്ച് സംഘര്‍ഷം ലഘൂകരിക്കുന്ന പ്രഖ്യാപനം റഷ്യയുടെ ഭാഗത്തു നിന്നുണ്ടായാല്‍ വിപണിക്ക് അനുകൂലമാകും.
- പണപ്പെരുപ്പ നിരക്ക്- ആഗോള സമ്പദ് ശക്തികളായ അമേരിക്കയുടേയും ചൈനയുടേയും ഏപ്രില്‍ മാസത്തെ പണപ്പെരുപ്പ നിരക്കുകള്‍ മേയ് 11-ന് പ്രസിദ്ധീകരിക്കും. രണ്ടും വിപണി സശ്രദ്ധം വീക്ഷിക്കുന്ന ഘടകമാണ്.
- ഉയരുന്ന ക്രൂഡോയില്‍ വില- ഈയാഴ്ചയിലും ഉയര്‍ന്നു നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. പണപ്പെരുപ്പ ഭീഷണി നേരിടുന്ന ഇന്ത്യക്ക് എണ്ണയുടെ വില ഉയരുന്നത് തിരിച്ചടിയാണ്. കഴിഞ്ഞയാഴ്ച ബ്രെന്‍ഡ് ക്രൂഡ് ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകള്‍ 112.39 ഡോളറിലാണ് ക്ലോസ് ചെയ്തത്. ആറ് മാസത്തിനുള്ളില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണമായും ഒഴിവാക്കുമെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രസ്താവനയാണ് രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.
ടെക്‌നിക്കല്‍ അനാലിസിസ്
കഴിഞ്ഞയാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയായതോടെ പ്രധാന സൂചികയായ നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടത്. ഇത് വിപണിയിലെ വില്‍പന സമ്മര്‍ദത്തെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ മാര്‍ച്ച്- ഏപ്രില്‍ കാലയളവില്‍ 15,671-ല്‍ നിന്നും 18,115-ലേക്ക് നടന്ന റാലിയുടെ 61.8 ശതമാനം റീട്രേസ്‌മെന്റ് നിലവാരത്തിന് താഴെയാണ് ക്ലോസിങ് എന്നതും വരാനിരിക്കുന്ന വില്‍പന സമ്മര്‍ദത്തിന്റെ സൂചനയാണ്. ഇതിനോടൊപ്പം 'ഹെഡ് & ഷോള്‍ഡേഴ്‌സ്' പാറ്റേണിന്റെ 'നെക്ക്‌ലൈനി'ന് താഴെയാണ് സൂചിക നില്‍ക്കുന്നത് എന്നതും ശുഭസൂചനയല്ല നല്‍കുന്നത്.
നിലവില്‍ നിഫ്റ്റി, 21, 50-ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് നില്‍ക്കുന്നത്. എന്നിരുന്നാലും മൊമന്റം സൂചകമായ സ്റ്റോക്കാസ്റ്റിക് വ്യാപാരം ചെയ്യപ്പെടുന്നത് നെഗറ്റീവ് ക്രോസ്ഓവറോടെയാണ് എന്നത് താഴേക്കുള്ള വീഴ്ച സമീപ ഭാവിയില്‍ പരിമിതപ്പെടുമെന്ന സൂചനയും നല്‍കുന്നുണ്ട്. അതിനാല്‍ 16,200 നിലവാരത്തില്‍ നിന്നും നിഫ്റ്റി പിന്തുണയാര്‍ജിക്കുമെന്നാണ് കരുതുന്നത്. ഈ നിലവാരം തകര്‍ക്കപ്പെട്ടാല്‍ നിഫ്റ്റി 15,800-ലേക്ക് വീഴാം. അതേസമയം തൊട്ടടുത്ത പ്രതിരോധം 16,900- 17,000 നിലവാരത്തില്‍ പ്രതീക്ഷിക്കാം. ബാങ്ക് നിഫ്റ്റിക്ക് 33,800 നിലവാരത്തില്‍ സപ്പോര്‍ട്ടും 36,000 നിലവാരത്തില്‍ പ്രതിരോധവും അനുഭവപ്പെടാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications