തീരാദുരിതം അലയടിക്കുകയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍. തുടര്‍ച്ചയായി ആറാമത്തെ വ്യാപാര ദിനവും സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ ചുവപ്പില്‍ തിരശ്ശീലയിട്ടു. ബിഎസ്ഇ സെന്‍സെക്‌സ് 68.62 പോയിന്റ് ഇടറി 57,232.06 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇ നിഫ്റ്റിയാകട്ടെ, 0.12 ശതമാനം താഴ്ച്ചയോടെ 17,063.25 പോയിന്റുമായി ഇടപാടുകള്‍ നിര്‍ത്തി.
ദിവസത്തിന്റെ ഭൂരിഭാഗവും നേട്ടത്തില്‍ കാലുവെച്ച ശേഷമായിരുന്നു ഇന്ത്യന്‍ സൂചികകളുടെ പിന്‍വാങ്ങല്‍. ഒരുഘട്ടത്തില്‍ 0.8 ശതമാനം വരെയും നേട്ടം കയ്യെത്തിപ്പിടിക്കാന്‍ വിപണിക്ക് സാധിച്ചിരുന്നു. പക്ഷെ തൊട്ടുപിന്നാലെ വില്‍പ്പന കടുത്തു; ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴേക്കും വീണു.
ഇതേസമയം, വിശാല വിപണികള്‍ നേട്ടത്തോടെയാണ് ഇന്നത്തെ കച്ചവടം മതിയാക്കിയത്. ബിഎസ്ഇ മിഡ് കാപ്പ് 0.6 ശതമാനവും ബിഎസ്ഇ സ്‌മോള്‍ കാപ്പ് 0.9 ശതമാനവും വീതം മുന്നേറി. ഉക്രൈന്‍ - റഷ്യ സംഘര്‍ഷം ഒരുഭാഗത്ത് തുടരുന്നുണ്ടെങ്കിലും ആഗോള വിപണികള്‍ ബുധനാഴ്ച്ച പോസിറ്റീവ് ട്രെന്‍ഡിലൂടെയാണ് നടന്നുനീങ്ങിയത്.
'ഇന്നത്തെ മികച്ച തുടക്കം മുതലെടുക്കാന്‍ നിഫ്റ്റിക്ക് കഴിഞ്ഞില്ല. ഓരോ തവണ ഉയരുമ്പോഴും ട്രേഡര്‍മാരും നിക്ഷേപകരും വില്‍പ്പനക്കാരായി മാറുകയാണുണ്ടായത്. എന്തായാലും 1:1 എന്ന നിലയില്‍ നിന്നും അഡ്വാന്‍സ് ഡിക്ലൈന്‍ റേഷ്യോ മെച്ചപ്പെട്ടു. ആഗോള വിപണികളിലെ പോസിറ്റീവ് വികാരം ഇവിടെ തുണയായി. ഹ്രസ്വകാലയളവില്‍ 17,001 - 17,228 റേഞ്ചിലായിരിക്കും നിഫ്റ്റി വ്യാപാരം നടത്തുക', എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ റീടെയില്‍ റിസര്‍ച്ച് മേധാവി ദീപക് ജസാനി പറയുന്നു.
'ചാഞ്ചാട്ടം രൂക്ഷമായിരിക്കെ മാര്‍ക്കറ്റുകള്‍ സാവധാനം താഴേക്ക് ചാഞ്ഞിറങ്ങുകയാണ്. ആഗോള വിപണികളിലെ ആശങ്കകള്‍ ഇന്ത്യയിലും ശക്തമായി ഓളം തല്ലുന്നുണ്ട്. ഇതേസമയം, വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തി പരിശോധിച്ചാല്‍ സമ്മിശ്രമായ ട്രെന്‍ഡാണ് കാണാന്‍ കഴിയുന്നത്. ഇങ്ങനെയൊരു മാര്‍ക്കറ്റ് സാഹചര്യത്തില്‍ നിക്ഷേപകര്‍ പോസിഷനുകള്‍ പരിമിതപ്പെടുത്തുന്നതാണ് ഉചിതം. അടുത്ത നീക്കം എങ്ങോട്ടെന്ന് അറിയുന്നതുവരെ കാത്തിരിക്കാം', റെലിഗേര്‍ ബ്രോക്കിങ്ങിന്റെ വൈസ് പ്രസിഡന്റ് അജിത് മിശ്ര അഭിപ്രായപ്പെടുന്നു.
ബുധനാഴ്ച്ച ഓഹരി വിപണിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയവര്‍ ആരൊക്കെയെന്ന് ചുവടെ കാണാം.
1. യാരി ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ്:
കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് 35 ശതമാനത്തിലേറെ താഴേക്ക് പോയ യാരി ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ് ഇന്ന് ശക്തമായ തിരിച്ചുവരവ് നടത്തി. 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കണ്ട കമ്പനി 65.15 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. താഴേത്തട്ടിലുണ്ടായ വാങ്ങല്‍ യാരി ഡിജിറ്റലിനെ തുണച്ചു.
2. ഓറിയന്റ് ബെല്‍:
സ്‌മോള്‍ കാപ്പ് ടൈല്‍ നിര്‍മാതാക്കളായ ഓറിയന്‍ ബെല്ലും 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിനാണ് ഇന്ന് സാക്ഷിയായത്. 565.45 എന്ന നിലയില്‍ കമ്പനി തിരശ്ശീലയിട്ടു. പ്രതിദിന ചാര്‍ട്ടിലെ ശക്തമായ പോസിറ്റീവ് കാഴ്ച്ചപ്പാടും ഇടപാടുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതും സ്റ്റോക്കിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായി.
3. ബിര്‍ല കേബിള്‍സ്:
ഫൈബര്‍ ഒപ്റ്റിക് കേബിള്‍ നിര്‍മാതാക്കളായ ബിര്‍ല കേബിള്‍സ് ആരോഹണം തുടരുകയാണ്. അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം പ്രഥമ പരിഗണന കല്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ സെക്ടറില്‍ ഒന്നടങ്കം പോസിറ്റീവ് തരംഗം ആഞ്ഞടിക്കുന്നുണ്ട്. ബുധനാഴ്ച്ച 19 ശതമാനം നേട്ടത്തോടെ 132 രൂപ കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു.
4. ബല്‍ ഫാര്‍മ:
റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ കമ്പനിയുടെ റേറ്റിങ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഫാര്‍മസ്യൂട്ടിക്കല്‍ സ്റ്റോക്കായ ബല്‍ ഫാര്‍മ 19 ശതമാനം നേട്ടത്തിലാണ് ഇടപാടുകള്‍ നിര്‍ത്തിയത്. നിലവില്‍ കമ്പനിയുടെ ഓഹരി വില 120.15 രൂപ.
5. പിഎന്‍സി ഇന്‍ഫ്രാടെക്ക്:
റോഡുകളുടെയും ഹൈവേകളുടെയും നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന പിഎന്‍സി ഇന്‍ഫ്രാടെക്കും 11 ശതമാനം നേട്ടത്തോടെയാണ് തിരശ്ശീലയിട്ടത്. ദേശീയ പാത അതോറിറ്റിയുടെ മൂന്നു ഹൈബ്രിഡ് ആന്വിറ്റി ഹൈവേ പദ്ധതികള്‍ സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് സ്റ്റോക്കിന്റെ കുതിപ്പ്. 4,384 കോടി രൂപയുടേതാണ് കരാര്‍. നിലവില്‍ കമ്പനിയുടെ ഓഹരി വില 272.60 രൂപ.
6. റെയ്മണ്ട്:
10 ശതമാനം നേട്ടത്തിലാണ് പ്രമുഖ ടെക്‌സ്റ്റൈല്‍ കമ്പനിയായ റെയ്മണ്ട് ബുധനാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. ടെക്‌സ്റ്റൈല്‍ സെക്ടറില്‍ പ്രതിഫലിക്കുന്ന പോസിറ്റീവ് വളര്‍ച്ചാ കാഴ്ച്ചപ്പാടും പിഎല്‍ഐ സ്‌കീമില്‍ സര്‍ക്കാര്‍ അനുവദിച്ച പുതിയ ഇളവുകളും റെയ്മണ്ടിന്റെ ഉയര്‍ച്ച് കാരണങ്ങളാവുന്നുണ്ട്. നിലവില്‍ കമ്പനിയുടെ ഓഹരി വില 749.85 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications