സീ എന്റര്‍ടെയ്ന്‍മെന്റിന് എന്തുപറ്റി? വിപണിയില്‍ പൊടുന്നനെയുള്ള കമ്പനിയുടെ കയറ്റം കണ്ട് നിക്ഷേപകര്‍ അന്തംവിടുകയാണ്. വ്യാഴാഴ്ച്ച 15 ശതമാനത്തിലേറെ മുന്നേറ്റം സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളില്‍ സംഭവിക്കുന്നു. ബുധനാഴ്ച്ച 256.05 രൂപയില്‍ തിരശ്ശീലയിട്ട കമ്പനി ഇന്ന് 300 രൂപയിലാണ് താളം പിടിക്കുന്നത്.
ബോര്‍ഡ് സമിതി പുനഃസംഘടിപ്പിക്കണമെന്ന 'പിടിവാശി' ഇന്‍വെസ്‌കോ ഉപേക്ഷിച്ച പശ്ചാത്തലത്തിലാണ് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളിലെ പുത്തനുണര്‍വ്. സീ എന്റര്‍ടെയ്ന്‍മെന്റിലെ ഏറ്റവും വലിയ ഓഹരിയുടമകളാണ് ഇന്‍വെസ്‌കോ.
സോണിയുമായുള്ള ലയനം മുന്‍നിര്‍ത്തി അസാധാരണ പൊതുയോഗം വിളിച്ച് ആറു സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിക്കാനായിരുന്നു ഇന്‍വെസ്‌കോ ആദ്യം നീക്കം നടത്തിയത്. എന്നാല്‍ അസാധാരണ യോഗം വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുന്നതായി ഇന്‍വെസ്‌കോ ഡെവലപ്പിങ് മാര്‍ക്കറ്റ്‌സ് ഫണ്ട് ബുധനാഴ്ച്ച അറിയിച്ചു.
'സോണിയുമായുള്ള ലയന കരാറില്‍ സീ എന്‍ര്‍ടെയ്ന്‍മെന്റ് ഏര്‍പ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ സീ ഓഹരിയുടമകള്‍ക്ക് വലിയ സാധ്യതകള്‍ ഈ കരാര്‍ തുറന്നുനല്‍കുന്നുണ്ട്. ലയനത്തിന് ശേഷം ബോര്‍ഡ് സമിതിയുടെ പുനഃസംഘടന നടക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. നിര്‍ദേശിച്ച പ്രകാരം ലയനം പൂര്‍ത്തിയായില്ലെങ്കില്‍ അസാധാരണ യോഗം വിളിച്ച് ചേര്‍ക്കാനുള്ള അവകാശം ഇന്‍വെസ്‌കോ വിനിയോഗിക്കും', പ്രസ്താവനയില്‍ ഇന്‍വെസ്‌കോ ഡെവലപ്പിങ് മാര്‍ക്കറ്റ്‌സ് ഫണ്ട് വ്യക്തമാക്കി.
എന്തായാലും സോണി-സീ ലയനത്തെ മികച്ച തീരുമാനമെന്നാണ് കൊട്ടാക്ക് സെക്യുരിറ്റീസിന്റെ ഫണ്ടമെന്റല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് ജതിന്‍ ദമാനിയ വിശേഷിപ്പിക്കുന്നത്. സോണി-സീ ലയനം വലിയ സാധ്യതകള്‍ തുറന്നുവെയ്ക്കുന്നുണ്ട്. ഇരു കമ്പനികളും സംയോജിക്കുന്നതോടെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ എന്റര്‍ടെയ്ന്‍മെന്റ് ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്കായി ഇവര്‍ മാറും.
ടിവി വ്യൂവര്‍ഷിപ്പില്‍ 28 മുതല്‍ 30 ശതമാനം വരെ മാര്‍ക്കറ്റ് വിഹിതം പ്രതീക്ഷിക്കാം. ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും ശക്തമായ സാന്നിധ്യം സീ എന്റര്‍ടെയ്ന്‍മെന്റിനുണ്ട്. സ്‌പോര്‍ട്‌സ് വിഭാഗത്തിലും സോണിയും മേല്‍ക്കൈ അറിയിക്കുന്നു. ഇരു കമ്പനികളും ലയിക്കുന്നതോടെ ലാഭക്ഷമത കൂടും; നിക്ഷേപ സാധ്യതകള്‍ വര്‍ധിക്കും. ജെയിംസ് മര്‍ഡോക്കില്‍ നിന്നും ഉദയ് ശങ്കറില്‍ നിന്നുമുള്ള ഏതൊരു നിക്ഷേപവും സീയുടെ മത്സരതീവ്രത ഉയര്‍ത്തും.
നിലവില്‍ ഒടിടി രംഗത്താണ് സീയും സോണിയും ഒരുപോലെ ദുര്‍ബലരാവുന്നത്. എന്നാല്‍ ഈ ലയനം ഡിജിറ്റല്‍ രംഗത്തെ വിജയസാധ്യത മെച്ചപ്പെടുത്തും. പുതിയ സംഭവവികാസങ്ങള്‍ അടിസ്ഥാനപ്പെടുത്തി 'ആഡ്' റേറ്റിങ്ങാണ് സീ എന്റര്‍ടെയ്ന്‍മെന്റില്‍ കൊട്ടാക്ക് സെക്യുരിറ്റീസ് നിര്‍ദേശിക്കുന്നത്. 350 രൂപയാണ് ടാര്‍ഗറ്റ് വില. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2:50 സമയം 295.75 രൂപയിലാണ് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികള്‍ ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇടപാടുകള്‍ നടത്തിയത്. 281.65 രൂപ വരെയുള്ള താഴ്ച്ചയും 307.25 രൂപ വരെയുള്ള ഉയര്‍ച്ചയും ഇന്നത്തെ വ്യാപാരത്തിനിടെ സ്റ്റോക്ക് രേഖപ്പെടുത്തി.
കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 16 ശതമാനവും ഒരു മാസം കൊണ്ട് 35 ശതമാനവും നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 378.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 166.80 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികള്‍ സാക്ഷിയാണ്. പിഇ അനുപാതം 27.25. ഡിവിഡന്റ് യീല്‍ഡ് 0.83 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications