മാരുതി സുസുക്കിയുടെ ബജറ്റ് കാറുകളുടെയെല്ലാം പേടി സ്വപ്‌നമായി ടാറ്റ മോട്ടോർസ് അവതരിപ്പിച്ച കുഞ്ഞൻ മൈക്രോ എസ്‌യുവിയാണ് പഞ്ച് (Tata Punch). സേഫ്റ്റിയൊന്നുമില്ലാത്ത ഹാച്ച്ബാക്കുകൾ വാങ്ങിക്കുന്നതിലും നല്ലത് ഇടിപ്പരീക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി സ്വന്തമാക്കിയ ഈ മോഡലാണെന്ന് തിരിച്ചറിയാൻ ഇന്ത്യക്കാർക്ക് അധിക സമയമൊന്നും ആവശ്യമായിരുന്നില്ല. ഗ്ലാമർ വേഷത്തിലെത്തിയ പഞ്ചിനെ ആദ്യ കാഴ്ച്ചയിൽ തന്നെ ഏവരും നെഞ്ചിലേറ്റി. വില കൂടി കേട്ടതോടെ ഷോറൂമിലെത്തുന്നവർക്കെല്ലാം ഈ സ്പോർട് യൂട്ടിലിറ്റി വാഹനം മതിയെന്ന അവസ്ഥയുമായി. ചൂടപ്പം പോലെ വിറ്റഴിഞ്ഞ പഞ്ച് അതിവേഗമാണ് ലക്ഷങ്ങളുടെ വിൽപ്പന കടന്നത്.
കൃത്യമായ ഇടവേളകളിൽ തങ്ങളുടെ മോഡലുകളെ നവീകരിക്കാൻ യാതൊരു മടിയും കാണിക്കാത്ത ടാറ്റ മോട്ടോർസ് ഇപ്പോഴിതാ പഞ്ചിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി വിപണിയിലേക്ക് എത്തുകയാണ്. 2026 ജനുവരി 13-ന് പുത്തൻ വേഷത്തിൽ മൈക്രോ എസ്‌യുവി വിപണിയിലെത്തും. അതിന് മുന്നോടിയായി വാഹനത്തിലെ ഫീച്ചറുകളെല്ലാം ഓരോന്നായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് കമ്പനി.

പെർഫോമൻസിൽ അത്ര കേമനല്ലാതിരുന്ന പഞ്ച് ഇത്തവണ ടർബോ പെട്രോൾ എഞ്ചിൻ ഉൾപ്പെടുത്തുമെന്ന് ടീസർ വീഡിയോ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സർപ്രൈസായി ഹൈപ്പ് കയറ്റിയത് കുഞ്ഞൻ എസ്‌യുവിയിലേക്ക് വരുന്ന മറ്റൊരു ഫീച്ചറാണ് കേട്ടോ. ഏതാണന്നല്ലേ, ADAS എന്നറിയപ്പെടുന്ന അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തോടെയായിരിക്കും പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് എത്തുക. അടുത്തിടെ പുറത്തുവിട്ട ടീസറിൽ പഞ്ചിൽ കൊടുത്തിരിക്കുന്ന ADAS റഡാർ മൊഡ്യൂൾ വ്യക്തമായി കാണാം.
ഇതോടെയാണ് പുതിയ പഞ്ചിന് ADAS ഫീച്ചറുകൾ ലഭിക്കുമെന്ന വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ഈയൊരു സെഗ്മെൻ്റിൽ ആദ്യമായിട്ടാവും എത്തുകയെന്നതും വലിയ പ്രത്യേകതയാണ്. പക്ഷേ ബേസ് വേരിയൻ്റിൽ ഒന്നും ഈയൊരു സേഫ്റ്റി ഫീച്ചർ ലഭ്യമായേക്കില്ല. പകരം മൈക്രോ എസ്‌യുവിയുടെ ഉയർന്ന വേരിയൻ്റുകളിലാവും ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സവിശേഷതകളും പിന്തുണയ്ക്കാൻ എത്തുക.

ടാറ്റയുടെ പുതിയ ഹാരിയർ, സഫാരി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള രൂപമാണ് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഇത്തവണ കടംകൊണ്ടിരിക്കുന്നത്. . മുന്നിൽ സ്ലിം എൽഇഡി ഡിആർഎല്ലുകളും കൂടുതൽ ഷാർക്കും ഹൊറിസോണ്ടലുമായി ഘടിപ്പിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റുകളും മനോഹരമാണ്. ഒരു മിനി നെക്സോൺ പോലെ തോന്നിയേക്കാവുന്ന തരത്തിലാണ് മുൻവശം റീഡിസൈൻ ചെയ്‌തിരിക്കുന്നത്. പിൻഭാഗത്ത് കണക്റ്റഡ് ലൈറ്റ്-ബാർ ഇഫക്റ്റുള്ള പുതിയ എൽഇഡി ടെയിൽലാമ്പുകളാണ് ഇടംപിടിച്ചിരിക്കുന്നത്.
അങ്ങനെ മൊത്തത്തിൽ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ ടാറ്റ എസ്‌യുവികളെപ്പോലെ വിശാലവും കൂടുതൽ പ്രീമിയവുമായ രൂപം ലഭിക്കും. ഇൻ്റീരിയറിലും കാര്യമായ നവീകരണങ്ങൾ കാണാനാവുന്നതായിരിക്കും. അകത്തളത്തിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റീഡിസൈൻ ഡാഷ്‌ബോർഡ് ലേഔട്ട്, ഇലുമിനേറ്റഡ് ലോഗോയുള്ള ടാറ്റയുടെ ഏറ്റവും പുതിയ സ്റ്റിയറിംഗ് വീൽ എന്നിവയുൾപ്പെടെയുള്ളവ വാഹനത്തിൽ വന്നെത്തും.

കൂടാതെ വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഉയർന്ന തലത്തിലുള്ള കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയും ടാറ്റ മോട്ടോർസ് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ വാഗ്‌ദാനം ചെയ്തേക്കാം. മെക്കാനിക്കലായി നോക്കിയാൽ നിലവിലുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ടാറ്റയുടെ ഡ്യുവൽ സിലിണ്ടർ ലേഔട്ട് ഉൾക്കൊള്ളുന്ന സിഎൻജി ഓപ്ഷനും നിലനിർത്താൻ സാധ്യതയുണ്ട്.
അതോടൊപ്പം ഒരു ടർബോ പെട്രോൾ എഞ്ചിനും മൈക്രോ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. പഞ്ചിലെ ഐടർബോ 1.2 ലിറ്റർ-3 സിലിണ്ടർ പെട്രോൾ എഞ്ചിൻ പഴയ ആൾട്രോസ് റേസർ ഉപയോഗിച്ചിരുന്ന അതേ ട്യൂണിലെത്തിയാൽ പെർഫോമൻസ് വേറെ ലെവലാരും. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 118 bhp കരുത്തിൽ പരമാവധി 170 Nm ടോർക്ക് വരെ നിർമിക്കാൻ ശേഷിയുള്ളതാണ്.
Credit: Drivespark


Click it and Unblock the Notifications