ഭവന വായ്പ തിരിച്ചടവ് എന്നത് ദീർഘകാലം നീണ്ടു നിൽക്കുന്ന സാമ്പത്തിക ബാധ്യതയാണ്. സാധാരണ ഗതിയിൽ 15-30 വർഷകാലം നീണ്ടു നിൽക്കുന്ന തിരിച്ചടവാണ് ഭവന വായ്പകളിൽ വരുന്നത്. ഉയർന്ന പലിശ നിരക്ക് കാരണം എടുത്ത വായ്പ തുകയേക്കാളും വലിയ സംഖ്യ പലിശയായി ഭവന വായ്പകളിലേക്ക് അടയ്ക്കേണ്ടി വരാറുണ്ട്. വായ്പ തിരിച്ചടവിൽ ചില കണക്കുകൾ ശ്രദ്ധിച്ചാൽ വായ്പയെടുത്തവർക്ക് വലിയ തുക ലാഭിക്കാൻ സാധിക്കും.
പലിശ 1.15% കുറഞ്ഞാൽ
ആർബിഐ പലിശ നിരക്ക് വർധനവിൽ നിന്ന് പിന്മാറിയതും ഉത്സവ സീസണോട് അനുബന്ധിച്ചുള്ള ഇളവുകളും ഈയിടെ ഭവന വായ്പ പലിശ നിരക്കിൽ ഇളവ് വരാൻ കാരണമായിട്ടുണ്ട്. ഭവന വായ്പ പലിശ നിരക്കുകൾ 9 ശതമാനത്തിന് താഴെ എത്തിയിട്ടുണ്ട്. ഈ അവസരത്തിൽ അറിയേണ്ടൊരു കണക്കാണ് പലിശ നിരക്കിൽ 1.15 ശതമാനം കുറഞ്ഞാൽ എത്ര ലാഭം ലഭിക്കുമെന്നത്.
ഉദാഹരണമായി 10.10 ശതമാനം പലിശ നിരക്കിൽ വായ്പ തിരിച്ചടവ് നടത്തുന്ന വ്യക്തിയുടെ വായ്പ 8.95 ശതമാനത്തിലേക്ക് കുറച്ചാൽ, 40 ലക്ഷത്തിന്റെ 20 വര‍്‍ഷ കാലാവധിയുള്ള വായ്പയിൽ 7.20 ലക്ഷം രൂപ ലാഭിക്കാനാകും. ഈ നേട്ടം ലഭിക്കാൻ ഭവന വായ്പ തിരിച്ചടയ്ക്കുന്നവർ വായ്പ ട്രാൻസ്ഫറിന് ശ്രമിക്കാവുന്നതാണ്.

കണക്കുകൾ ഇങ്ങനെ
10.10 ശതമാനം പലിശ നിരക്കില്‍ 40 ലക്ഷത്തിന്റെ വായ്പ 20 വര്‍ഷ കാലാവധിയില്‍ തിരച്ചടയ്ക്കുമ്പോൾ 38,866 രൂപയാണ് ഇഎംഐയായി വരുന്നത്. ഈ വായ്പയിൽ കാലാവധിയോളം ആകെ 53.28 ലക്ഷം രൂപ പലിശയായി അടയ്‌ക്കേണ്ടി വരും.
അതേസമയം 8.95 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കുമ്പോള്‍ 40 ലക്ഷത്തിന്റെ വായ്പ 20 വര്‍ഷത്തേക്ക് തിരഞ്ഞെടുത്താല്‍ 35,861 രൂപയാണ് പ്രതിമാസ ഇഎംഐ വരുന്നത്. ആകെ അടയ്ക്കേണ്ട തുക 46.06 ലക്ഷം രൂപ. ഇവിടെ തിരിച്ചടവിൽ 7.21 ലക്ഷം രൂപ സമ്പാദിക്കാം.
എങ്ങനെ ഭവന വായ്പ ട്രാൻസ്ഫർ ചെയ്യാം
ഭവന വായ്പ തിരിച്ചടവിൽ ബാക്കി നില്‍ക്കുന്ന തുകയാണ് മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ സാധിക്കുക. ഷെഡ്യൂള്‍ കോമേഷ്യല്‍ ബാങ്കുകള്‍, സ്വകാര്യ, വിദേശ ബാങ്കുകള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയില്‍ നിന്ന് വായ്പ ബാങ്കുകൾ മാറ്റാന്‍ സാധിക്കും. ഭവന വായ്പ ഈടിന്റെ വിവിധ രേഖകളും ആവശ്യമുണ്ട്.
വസ്തു സംബന്ധിച്ച നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വില്പനയ്ക്കുള്ള രജിസ്‌ട്രേഡ് കരാര്‍ തുടങ്ങിയവ ആവശ്യമുണ്ട്. അപേക്ഷകന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും 6 മാസത്തെ സ്റ്റേറ്റ്‌മെന്റ് ആവശ്യമാണ്. ശമ്പളക്കാരാണെങ്കില്‍ വരുമാനം തെളിയിക്കുന്നതിനായി 3 മാസത്തെ പേ സ്ലിപ്പോ സാലറി സര്‍ട്ടിഫിക്കറ്റോ നല്‍കണം. 2 സാമ്പത്തിക വര്‍ഷങ്ങളിലെ ആദായ നികുതി റിട്ടേണോ 2 വര്‍ഷത്തെ ഫോം 16 പകര്‍പ്പോ ആവശ്യമായി വരും.
ശ്രദ്ധിക്കണം ഈ കാര്യം
കുറഞ്ഞ പലിശ നിരക്കാണ് പുതിയ ബാങ്കിലേക്ക് ആകർഷിക്കുന്നതെങ്കിലും ചെലവുകളും മറ്റ് കാര്യങ്ങളും അറിയേണ്ടതുണ്ട്. പ്രീ പെയ്‌മെന്റ് ചാര്‍ജുകള്‍, പുതിയ വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ്, സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജ്, ലീഗല്‍ ഫീ തുടങ്ങിയ അധിക ചെലവുകൾ വായ്പകാരൻ വഹിക്കേണ്ടി വരും. വായ്പാ കാലാവധി ദീര്‍ഘമായതാണെങ്കില്‍ മാത്രമേ വായ്പാ കൈമാറ്റത്തിലൂടെയുള്ള പരമാവധി നേട്ടം വായ്പകാരന് ലഭിക്കുകയുള്ളൂ.
ഇതോടൊപ്പം വായ്പ മാറ്റുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ പറ്റി അറിയണം. പലിശയ്ക്ക് മാത്രം പ്രാധാന്യം നൽകാതെ ബാങ്കിന്റെ ട്രാക്ക് റെക്കോര്‍ഡ്, അവലോകനങ്ങള്‍, വിവരങ്ങളുടെ സുതാര്യത എന്നിവ പരിശോധിക്കണം. ദീർഘകാലത്തേക്ക് ബാങ്കുമായി ബന്ധപ്പെടേണ്ടതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.


Click it and Unblock the Notifications