നിക്ഷേപങ്ങളിലൂടെ വലിയ സാമ്പത്തിക നേട്ടം ഉറപ്പാക്കാൻ സാധിക്കും. എന്നാൽ അവ സുരക്ഷിത നിക്ഷേപമാണോ എന്നതും ചിന്തിക്കേണ്ടതാണ്. കാരണം മാർക്കറ്റ് ലിങ്ക്ഡ് നിക്ഷേപങ്ങൾ പലപ്പോഴും വലിയ കോർപ്പസ് സൃഷ്ടിക്കും, പക്ഷേ അപകട സാധ്യതയും കൂടുതലാണ്. സുരക്ഷിതമായി നിക്ഷേപിക്കാവുന്ന, അപകട രഹിതമായി നിക്ഷേപങ്ങളാണ് എഫ്.ഡികൾ. അതിനാലാണ് എഫ്.ഡി ഇത്രയും ജനകീയമാവുന്നത്.
രാജ്യത്തെ എല്ലാ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും (NBFC-കൾ) വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങൾ, ഒരു നിശ്ചിത കാലയളവിലേക്ക് ഒരു വലിയ തുക നിക്ഷേപിക്കാൻ നിങ്ങളെ അനുവദിക്കുന്നു. എഫ്.ഡികളുടെ പ്രാഥമിക ആകർഷണം അവയുടെ സുരക്ഷയും പലിശയുമാണ്. മാത്രമല്ല 5 വർഷത്തെ എഫ്.ഡികൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി കിഴിവുകൾ ലഭിക്കാനും സാധ്യതയുണ്ട്.
ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം, വ്യക്തികൾക്ക് അവരുടെ 5 വർഷത്തെ എഫ്ഡി നിക്ഷേപങ്ങളിൽ പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നികുതി കിഴിവ് അവകാശപ്പെടാം. ഇത് നിക്ഷേപങ്ങൾക്ക് വലിയ തോതിൽ ലാഭം ഉറപ്പാക്കാനുള്ള വഴിയൊരുക്കും.
വിവിധ ബാങ്കുകളായ എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി തുടങ്ങിയ മുൻനിര ബാങ്കുകൾ 5 വർഷത്തെ കാലാവധിയുള്ള എഫ്.ഡികൾക്ക് എത്രയാണ് പലിശ വാഗ്ദാനം ചെയ്യുന്നതെന്നും 10 ലക്ഷത്തിന്റെ നിക്ഷേപങ്ങളിലൂടെ എത്ര രൂപ വരുമാനം ഉറപ്പാക്കാമെന്നും നോക്കാം. ബാങ്കുകൾക്കൊപ്പം പോസ്റ്റ് ഓഫീസും 5 വർഷത്തെ എഫ്.ഡി നൽകുന്നു. ഇവിടെ സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കും ലഭിക്കുന്ന പലിശ നിരക്കും വിശദമായി നോക്കാം.
1. എസ്.ബി.ഐ എഫ്.ഡി- 10 ലക്ഷം നിക്ഷേപം...
5 വർഷത്തെ എസ്.ബി.ഐ എഫ്.ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.50% പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 7.50% പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
ഈ പലിശ നിരക്ക് അനുസരിച്ച് 5 വർഷത്തെ എഫ്.ഡിയിൽ സാധാരണ നിക്ഷേപകർ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 13,80,420 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും. ഇതേ നിക്ഷേപത്തിന് ഒരു മുതിർന്ന പൗരൻമാർക്ക് 14,49,948 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും.

2. പഞ്ചാപ് നാഷണൽ ബാങ്ക് എഫ്.ഡി- 10 ലക്ഷം നിക്ഷേപം
പി.എൻ.ബി അഥവാ പഞ്ചാപ് നാഷണൽ ബാങ്കിൻ്റെ എഫ്.ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.50% പലിശയാണ് ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 7.00% പലിശയും ലഭിക്കും.
അതായത് 5 വർഷത്തേക്ക് 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന മൊത്തം തുക 13,80,420 രൂപയാണ്. ഇതേ നിക്ഷേപത്തിന് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത് 14,14,778 രൂപയാവും.
3. എച്ച്.ഡി.എഫ്.സി ബാങ്ക് എഫ്.ഡി- 10 ലക്ഷം നിക്ഷേപം...
5 വർഷത്തെ എച്ച്.ഡി.എഫ്.സി ബാങ്ക് എഫ്.ഡിയിൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നത് 7.00% പലിശ നിരക്കാണ്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.50% പലിശ ഉറപ്പാക്കാം.
ഇവിടെ സാധാരണ നിക്ഷേപകൻ 10 ലക്ഷം നിക്ഷേപിച്ചാൽ 5 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ 14,14,778 രൂപയാണ് മെച്യൂരിറ്റി തുകയായി ലഭിക്കുന്നത്. ഇതേ 10 ലക്ഷം നിക്ഷേപത്തിന് മുതിർന്ന പൗരന് ലഭിക്കുന്ന മെച്യൂരിറ്റി തുക 14,49,948 രൂപയായിരിക്കും.
4. ഐ.സി.ഐ.സി.ഐ ബാങ്ക് എഫ്.ഡി- 10 ലക്ഷം നിക്ഷേപം....
5 വർഷത്തെ കാലാവധിയുള്ള ഐ.സി.ഐ.സി.ഐ ബാങ്ക് എഫ്.ഡിയിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ഇവിടെ സാധാരണ നിക്ഷേപകർക്ക് 7.00% പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 7.50% പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
ഐ.സി.ഐ.സി.ഐയുടെ 5 വർഷത്തെ എഫ്ഡിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 14,14,778 രൂപ ലഭിക്കും.
ഇതേ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 14,49,948 രൂപയാണ് മെച്യൂരിറ്റി തുകയായി ലഭിക്കുന്നത്.
5. പോസ്റ്റ് ഓഫീസ് എഫ്.ഡി- 10 ലക്ഷം നിക്ഷേപം...
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ എല്ലാ നിക്ഷേപകർക്കും ഒരുപോലെ 7.50% പലിശയാണ് നൽകുന്നത്. ഇവിടെ 5 വർഷത്തെ എഫ്ഡിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 14,49,948 രൂപ ലഭിക്കും.


Click it and Unblock the Notifications