ശക്തമായ ആവശ്യകത നിലനില്‍ക്കുന്നതും പലിശ നിരക്ക് താഴ്ന്ന നിലയില്‍ തുടരുന്നതും കാരണം റിയാല്‍റ്റി ഓഹരികള്‍ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ റിയാല്‍റ്റി ഓഹരികള്‍ക്ക് സഹജമായ കഴിവുണ്ടെന്നതും അടുത്തിടെ ഈ വിഭാഗം കമ്പനികളുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ഭീഷണിയാണെങ്കിലും വില്‍പ്പന വിലയുടെ 10 ശതമാനം വര്‍ധിപ്പിച്ചാല്‍ തന്നെ ഇതെല്ലാം പരിഹരിക്കാനാവും. ഇതിനിടെ പ്രമുഖ റിയാല്‍റ്റി കമ്പനിയായ ശോഭയില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്ത് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ശോഭ
മലയാളിയായ പിഎന്‍സി മേനോന്‍ 1995-ല്‍ ബംഗളൂരു കേന്ദ്രീകരിച്ച് ആരംഭിച്ച കെട്ടിട നിര്‍മാണ കമ്പനിയാണ് ശോഭ ലിമിറ്റഡ്. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍, ബോഷ്, ബയോകോണ്‍, താജ്, ഐടിസി ഗ്രൂപ്പ് ഹോട്ടലുകള്‍ക്ക് വേണ്ട നിര്‍മാണ പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിലൂടെ പ്രശ്സ്തിയിലേക്ക് ഉയര്‍ന്നു. ഇന്ന് രാജ്യത്തെ കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ മുന്‍നിര കമ്പനിയാണ് ശോഭ വളര്‍ന്നു കഴിഞ്ഞു. ശോഭ ഇന്റീരിയര്‍സ് ഡിവിഷന്‍, ശോഭ ഗ്ലേസിങ് & മെറ്റല്‍ വര്‍ക്ക്‌സ്, ശോഭ കോണ്‍ക്രീറ്റ് പ്രോഡക്ട്‌സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലടക്കം ബിസിനസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അനുകൂല ഘടകം
ശോഭ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നാലാം പാദത്തില്‍ കമ്പനിയുടെ വില്‍പന 4 ശതമാനം ഉയര്‍ന്ന് 1,100 കോടിയാണ്. 13.4 ലക്ഷം ചതുരശ്ര അടി വിസ്തൃതയിലുള്ള കെട്ടിടം കൈമാറി. ഇതുവരെ നേടിയിട്ടുള്ള ഉയര്‍ന്ന വിലയായ ചതുരശ്ര അടിക്ക് 8,265 രൂപയ്ക്കാണ് കൈമാറ്റം. സമാനമായി 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകളും മെച്ചപ്പെട്ടു. ആകെ 49.1 ലക്ഷം ചതുരശ്ര അടി വിസ്തൃതി കെട്ടിടമാണ് വില്‍പന നടത്തിയത്. ഇതിലൂടെ 3,870 കോടിയാണ് കമ്പനി വരുമാനം നേടിയെന്നാണ് വിലയിരുത്തല്‍. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക കണക്കാണ്.
ഓഹരി വിശദാംശം
ശോഭ ലിമിറ്റഡിന്റെ ഓഹരികളില്‍ 52 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. ഇതില്‍ 20.28 ശതമാനം ഓഹരികളും ഈട് വച്ചിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 18.06 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 12.65 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.49 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 241.14 എന്ന നിരക്കിലാണ്. റിയാല്‍റ്റി ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 41.98 ആയിരിക്കുമ്പോള്‍ ശോഭയുടേത് 65.05 നിലവാരത്തിലാണ് ഉള്ളത്. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം 6,724 കോടിയാണ് മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍.
സാമ്പത്തികം
കോവിഡിന് മുന്നേയുള്ള കാലഘടത്തില്‍ ശോഭ ലിമിറ്റഡിന്റെ (BSE: 532784, NSE: SOBHA) വരുമാനത്തിലും ലാഭത്തിലും ക്രമാനുഗത വളര്‍ച്ച സ്പഷ്ടമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 668 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 2.37 ശതമാനം ഇടിവാണ് കാണിക്കുന്നത്. മൂന്നാം പാദത്തിലെ അറ്റാദായം 32.70 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 51 ശതമാനം വര്‍ധനവാണ്. ഇതോടെ പ്രതിയോഹരി വരുമാനം 2.28 രൂപയില്‍ നിന്നും 3.45-ലേക്ക് മെച്ചപ്പെട്ടു.
ലക്ഷ്യവില 902
വെള്ളിയാഴ്ച 709 രൂപയിലാണ് ശോഭ ലിമിറ്റഡിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 902 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 28 ശതമാനം ലാഭം നേടാനാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 1,045 രൂപയും കുറഞ്ഞ വില 443 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 17 ശതമാനം തിരുത്തല്‍ നേരിട്ടു. ഇതോടെ ഒരു വര്‍ഷത്തെ നേട്ടം 41 ശതമാനത്തിലേക്കും ചുരുങ്ങി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications