തുടര്‍ച്ചയായ രണ്ട് അവധികള്‍ കാരണം വ്യാപാര ആഴ്ച മൂന്ന് ദിവസമായി ചുരുങ്ങിയതിനിടെ വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലൂടെ നീങ്ങുകയാണ്. നാലാം പാദ പ്രവര്‍ത്തനഫലം കോര്‍പ്പറേറ്റ് കമ്പനികള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ജാഗ്രതയും വിപണിയെ ചാഞ്ചാട്ടത്തിലേക്ക് തള്ളിവിടുന്നു. എന്നിരുന്നാലും ടെക്‌നിക്കല്‍ അനാലിസിസിലൂടെ വിലയിരുത്തുമ്പോള്‍ ബ്രേക്കൗട്ടിന്റെ വക്കിലുള്ളതും കുതിച്ചു പായുന്നതുമായ ഓഹരികളെ കണ്ടെത്തുന്നതിനും ക്ഷാമമില്ല. ഇത്തരത്തില്‍ കുതിപ്പിലുള്ള ചില ഓഹരികളെയാണ് താഴെ ചേര്‍ക്കുന്നത്. ഇവയിലൂടെ ഹ്രസകാല നേട്ടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്രാഫൈറ്റ് ഇന്ത്യ
വിവിധ കാര്‍ബണ്‍, ഗ്രാഫൈറ്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന മിഡ് കാപ് കമ്പനിയാണ് ഗ്രാഫൈറ്റ് ഇന്ത്യ (BSE: 509488, NSE: GRAPHITE). കഴിഞ്ഞ നാല് മാസമായി ഓഹരിയില്‍ കുതിപ്പിനുള്ള വട്ടുകൂട്ടുകയാണ്. ദിവസ ചാര്‍ട്ട് പരിശോധിച്ചാല്‍ ഓഹരി കയറുമ്പോള്‍ ഇടപാടുകള്‍ (Volume) കൂടുന്നതായും വില ഇറങ്ങുമ്പോള്‍ വോളിയം കുറയുന്നതായും കാണാനാവും. ഇതിനോടാകം 200 ദിവസ എസ്എംഎ നിലവാരം മറികടക്കാനും സാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 578 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. വൈകാതെ തന്നെ ഓഹരി 614-ലേക്ക് എത്തുമെന്നാണ് ഏഞ്ചല്‍ വണ്‍ സൂചിപ്പിച്ചത്.
ലുപിന്‍
ഫാര്‍മ മേഖലയിലെ ലാര്‍ജ് കാപ് കമ്പനിയാണ് ലുപിന്‍ (BSE: 500257, NSE: LUPIN). അടുത്തിടെ നേരിട്ട തിരുത്തലിന് ശേഷം 740 നിലവാരത്തില്‍ ഓഹരി പിന്തുണയാര്‍ജിച്ചിട്ടുണ്ട്. നിലവില്‍ 50- ദിവസ എസ്എംഎ നിലവാരത്തിന് സമീപമാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ദിവസ ചാര്‍ട്ടില്‍ ബുള്ളിഷ് സൂചനയായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ഓഹരിക്ക് 780 നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാനും സാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച 782 നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരിയുടെ തൊട്ടടുത്തുള്ള ലക്ഷ്യവില 840 രൂപയാണെന്ന് കൊട്ടക് സെക്യൂരീറ്റീസ് ചൂണ്ടിക്കാട്ടി.
അപ്പോളോ ടയേര്‍സ്
ഓഹരിയില്‍ സ്പഷ്ടമായ റിവേഴ്‌സല്‍ പാറ്റേണ്‍ ദൃശ്യമായിട്ടുണ്ട്. ഇതിന് പിന്നാലെ അപ്പോളോ ടയേര്‍സ് (BSE: 500877, NSE: APOLLOTYRE) ഓഹരി തുടര്‍ച്ചയായി 10-ദിവസ എസ്എംഎ നിലവാരത്തിന് മുകളിലാണ് നില്‍ക്കുന്നത്. കൂടാതെ ദിവസ ചാര്‍ട്ടില്‍ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച 50 ദിവസ എസ്എംഎ നിലവാരത്തിന് മുകളില്‍ ഓഹരിക്ക് ക്ലോസ് ചെയ്യാനും സാധിച്ചിട്ടുണ്ട്. വോളിയം കൂടുന്നതും അനുകൂല ഘടകമാണ്. നിലവില്‍ 202 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ഇവിടെ നിന്നും 220 രൂപയിലേക്ക് ഹ്രസ്വകാലയളവില്‍ ഓഹരിക്ക് മുന്നേറാനാകുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് അറിയിച്ചു.
മാക്‌സ് ഫിനാന്‍ഷ്യല്‍
സമീപകാല തിരുത്തലിന് ശേഷം മാക്‌സ് ഫിനാന്‍ഷ്യല്‍ (BSE: 500271, NSE: MFSL) ഓഹരി 700 രൂപ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിക്കുകയും ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു. ഇതിന് ശേഷം 20- ദിവസ എസ്എംഎ നിലവാരത്തിന് മുകളിലാണ് ഓഹരി നില്‍ക്കുന്നത് എന്നതും അനുകൂല ഘടകമാണ്. അതിനാല്‍ 770 അല്ലെങ്കില്‍ 20-ഡിഎസ്എംഎ നിലവാരം ശക്തമായ സപ്പോര്‍ട്ട് നല്‍കുന്നു. ഇതിന് മുകളില്‍ തുടരുന്നിടത്തോളം ഓഹരി 860 നിലവാരത്തിലേക്ക് കുതിക്കാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. അതേസമയം, തിങ്കളാഴ്ച രാവിലെ 799 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
ഐഒസി
2021 ഡിസംബറിന് ശേഷമുള്ള താഴ്ന്ന നിലവാരവും ശക്തമായ സപ്പോര്‍ട്ട് മേഖലയുമായ 109 നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (BSE: 530965, NSE: IOC) ഓഹരികള്‍ ശക്തമായി തിരിച്ചുവന്നു. ഇതിനു ശേഷം ഓഹരിയുടെ ചാര്‍ട്ടില്‍ മുന്നേറുന്നതിന്റെ സൂചനയായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ തെളിഞ്ഞിട്ടുണ്ട്. ഈയാഴ്ച ഉയര്‍ന്ന വോളിയത്തോടെ സമീപകാല ഉയര്‍ന്ന നിലവാരവും ഓഹരി ഭേദിച്ചിട്ടുണ്ട്. 14-ദിവസ ആര്‍എസ്‌ഐ ഉയരുന്നതും 20- ദിവസ എസ്എംഎ നിലവാരത്തിന് മുകളില്‍ തുടരുന്നതും ഓഹരിയെ 144 രൂപ നിലവാരത്തിലേക്ക് എത്തിക്കുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സൂചിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 126 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications