ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കാനില്ലാത്തവര്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗമാണ് ആവര്‍ത്തന നിക്ഷേപം. മാസത്തില്‍ നിശ്ചിത തുക നിശ്ചിത കാലത്തേക്ക് അടയ്ക്കുന്നതാണ് ആവർത്തന നിക്ഷേപത്തിലെ രീതി. നിക്ഷേപിച്ച തുകയ്‌ക്കൊപ്പം പലിശയും കാലാവധിയിൽ ലഭിക്കും. ജനപ്രീയമായ ആവർത്തന നിക്ഷേപം പോസ്റ്റ് ഓഫീസ് ആർഡി തന്നെയാണ്. പോസ്റ്റ് ഓഫീസ് കൂടാതെ ബാങ്കുകളും ആവർത്തന നിക്ഷേപം സ്വീകരിക്കുന്നുണ്ട്.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി തുടങ്ങിയിട്ടുണ്ട്. ഇത് പ്രകാരം ആവർത്തന നിക്ഷേപങ്ങൾക്കും നിരക്ക് വർധനവ് ലഭിച്ചിട്ടുണ്ട്. അതേസമയം എല്ലാ സാമ്പത്തിക പാദങ്ങളിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കാറുണ്ട്. എട്ട് പാദങ്ങളിലായി പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ മാറിയിട്ടില്ല.
ഈ സാഹചര്യത്തിൽ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം നടത്തുന്നതാണോ ബാങ്കുകളിലേക്ക് മാറുന്നതാണോ നല്ലതെന്ന ചോദ്യം നിക്ഷേപകരിൽ ഉയർന്നിട്ടുണ്ട്. പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപവും എസ്ബിഐ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ആവര്‍ത്തന നിക്ഷേപവും താരതമ്യം ചെയ്യാം.
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം
തപാല്‍ വകുപ്പിന്റെ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് 5.8 ശതമാനമാണ് പലിശ നിരക്ക്.. 5 വര്‍ഷമാണ് കാലാവധി. 5 വർഷത്തേക്ക് നിക്ഷേപം നീട്ടാനും സാധിക്കും. ഇത്തരത്തില്‍ നീട്ടുകയാണെങ്കില്‍ അക്കൗണ്ട് ആരംഭിക്കുന്ന സമയത്തെ പലിശ നിരക്ക് തന്നെയാണ് ലഭിക്കുക.
സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കും ഒരേ നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപം അനുവദിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും നിക്ഷേപത്തിന്റെ പലിശ നിരക്ക് പരിശോധിക്കും. എന്നാൽ ജൂലായ് - സെപ്റ്റംബര്‍ പാദത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയില്ല.
എച്ച്ഡിഎഫ്‌സി ബാങ്ക് ആവര്‍ത്തന നിക്ഷേപം
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് പലിശ നിരക്ക് മാറാതെ നിൽക്കുമ്പോൾ എച്ച്ഡിഎഫ്സി ബാങ്കിലേക്ക് നോക്കിയാൽ നിക്ഷേപകർക്ക് നേട്ടമുണ്ട്. 6 മാസം മുതല്‍ 120 മാസം വരെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ആവര്‍ത്തന നിക്ഷേപം സ്വീകരിക്കുന്നത്.
ഇതിന് 3.7 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശ ബാങ്ക് നല്‍കുന്നു. സാധാരണ നിക്ഷേപകര്‍ക്ക് 5.7 ശതമാനം പലിശയാണ് 5 വര്‍ഷത്തേക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 വര്‍ഷത്തേക്കുള്ള ആവർത്തന നിക്ഷേപത്തിന് 6.2 ശതമാനം പലിശ നല്‍കും. ഇത് പോസ്റ്റ് ഓഫീസ് ആർഡിയേക്കാൾ ഉയർന്ന നിരക്കാണ്.
ഐസിഐസിഐ ബാങ്ക് ആവര്‍ത്തന നിക്ഷേപം
6 മാസം മുതല്‍ 10 വര്‍ഷം വരെ ഐസിഐസിഐ ബാങ്ക് ആവര്‍ത്തന നിക്ഷേപം അനുവദിക്കുന്നുണ്ട്. 3.70 ശതമാനം മുതല്‍ 5.75 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. 5 വര്‍ഷത്തേക്ക് 5.70 ശതമാനവും ഇതിന് ശേഷമുള്ള കാലയളവില്‍ 5.75 ശതമാനവുമാണ് നിരക്ക്. മുതിര്‍ന്ന പൗരന്മാർക്ക് 5 വര്‍ഷത്തേക്ക് 6.20 ശതമനം പലിശ ഐസിഐസിഐ ബാങ്ക് നൽകും.
എസ്ബിഐ ആവര്‍ത്തന നിക്ഷേപം
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ അതേ നിരക്കാണ് ആവര്‍ത്തന നിക്ഷേപത്തിനും നല്‍കുന്നത്. 1 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കാണ് എസ്ബിഐയില്‍ ആവര്‍ത്തന നിക്ഷേപം സ്വീകരിക്കുന്നത്. 5 വര്‍ഷത്തേക്കുള്ള ആവര്‍ത്തന നിക്ഷേപത്തിന് 5.50 ശതമാനമാണ് പലിശ നിരക്ക്.
ഉയര്‍ന്ന കാലാവധിക്ക് 5.50 ശതമാനം പലിശയും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.30 ശതമാനമാണ് നിരക്ക്. ഇതും പോസ്റ്റ് ഓഫീസ് നൽകുന്നതിനെക്കാൾ മികച്ച പലിശയാണ്. 3-5 വര്‍ഷം വരെയുള്ള കാലയളവില്‍ 5.4 ശതമാനം പലിശയും ലഭിക്കും.


Click it and Unblock the Notifications