ഇന്നത്തെ കാലത്ത് മിക്കവരും വ്യക്തിഗത ചെലവുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരായിരിക്കും. ബില്ലുകളടയ്ക്കാനും ഷോപ്പിംഗുകൾക്കും വലിയ സൗകര്യമാണ് ക്രെഡിറ്റ് കാർഡുകൾ വഴി സാധിക്കുന്നത്. എന്നാൽ ക്രെഡിറ്റ് കാർഡ് ചെലവാക്കലുകളിലെ പ്രതിസന്ധി ക്രെഡിറ്റ് ലിമിറ്റാണ്.
ഒരു മാസത്തിൽ നിശ്ചിത തുക മാത്രമെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെലവഴിക്കാൻ സാധിക്കുകയുള്ളൂ. ഓരോ കമ്പനി അനുസരിച്ചും ഉപഭോക്താവ് അനുസരിച്ചും ക്രെഡിറ്റ് കാർഡ് പരിധി വ്യത്യസ്തമായിരിക്കും. ക്രെഡിറ്റ് കാർഡിൽ തുടക്കകാരാണെങ്കിൽ ചെറിയ ക്രെഡിറ്റ് പരിധിയുള്ള കാർഡാണ് ലഭിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം ലഭിക്കുന്ന ഇവയില്‍ ക്രെഡിറ്റ് ലിമിറ്റിനും ക്യാഷ്ബാക്ക്/ റിവാര്‍ഡുകള്‍ക്കും പരിധിയും പരിമിതികളും ഉണ്ടാകും. ഇതിനാല്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ട്രാക്കിലായവരിൽ കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യുക എന്നതാണ് അടുത്ത ലക്ഷ്യം. വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ചും ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിക്കുന്നതിന് അനുസരിച്ചും കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യാം. കാര്‍ഡ് അപ്‌ഗ്രേഡിന് മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും എങ്ങനെ കാർഡുകൾ അപ്‌ഗ്രേഡ് ചെയ്യാമെന്നും നോക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓരോ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന പ്രത്യേകം ക്രെഡിറ്റ് കാര്‍ഡുകളാണ് വിപണിയിലുള്ളത്. പ്രത്യേക വിഭാഗത്തില്‍ ചെലവാക്കുന്നതിന് അധിക ഇളവും മറ്റു ചെലവുകള്‍ക്ക് സാധാരണ ആനുകൂല്യങ്ങളും ലഭിക്കും. ഓരോരുത്തരുടെയും ആവശ്യങ്ങൾക്കുള്ള കാർഡാവണം അപ്‌ഗ്രേഡ് ചെയ്യേണ്ടത്.
കാർഡിൽ അനുവദിച്ചിട്ടുള്ള ഓഫറുകളും നിബന്ധനകളും കൃത്യമായി വായിക്കണം. റിവാര്‍ഡ് വഴിയോ, ക്യാഷ് ബാക്ക് വഴിയോ നേരിട്ട് ഇളവുകളായാണോ വാല്യു ബാക്ക് ലഭിക്കുന്നതെന്ന് നോക്കാം. ഉയർന്ന ക്രെഡിറ്റ് ലിമിറ്റ് അനുവദിക്കുന്ന മികച്ച കാര്‍ഡുകള്‍ക്ക് പൊതുവെ അടിസ്ഥാന ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ ഉയര്‍ന്ന വാര്‍ഷിക ഫീസ് ഉണ്ടാകും. വാര്‍ഷിക ഫീസിനോട് നീതി പുലർത്തുന്ന ആനുകൂല്യങ്ങളാണോ എന്ന് പരിശോധിക്കാം.

പുതിയ കാർഡ്
ക്രെഡിറ്റ് കാർഡ് പരിധി ഉയർത്താൻ ഉയർന്ന പരിധി വാഗ്ദാനം ചെയ്യുന്ന പുതിയ കാർഡിന് അപേക്ഷിക്കുക എന്നതാണ് ഏറ്റവും എളുപ്പവഴി. അധിക ക്രെഡിറ്റ് കാർഡുകൾ കയ്യിലെത്തുമ്പോൾ വിവിധ കാർഡുകളിലായി ഉയർന്ന ചെലവാക്കൽ പരിധി ലഭിക്കും. ഇവയുടെ ബില്ലുകൾ കൃത്യ സമയത്ത് അടച്ചു തീർക്കുന്നത് നല്ലൊരു ക്രെഡിറ്റ് സ്കോർ നിലനിർത്താൻ സഹായിക്കും.
ബാങ്കിനോട് അപേക്ഷിക്കാം
നിലവിലുള്ള ക്രെഡിറ്റ് കാർഡ് പരിധി വർധിപ്പിക്കാൻ ബാങ്കിനോട് അപേക്ഷ നൽകാം. മികച്ച ക്രെഡിറ്റ് ചരിത്രമുള്ള ഉപഭോക്താവാണെങ്കിൽ ബാങ്ക് കാർഡിന്റെ ക്രെഡിറ്റ് ലിമിറ്റ് ഉയർത്തും. ക്രെഡിറ്റ് ചരിത്രം, ക്രെഡിറ്റ് സ്കോർ, വരുമാനം എന്നിവയെല്ലാം പരിഗണിച്ചാണ് ഈ തീരുമാനത്തിലെത്തുക. ഒന്നിലധികം ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു കാർഡിന്റെ ക്രെഡിറ്റ് ലിമിറ്റ് വർധിപ്പിക്കാം.

വർഷത്തിൽ വർധനവ്
മികച്ച രീതിയിൽ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് നടത്തുന്ന വ്യക്തിയാണെങ്കിൽ മിക്ക ബാങ്കുകളും വാർഷിക അടിസ്ഥാനത്തിൽ ക്രെഡിറ്റ് ലിമിറ്റ് വർധിപ്പിച്ച് നൽകാറുണ്ട്. ഇത്തരം ഓഫറുകൾ സ്വീകരിച്ച് ക്രെഡിറ്റ് പരിധി ഉയർത്താം. ആവശ്യമില്ലെങ്കിലും ക്രെഡിറ്റ് കാർഡ് പരിധി വർധനവ് പ്രയോജനപ്പെടുത്താം. അത്യാവശ്യ ഘട്ടങ്ങളിൽ അധിക ക്രെഡിറ്റ് ആവശ്യമാകുന്ന ഘട്ടങ്ങളിൽ ഇത് ഉപയോഗപ്പെടുത്താം.
ക്രെഡിറ്റ് സ്കോർ ഉയർത്തുക
ക്രെഡിറ്റ് കാർഡിന്റെ ക്രെഡിറ്റ് ലിമിറ്റിനെ ബാധിക്കുന്ന ഘടകമാണ് ക്രെഡിറ്റ് സ്കോർ. ഇതിനാൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തണ്ടതുണ്ട്. ഇതിനായി തിരിച്ചടവ് മുടങ്ങാതെ സൂക്ഷിക്കുക. കൃത്യമായ തിരിച്ചടവ് നേടുന്ന വ്യക്തിക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ലഭിക്കും. ഇതിനൊപ്പം മിനിമം തുക മാത്രം അടച്ച് മുന്നോട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കണം.
മിനിമം തുക അടയ്ക്കുന്നത് ക്രെഡിറ്റ് സ്കോറിനെ സുരക്ഷിതമാക്കുമെങ്കിലും ഭാവിയിൽ ബാധ്യത വരാൻ സാധ്യത കൂടുതലാണ്. ഇതോടൊപ്പം ബില്ലുകൾ അടച്ചു തീർത്ത ശേഷം മാത്രം ക്രെഡിറ്റ് പരിധി ഉയർത്താൻ ആവശ്യപ്പെടണം. ഇത് കൃത്യ സമയത്ത് തിരിച്ചടവ് നടത്തുന്ന ക്രെഡിറ്റ് കാർഡ് ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നയാളാണെന്ന് കമ്പനിയെ ബോധിപ്പിക്കാനാകം.


Click it and Unblock the Notifications