സ്വർണത്തിന്റെ വില ഉയർന്ന് നിൽക്കുന്ന ഘട്ടത്തിൽ നിക്ഷേപിക്കാനായി സ്വർണം വാങ്ങുന്നൊരാൾക്ക് കുറഞ്ഞ വിലയിൽ സ്വർണം ലഭിക്കാനുള്ളൊരു മാർഗമാണ് സ്വർണ നാണയങ്ങൾ. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണത്തിനൊപ്പം ആഭരണത്തിന്റെ രൂപകല്പനയ്ക്കും നിർമാണത്തിനും പണം നൽകണ്ടി വരുന്നു. ഇവിടെ നിക്ഷേപത്തിനായി സ്വർണം വാങ്ങുന്നൊരാൾക്ക് കുറഞ്ഞ ചെലവിൽ സ്വർണ നാണയങ്ങൾ വാങ്ങാം. കുറഞ്ഞ പണിക്കൂലി തന്നെയാണ് പ്രധാന ഘടകം. സ്വർണ നാണയങ്ങൾ വാങ്ങുമ്പോഴുള്ള ലാഭവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം.
കുറഞ്ഞ ചെലവ്
ആഭരണങ്ങളെ അപേക്ഷിച്ച് സ്വർണ നാണയങ്ങൾ വാങ്ങുന്നതാണ് താരതമ്യേന ചെലവ് കുറവ്. കമ്മലുകൾ, മോതിരങ്ങൾ, മാലകൾ എന്നിവ നിർമിക്കുന്നതിന് മേക്കിംഗ് ചാർജായി 8 ശതമാനത്തിന് മുകളിൽ തുക ചെലവിടേണ്ടി വരും. ഡിസൈൻ അനുസരിച്ച് ഈ ചെലവ് ഉയരും. എന്നാൽ ഏറ്റവും കുറഞ്ഞ ഭാരമുള്ള 0.5 ഗ്രാം സ്വർണ നാണയങ്ങൾ മുതൽ വാങ്ങാം. ഇവിടെ 3 ശതമാനം മുതൽ 8 ശതമാനം വരെയാണ് പണിക്കൂലി വരുന്നത്. അതിനാൽ, ഇത് നിക്ഷേപകർക്ക് ധാരാളം പണം ലാഭിക്കാനുള്ള വഴിയാണ്.

കുറഞ്ഞ അളവിൽ വാങ്ങാം
നിക്ഷേപകന്റെ കയ്യിലുള്ള ചെറിയ തുകകൾക്ക് പോലും നാണയങ്ങൾ വാങ്ങാൻ സാധിക്കും. സാധാരണയായി, 0.5 ഗ്രാം മുതൽ 50 ഗ്രാം വരെ തൂക്കമുള്ള സ്വർണ നാണയങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇത് വാങ്ങുന്ന ജുവലറിയിലെ ലഭ്യത അനുസരിച്ച് വ്യത്യാസപ്പെടാം. അതേസമയം, സ്വർണ നാണയങ്ങൾക്ക് അലങ്കാര മൂല്യമില്ലാത്തതിനാൽ നിക്ഷേപകന് സ്വർണാഭരണങ്ങളുടെ അതേ സംതൃപ്തി ലഭിക്കണമെന്നില്ല.
പരിശുദ്ധിയും വിലയും
സ്വർണ നാണയങ്ങളുടെ പരിശുദ്ധി അളക്കാൻ ഉപയോഗിക്കുന്ന പ്രധാനമായൊരു അളവുകോലാണ് കാരറ്റ്. 24 കാരറ്റ് സ്വർണം ഏറ്റവും ശുദ്ധമായ രൂപമായി കണക്കാക്കപ്പെടുന്നു. അതുപോലെ, 22 കാരറ്റ് നാണയങ്ങളും വാങ്ങാം. 22 കാരറ്റ് സ്വർണം 916 സ്വർണം എന്നും അറിയപ്പെടുന്നു. 91.67 ശതമാനം ശുദ്ധമായ സ്വർണമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ബാക്കി ഭാഗം കൂടുതൽ മറ്റു ലോഹങ്ങളായിരിക്കും.

24 കാരറ്റ് സ്വർണത്തിൽ 99.99 ശതമാനം സ്വർണമാണ് അടങ്ങിയിരിക്കുന്നത്. ആഭ്യന്തര വിപണികളിൽ 22 കാരറ്റ് സ്വർണത്തിന്റെ വില 24 കാരറ്റ് സ്വർണത്തേക്കാൾ കുറവാണ്. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 43,760 രൂപയാണ് കേരള വിപണിയിലെ വില. 24 കാരറ്റിന് 47,736 രൂപ വേണ്ടി വരും.
ഹാൾമാർക്ക് പരിശോധിക്കണം
സ്വർണനാണയം വാങ്ങുമ്പോൾ പരിശുദ്ധി കൂടാതെ അത് ഹാൾമാർക്ക് ചെയ്ത സ്വർണമാണോ എന്ന് പരിശോധിക്കണം. നിലവിൽ ഹാൾമാർക്ക് ചെയ്ത സ്വർണത്തിൽ മൂന്ന് ഘടകങ്ങൾ കാണാനാകും. അതിനാൽ, വാങ്ങുന്ന സ്വർണത്തിൽ ബിഐഎസ് ലോഗോ, പരിശുദ്ധിയുടെ അടയാളം, 6 അക്ക യുണീക് ആൽഫാന്യൂമെറിക് കോഡ് എന്നിവ പരിശോധിക്കണം.
പാക്കേജിംഗ് പരിശോധിക്കണം
ടാംപർ പ്രൂഫ് പാക്കേജിലുള്ള സ്വർണ നാണയങ്ങൾ വാങ്ങുന്നത് നല്ലത്. വഞ്ചന, കേടുപാടുകൾ എന്നിവയിൽ നിന്നുള്ള സുരക്ഷിതമായ പരിരക്ഷയാണ് ഈ പാക്കേജിംഗ്. സ്വർണ നാണയം നിക്ഷേപത്തിനായി വാങ്ങുന്നവർ വില്പന ഉദ്യേശിക്കുന്നുണ്ടെങ്കിൽ, പരിശുദ്ധിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ പാക്കേജ് കീറുകയോ തുറക്കുകയോ ചെയ്യുന്നത് ഒഴിവാക്കാം.
വാങ്ങലും വില്പനയും സൂക്ഷിക്കുക
ജുവലറികളെ കൂടാതെ ബാങ്ക്, ഓൺലൈൻ വെബ്സൈറ്റുകൾ തുടങ്ങിയിടത്ത് നിന്ന് സ്വർണ നാണയങ്ങൾ വാങ്ങാൻ സാധിക്കും. സ്വർണ നാണയങ്ങൾ ബാങ്കിൽ നിന്ന് വാങ്ങുന്നവരാണെങ്കിൽ ഇത് ബാങ്ക് തിരിച്ചെടുക്കില്ലെന്ന് അറിയണം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം ബാങ്കുകൾക്ക് സ്വർണ നാണയങ്ങൾ തിരിച്ചെടുക്കാൻ സാധിക്കില്ല. സാധാരണയായി വാങ്ങിയ ജുവലറിയിൽ നിന്ന് മാറി മാറ്റൊരു ജുവലറിയിൽ സ്വർണ നാണയം വില്പന നടത്തുമ്പോൾ കുറഞ്ഞ റീസെയിൽ വിലയാണ് ലഭിക്കുക.


Click it and Unblock the Notifications