സ്വന്തമായി ഒരു വാഹനം വാങ്ങണമെന്ന് ആഗ്രഹിമില്ലാത്ത ആളുകളുണ്ടാകില്ല. കാർ അല്ലെങ്കിൽ ഇരുചക്ര വാഹനം- ഇതിൽ ഏതെങ്കിലും ഒന്നായിരിക്കും ലക്ഷ്യം. ഇരുചക്ര വാഹനമാണെങ്കിൽ പെട്രോൾ വാഹനമാണോ അതല്ലെങ്കിൽ ഇലക്ട്രിക് വാങ്ങണോ എന്നതിൽ വലിയ ആശയക്കുഴപ്പമുണ്ടാകും. പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം. അതോടൊപ്പം പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ സാധിക്കുന്നു എന്നതും ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.
രാജ്യത്തെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പെട്രോൾ, ഡീസൽ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും വാങ്ങുന്നതിന് വായ്പ നൽകുന്നുണ്ട്. ഇലക്ട്രിക് കാറുകൾക്ക് പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. എന്നാൽ ഇലക്ട്രിക് ടൂ-വീലറാണ് വാങ്ങുന്നതെങ്കിൽ അൽപ്പം ഉയർന്ന പലിശ നൽകേണ്ടി വരും. ബ്രാൻഡിനെയും ഉപഭോക്താവിൻ്റെ ക്രെഡിറ്റ് പ്രൊഫൈലിനെയും ആശ്രയിച്ച് ഒരു പക്ഷെ പലിശ നിരക്കിൽ കുറവുണ്ടായേക്കാം.
പലിശ നിരക്ക്
പരമ്പരാഗത പെട്രോൾ, ഡീസൽ പാസഞ്ചർ വാഹനങ്ങൾക്കുള്ള വായ്പകൾക്ക് സാധാരണയായി 9.3 ശതമാനം മുതൽ 10.30 ശതമാനം വരെ പലിശ നിരക്കാണ് ബാങ്കുകൾ ഈടാക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ പലിശ നിരക്ക് 16 ശതമാനം മുതൽ 20 ശതമാനം വരെയാണ്.
ഇലക്ട്രിക് കാറുകൾക്കും എസ്‌യുവികൾക്കും പലിശ നിരക്ക് 8.5 ശതമാനം മുതൽ 9.5 ശതമാനം വരെയാണ്. എന്നാൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് 18 മുതൽ 22 ശതമാനം വരെയാണ് പലിശ ഈടാക്കുക.

പലിശ നിരക്ക് വർധിപ്പിച്ചത് കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ധനസഹായം നൽകുന്നതിനുള്ള പലിശ നിരക്കിൽ മാറ്റങ്ങളുണ്ടായി. പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഇവി ഫോർ വീലറുകൾക്കുള്ള പലിശ നിരക്ക് 25 ബേസിസ് പോയിന്‍റ് വർധിപ്പിച്ചിരുന്നു. അതോടെ പലിശ 8.65 ശതമാനം മുതൽ 10.15 ശതമാനം വരെയായി. അതിന് മുൻപ് 8.4 ശതമാനം മുതൽ 9.9 ശതമാനം വരെയായിരുന്നു പലിശ.
റിപ്പോ-ലിങ്ക്ഡ് ലെൻഡിംഗ് നിരക്കിലെ പരിഷ്കരണമാണ് ഈ മാറ്റത്തിന് കാരണം. ഇവി ഇരുചക്ര വാഹനങ്ങൾക്കുള്ള ബാങ്കിൻ്റെ പലിശ നിരക്ക് 11% ആയി തുടരുന്നു. കൂടാതെ, ശുദ്ധമായ ഊർജവും പരിസ്ഥിതിയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇ-ഫോർ വീലറുകൾക്ക് ബാങ്ക് 0.2 ശതമാനം പലിശ കിഴിവ് നൽകുന്നു.

പലിശ 1.5 ശതമാനം ഉയർത്തി എൽ ആൻഡ് ടി
എൽ ആൻഡ് ടി ഫിനാൻസ് ഇവി ഫിനാൻസിംഗ് നിരക്കുകൾ ഒരു വർഷത്തിനിടെ 1 ശതമാനം മുതൽ 1.5 ശതമാനെ വരെ ഉയർത്തിയിരുന്നു. നിലവിൽ 8.5 ശതമാനം മുതൽ 9.5 ശതമാനം വരെയാണ് പലിശ നിരക്ക്.
ശ്രീറാം ഫിനാൻസ്
ഇലക്ട്രിക് കാറുകൾക്കുള്ള വായ്പയ്ക്ക് 12 ശതമാനം മുതൽ 14 ശതമാനം വരെയാണ് ശ്രീറാം ഫിനാൻസ് ഈടാക്കുന്ന പലിശ നിരക്ക്. അതേസമയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള പലിശ നിരക്ക് 18 ശതമാനം മുതൽ 22 ശതമാനം വരെയാണ്.
വായ്പ നൽകുന്നത് കുറവാണ്
വൈദ്യുത വാഹനങ്ങൾക്കുള്ള ധനസഹായം പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് പൊതുവെ കുറവാണെന്ന് ധനകാര്യ വിദഗ്ധരും ഡീലർമാരും പറയുന്നു. ഇവി വാഹന മേഖല വികസിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വാഹനങ്ങളുടെ ബാറ്ററികൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയിലെത്താൻ സാധിച്ചിട്ടില്ല. ഇതാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ വായ്പ നൽകുന്നതിൽ നിന്നും ബാങ്കുകളേയും ധനകാര്യ സ്ഥാപനങ്ങളേയും പിറകോട്ടടിപ്പിക്കുന്നത്.


Click it and Unblock the Notifications