ലോട്ടറിയുടെ വലിയൊരു വിപണിയാണ് കേരളം. ദിവസവും നറുക്കെടുപ്പുമായി 7 പ്രതിവാര ലോട്ടറികളും ബംബർ ലോട്ടറികളുമായി വിപണിയിൽ കേരള ലോട്ടറി തംരഗം സൃഷ്ടിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുക 25 കോടി രൂപ നൽകി ഞെട്ടിച്ചതും കേരള ലോട്ടറി തന്നെ. 2022 ലെ ഓണം ബംബറാണ് രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുക നൽകിയത്. ഭാഗ്യാന്വേഷകർക്ക് ആഴ്ചയിലെ എല്ലാ ദിവസവും അവസരമുണ്ടെന്നതിനാൽ കേരള ലോട്ടറി വില്പന പൊടിപൊടിക്കുകയാണ്.
കേരള ലോട്ടറികള്‍
തിങ്കളാഴ്ച 75 ലക്ഷം ഒന്നാം സമ്മാനമുള്ള വിന്‍വിന്‍ ലോട്ടറിയാണ് നറുക്കെടുപ്പ്. ചൊവ്വാഴ്ചത്തെ സ്ത്രീശക്തി ലോട്ടറിക്കും 75 ലക്ഷമാണ് സമ്മാനത്തുക. ബുധനാഴ്ചത്തെ അക്ഷയ ലോട്ടറി 70 ലക്ഷവും വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസ് 80 ലക്ഷവും വെള്ളിയാഴ്ചയിലെ നിര്‍മല്‍ ലോട്ടറി 70 ലക്ഷം രൂപയും സമ്മാനം നല്‍കും. ശനിയാഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ സമ്മാന തുക 80 ലക്ഷമാണ്. ഞായറാഴ്ച നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റിക്കാണ് പ്രതിവാര ലോട്ടറികളിലെ ഏറ്റവും വലിയ സമ്മാനമായ 1 കോടി ലഭിക്കുന്നത്.
ഇതിനോടൊപ്പമാണ് ഓരോ സീസണിലും ബംബർ ടിക്കറ്റുകൾ പുറത്തിറക്കുന്നത്. നിലവിൽ വില്പന നടക്കുന്ന വിഷു ബംബറിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപ വിലയുള്ള വിഷു ബംബർ ടിക്കറ്റ് മേയ് 24 നാണ് നറുക്കെടുക്കുക.

ലോട്ടറിയെടുത്താൽ ആദ്യം ചെയ്യേണ്ടത്
ലോട്ടറി വാങ്ങിയാൽ അതിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഒരു പ്രത്യേക ടിക്കറ്റിന്റെ ഉടമസ്ഥാവകാശം അതിന്റെ പിൻഭാഗത്തുള്ള പേരും വിലാസവും ഒപ്പും അനുസരിച്ചാണ് തീരുമാനിക്കുന്നത്. അതിനാൽ, ടിക്കറ്റ് വാങ്ങുമ്പോൾ തന്നെ സ്വന്തം പേരും വിലാസവും എഴുതാനും ഒപ്പ് ഇടാനും മറക്കരുത്. ടിക്കറ്റ് നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാനും സമ്മാനത്തിന് ക്ലെയിം ചെയ്യാനും ഇത് ഉപകരിക്കും.
ലോട്ടറിയെടുക്കുമ്പോൾ ശ്രദ്ധിക്കാൻ
ടെലഗ്രാം, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കേരള ലോട്ടറി ടിക്കറ്റ് വില്പന നടക്കുന്നുണ്ട്. ഓൺലൈനായി കേരള ലോട്ടറിയുടെ വില്പന നിരോധിച്ചതാണ്. സമൂഹ മാധ്യമ കൂട്ടായ്മയില്‍ ലോട്ടറി താൽപര്യമുള്ളവരെ ചേര്‍ത്ത് കയ്യിലുള്ള ലോട്ടറി നമ്പറുകൾ മെസേജായി നൽകും. ആവശ്യമുള്ളവ തിരഞ്ഞെടുത്ത് ഓണ്‍ലൈൻ വഴി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം. ഇത്തരത്തിൽ നടക്കുന്ന ലോട്ടറി വില്പനയ്ക്കെതിരെ ലോട്ടറി വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
വിശ്വസ്തവും സുതാര്യവുമായ നടപടികളിലൂടെ കേരള ലോട്ടറി വകുപ്പ് സർക്കാർ അംഗീകൃത പ്രസുകളിൽ നിന്നാണ് പേപ്പർ ലോട്ടറി അച്ചടിക്കുന്നത്. ഇവ ഓൺലൈനായി വില്പന നടത്താൻ സാധിക്കുന്നവയല്ല. സർക്കാർ പ്രസിൽ നിന്ന് അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റുകൾ ലോട്ടറി വകുപ്പിന്റെ ജില്ലാ, സബ് ഓഫീസുകൾ വഴിയാണ് വിതരണം ചെയ്യുന്നത്.
ഈ ടിക്കറ്റുകൾ ഏജന്റുമാരിൽ നിന്നോ ടിക്കറ്റ് വില്പന തൊഴിലാളികളിൽ നിന്നോ മാത്രമെ വാങ്ങാൻ പാടുള്ളൂ എന്നാണ് ലോട്ടറി വകുപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ഇതോടൊപ്പം ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നവർക്കെതിരെയും ശക്തമായ നടപടികളുണ്ടാകുമെന്നും ലോട്ടറി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
നറുക്കെടുപ്പ് സുതാര്യം
കേരള സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് നടപടിക്രമങ്ങൾക്ക് പ്രസിദ്ധമാണ്. വ്യക്തവും സുതാര്യവുമായ നടപടിക്രമം, എല്ലായ്‌പ്പോഴും ആളുകളുടെ പങ്കാളിത്തം ആകർഷിച്ചിട്ടുണ്ട്. നിലവിൽ മാധ്യമങ്ങൾ വഴിയും ലോട്ടറി വകുപ്പിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയും കാണാൻ സാധിക്കും. നറുക്കെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസം തന്നെ എല്ലാ പ്രമുഖ ദിനപത്രങ്ങളിലും ഫലം പ്രസിദ്ധീകരിക്കും. ഏജന്റുമാരിൽ നിന്നും ഫലങ്ങൾ ലഭിക്കും. ലോട്ടറി വകുപ്പ് വെബ്സൈറ്റിലൂടെയും സമ്മാനാർഹമായ വിവരങ്ങൾ ലഭിക്കും.


Click it and Unblock the Notifications