വിരമിക്കുന്ന സമയത്ത് സ്ഥിര വരുമാനത്തെ പറ്റിയുള്ള ആശങ്കയിലാണോ? മരണം വരെ മുടങ്ങാതെ പെൻഷൻ ഉറപ്പുനൽകുന്ന പദ്ധതിലേക്ക് നിക്ഷേപം മാറ്റിയാൽ ഇത്തരം ആശങ്കകൾക്ക് വകയില്ല. ഇതിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയായാണ് അടൽ പെൻഷൻ യോജന.
അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉന്നമിട്ട് 2015-16 വർഷത്തെ ബജറ്റിലാണ് കേന്ദ്രസർക്കാർ പെൻഷൻ പദ്ധതി ആരംഭിക്കുന്നത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിയന്ത്രിക്കുന്ന പദ്ധതിയിൽ 60 വയസിന് ശേഷം പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് 5,000 രൂപ പരമാവധി പെൻഷൻ ലഭിക്കും. 1,000 രൂപയാണ് പദ്ധതിയിലെ ചുരുങ്ങിയ പെൻഷൻ. ഈ തുക കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തും.
പെൻഷനുള്ള യോഗ്യത
അടൽ പെൻഷൻ യോജനയിലേക്ക് യോഗ്യരായവരെ കണ്ടെത്തുന്നതിന് പ്രായ പരിധി, വരുമാനം എന്നിവ അടിസ്ഥാനമാക്കും. 18 വയസ് പൂർത്തിയായ ഇന്ത്യക്കാർക്ക് പദ്ധതിയിൽ ചേരാം. ഉയർന്ന പ്രായ പരിധി 40 വയസാണ്. 2022 ഒക്ടോബര്‍ 1 മുതല്‍ നികുതിദായകര്‍ക്ക് അടൽ പെൻഷൻ യോജനയിൽ ചേരാൻ സാധിക്കില്ല. പദ്ധതിയിൽ ചേരാൻ സേവിംഗ്സ് അക്കൗണ്ട് ആവശ്യമുണ്ട്. ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയിൽ ചേരാം.

5,000 രൂപ വരെ പെൻഷൻ
1,000, 2,000, 3,000, 4,000, 5,000 രൂപ എന്നിങ്ങനെയാണ് മാസത്തിൽ അടൽ പെൻഷൻ യോജന വഴി പെൻഷൻ അനുവദിക്കുക. ഇതിന് ഗുണഭോക്താവ് വിഹിതം നൽകണം. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റായാണ് മാസ വിഹിതം ഈടാക്കുക. പദ്ധതിയിൽ ചേരുന്ന സമയത്തെ ഗുണഭോക്താവിന്റെ പ്രായത്തിന് അനുസരിച്ച് പ്രീമിയം വ്യത്യാസപ്പെടും.
സംഭാവനയുടെ ഒരു ഭാഗം കേന്ദ്രസർക്കാർ അടയ്ക്കും. വിഹിതത്തിന്റെ 50 ശതമാനവോ പ്രതിവർഷം 1,000 രൂപയോ ഏതാണ് കുറവ് എന്നത് പരിഗണിച്ചാണ് കേന്ദ്ര സർക്കാർ വിഹിതം അടയ്ക്കുക. സർക്കാറിന്റെ മറ്റു സാമൂഹിക സുരക്ഷ സ്കീമിൽ ഉൾപ്പെടുന്നവർക്കോ ആദായനികുതി അടയ്ക്കുന്നവർക്കോ ഈ വിഹിതം ലഭിക്കില്ല.
പെൻഷൻ കാൽക്കുലേറ്റർ
ഗുണഭോക്തവിന്റെ പ്രായം അടിസ്ഥാനമാക്കിയാണ് അടൽ പെൻഷൻ യോജനയിലെ വിഹിതം തീരുമാനിക്കുന്നത്. 18 വയസില്‍ പദ്ധതിൽ ചേരുന്നൊരാൾക്ക് 60 വയസിന് ശേഷം മാസം 5,000 രൂപ ലഭിക്കാൻ മാസത്തിൽ 210 രൂപയാണ് അടയ്ക്കേണ്ടത്. ഇവർക്ക് 60-ാം വയസിന് ശേഷം 5,000 രൂപ മാസത്തിൽ പെൻഷൻ നേടാം.
40-ാം വയസില്‍ അടൽ പെൻഷൻ യോജനയിൽ ചേരുന്ന വ്യക്തിക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ ലഭിക്കാൻ മാസത്തിൽ 1,454 രൂപ നിക്ഷേപിക്കണം. ഇവിടെ വിഹിതം അടയ്ക്കേണ്ട കാലയളവ് 20 വർഷം മാത്രമാണ്. ഇതാണ് വിഹിതം ഉയരാനുള്ള കാരണം. 30 വയസുകാരന് 577 രൂപയും 25 വയസുകാരന് 376 രൂപയുമാണ് മാസത്തിൽ നൽകേണ്ട വിഹിതം.
നിക്ഷേപത്തിൽ ശ്രദ്ധിക്കാൻ
അടൽ പെൻഷൻ യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് കുറഞ്ഞത് 20 വർഷമെങ്കിലും ഈ സ്കീമിൽ നിക്ഷേപിക്കേണ്ടതുണ്ട്. അതേസമയം അടൽ പെൻഷൻ യോജനയിൽ നിന്ന് കാലാവധിക്കുള്ളിൽ നിക്ഷേപം പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും സാധിക്കും. പദ്ധതിയിൽ നിന്ന് അകാലത്തിൽ പുറത്തുകടക്കുകയാണെങ്കിൽ അക്കൗണ്ടിൽ നിക്ഷേപിച്ച തുക മാത്രമേ തിരികെ ലഭിക്കൂ. സർക്കാർ വിഹിതത്തിന് അർഹതയുണ്ടാകില്ല.
മാസ തവണ തുടരാൻ സാധിക്കുന്നില്ലെങ്കിൽ ഉടൻ അക്കൗണ്ട് ക്ലോസ് ചെയ്യില്ല. പിഴയടച്ച് മാസതവണ തുടരാം.എന്നാൽ 6 മാസം തുടർച്ചയായി തുക നിക്ഷേപിച്ചില്ലെങ്കിൽ അക്കൗണ്ട് സീൽ ചെയ്യും. ഒരു വർഷത്തേക്ക് തുക നിക്ഷേപിച്ചില്ലെങ്കിൽ അക്കൗണ്ട് നിർജ്ജീവമാകും. രണ്ട് വർഷത്തേക്ക് മാസ തവണ അടയ്ക്കുന്നത് നിർത്തിയാൽ അക്കൗണ്ട് സർക്കാർ ക്ലോസ് ചെയ്യും.


Click it and Unblock the Notifications