എടിഎം ഉപയോഗിക്കുന്നതിന് ചാർജ് ഈടാക്കുന്നോ? അധിക ചാർജുകൾ ഒഴിവാക്കാൻ 4 വഴികൾ
ബാങ്കുകളുടെ എടിഎം നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ എടിഎം ഇടപാടുകൾക്ക് ബാങ്ക് നല്ലൊരു തുക ചാർജായി ഈടാക്കും. എല്ലാ ബാങ്കുകളും സൗജന്യ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഓരോ നഗരങ്ങളുനസരിച്ചും ഈ പരിധി വ്യത്യസ്തമാണ്. പരിധി കടന്നുള്ള ഇടപാടുകൾക്ക് ബാങ്ക് അധിക നിരക്ക് ഈടാക്കും.
എന്നാൽ അല്പം ശ്രദ്ധിച്ചാൽ എടിഎം ഫീസ് അടയ്ക്കുന്നത് ഒഴിവാക്കാൻ സാധിക്കും. സ്വന്തം ബാങ്കിന്റെ എടിഎം ഉപയോഗിക്കുക, പാർട്ട്ണേഡ് എടിഎം കണ്ടെത്തുക, എടിഎം ഫീസ് റീഫണ്ട് ചെയ്യുന്ന അക്കൗണ്ട് ഉപയോഗിക്കുക തുടങ്ങിയ മാർഗങ്ങളുണ്ട്. ഇവ വിശദമായി നോക്കാം.
എത്ര എടിഎം ഇടപാട് സൗജന്യമായി ലഭിക്കും
എടിഎം ഉപയോഗം സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയങ്ങൾ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ പരിധിയും പിഴയും ഈടാക്കുന്നത്. ഈ നയം പ്രകാരം, ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത പരിധി വരെ എടിഎമ്മുകൾ വഴി സൗജന്യമായി പിൻവലിക്കൽ അനുവദനീയമാണ്.
സാധാരണ ഗതിയിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് ഓരോ മാസവും കുറഞ്ഞത് അഞ്ച് സാമ്പത്തിക ഇടപാടുകൾ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ സൗജന്യമായി പണം പിൻവലിക്കാനും പരിധിയുണ്ടാകും.

സൗജന്യ പരിധി
ആർബിഐ ചട്ടം അനുസരിച്ച്, ഉപഭോക്താക്കൾക്ക് ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഡൽഹി, ഹൈദരാബാദ് എന്നി മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് മാസത്തിൽ 3 സൗജന്യ ഇടപാടുകൾ ലഭിക്കും.
മുകളിൽ സൂചിപ്പിച്ച ആറ് മെട്രോ ലൊക്കേഷനുകൾ ഒഴികെയുള്ള ഏത് സ്ഥലത്തും ബാങ്കുകൾ അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് കുറഞ്ഞത് അഞ്ച് സൗജന്യ ഇടപാടുകൾ നൽകണം. മറ്റ് ബാങ്ക് എടിഎമുകളിലും 5 ഇടാപാട് ലഭിക്കും.
പിഴ
എടിഎം ഇടപാടുകളിൽ പണമിടപാടും സാമ്പത്തികേതരവുമായ ഇടപാടുകളും ഉൾപ്പെടുന്നുണ്ട്. പരിധി കഴിഞ്ഞുള്ള ഒരു ഇടപാടിന് പരമാവധി ഈടാക്കുന്നത് 21 രൂപയാണ്. സിറ്റി ബാങ്ക് അൺലിമിറ്റഡ് സൗജന്യ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഡിബിഐ ബാങ്ക് സ്വന്തം എടിഎമ്മുകളിൽ നിന്ന് പരിധിയില്ലാതെ സൗജന്യമായി ഇടപാടുകൾ നടത്താനും മറ്റ് എടിഎമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകളും നൽകുന്നുണ്ട്.
18 ശതമാനം ജിഎസ്ടിയോടെയാണ് എടിഎം അധിക ഫീസ് ഈടാക്കുന്നത്. ഇതോടൊപ്പം എടിഎമ്മുകളിൽ നിന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കലിനും വിദേശത്ത് നിന്നുള്ള പിൻവലിക്കലുകൾക്കും ബാങ്ക് സർവീസ് ചാർജ് ഈടാക്കും. എടിഎം പിൻവലിക്കലിൽ പിഴ നൽകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ബാങ്കിന്റെ എടിഎം ഉപയോഗിക്കുക: അധിക നിരക്കുകളില്ലാതെ സ്വന്തം ബാങ്കിന്റെ എടിഎം ഉപയോഗിക്കാൻ സാധിക്കും. അതിനാൽ നിങ്ങളുടെ ബാങ്കിന്റെ എടിഎം ഉപയോഗിക്കുന്നത് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാണ്.
ഇൻ-നെറ്റ്‌വർക്ക് എടിഎമ്മുകൾ: കൂടുതൽ സൗജന്യ എടിഎം ഇടപാടുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായി ബാങ്ക് മറ്റ് ബാങ്കുകളുമായോ ഓർഗനൈസേഷനുകളുമായോ പങ്കാളിത്തമുണ്ടോയെന്ന് പരിശോധിക്കാം. ഇത്തരത്തിൽ ബാങ്ക് സഹകരിക്കുന്നുണ്ടെങ്കിൽ അധിക സൗജന്യ ഇടപാടുകൾ ഉപഭോക്താവിന് ലഭിക്കും.
പണം പിൻവലിക്കാൻ മാത്രം: ലഭ്യമായ സൗജന്യ എടിഎം ഇടപാട് പരിധി പണം പിൻവലിക്കലിനായി മാത്രം ഉപയോഗിക്കേണ്ടതുണ്ട്. എല്ലാ ബാങ്കുകൾക്കും ആപ്പുകളുള്ളതിനാൽ ഇവ കൂടുതലായി ഉപയോഗിക്കാം. ബാലൻസ് അന്വേഷണം, മിനി സ്റ്റേറ്റ്‌മെന്റുകൾ മുതലായവ പോലുള്ള
ആവശ്യങ്ങൾക്ക് മൊബൈൽ ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാം. ഇതോടൊപ്പം പണം പിൻവലിച്ച് നടത്തുന്ന ബില്ലടവുകൾക്ക് പകരം ബില്ലുകൾ ഓൺലൈനായി അടയ്ക്കുക. ബില്ലുകൾ ഓൺലൈനായി അടയ്ക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ബിൽ പേയ്‌മെന്റുകൾ നടത്തും
കാർഡ് സ്വൈപ്പ് ചെയ്യുക: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുപകരം കാർഡുകൾ സ്വൈപ്പ് ചെയ്ത് ഇടപാട് നടത്താം. ഇത് എടിഎം വഴി പിൻവലിക്കേണ്ട തവണകളുടെ എണ്ണം കുറയ്ക്കാൻ ഉപകരിക്കും. ഇതോടൊപ്പം കാർഡ് സ്വൈപ്പ് ചെയ്ത് ഉപയോഗിക്കുമ്പോൾ റിവാർഡുകളും ലഭിക്കും.


Click it and Unblock the Notifications


