സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് റിപ്പോ നിരക്ക്. റിസർവ് ബാങ്കിന്റെ പണനയ യോഗ തീരുമാനങ്ങൾ വെള്ളിയാഴ്ച പുറത്തു വരാനിരിക്കുന്നതിന് മുന്നോടിയായി വിവിധ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയിട്ടുണ്ട്. മുൻനിര ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിങ്ങനെ പ്രമുഖ ബാങ്കുകളെല്ലാം നിക്ഷേപ പലിശ നിരക്ക് പുതുക്കിയിട്ടുണ്ട്.
2022 മേയിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്താൻ ആരംഭിച്ചതോടെയാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരാൻ തുടങ്ങിയത്. 6.50 ശതമാനത്തിലെത്തിയ റിപ്പോ നിരക്ക് ജൂൺ പാദത്തിന് ശേഷം മാറ്റമില്ലാതെ തുടരുകയാണ്. പലിശ നിരക്കിൽ തൽസ്ഥിതി തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ആർബിഐയുടെ പണ നയ തീരുമാനത്തിന് ശേഷം പലിശ നിരക്ക് വർധനവിന്റെ സാധ്യതകളും നിലവിൽ നിരക്കുയർത്തിയ ബാങ്കുകളും നോക്കാം.

പലിശ നിരക്ക് വർധിക്കുമോ
നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധനയിലേക്ക് ബാങ്കുകൾ കടക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊതുവെ വിലയിരകുത്തുന്നത്. ആർബിഐ നിരക്കുകൾ മാറ്റാതെ നിലനിർത്താൻ തീരുമാനിച്ചാൽ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ നിലവിലെ നിലവാരത്തിൽ തന്നെ തുടരുമെന്നും റിപ്പോ നിരക്ക് വർധിപ്പിക്കാത്ത പക്ഷം പലിശനിരക്കിൽ ഉയർന്ന ചലനം പ്രതീക്ഷിക്കുന്നില്ലെന്നും ലാഡെറപ്പ് വെൽത്ത് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടർ രാഘവേന്ദ്ര നാഥ് പറയുന്നു.
ഇനിയുള്ള മറ്റൊരു സാധ്യത ബാങ്കിംഗ് സിസ്റ്റത്തിലെ ലിക്വിഡിറ്റിയാണ്. ബാങ്കിന്റെ ക്രെഡിറ്റിനുള്ള ഡിമാൻഡും നിക്ഷേപ നിരക്കുകളെ ബാധിക്കും. ഇക്കാര്യങ്ങൾ പരിഗണിച്ച് പലിശ നിരക്കിൽ വർദ്ധനവ് വരുത്താനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്ന് സ്റ്റേബിൾ മണിയുടെ സഹസ്ഥാപകൻ സൗരഭ് ജെയിൻ പറയുന്നു.
എത്ര വരെ പലിശ ഉയരും
മിക്ക ബാങ്കുകളിലെയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. അതിനാൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയാലും അത് പരിമിതമായിരിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
ഫെഡറൽ ബാങ്ക് ഡിസംബർ അഞ്ചിന് പ്രത്യേക കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചിപുന്നു. 500 ദിവസത്തേക്ക് 7.50 ശതമാനവും 21 മാസത്തിന് മുകളില്‍ 3 വര്‍ഷത്തില്‍ താഴെയുള്ള കാലയളവിൽ 7.05 ശതമാനം പലിശയും റെഗുലർ നിക്ഷേപകർക്ക് ലഭിക്കും.
500 ദിവസത്തേക്ക് മുതിർന്ന പൗരന്മാര്‍ക്ക് 8 ശതമാനം പലിശ ഫെഡറല്‍ ബാങ്കില്‍ നിന്ന് ലഭിക്കും. 21 മാസത്തിന് മുകളില്‍ 3 വര്‍ഷത്തില്‍ താഴെയുള്ള കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശയും ലഭിക്കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് ഡിസംബർ 5 നാണ് 2 കോടി രൂപ മുതൽ 5 കോടി രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പുതുക്കിയത്. 7 ദിവസത്തിനും 14 ദിവസത്തിനും ഇടയിലുള്ള ഏറ്റവും ചുരുങ്ങിയ കാലയളവിൽ 4.75 ശതമാനം പലിശ ലഭിക്കും. ഉയർന്ന പലിശയായ 7.25 ശതമാനം ലഭിക്കുന്നത് 390 ദിവസത്തിനും 15 മാസത്തിനും ഇടയിലുള്ള കാലയളവിലാണ്.
എച്ച്ഡിഎഫ്സി ബാങ്ക്
ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ വന്ന എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 5 കോടി രൂപയിൽ കൂടുലുള്ള പലിശ നിരക്കുകൾ ആഭ്യന്തര, എൻആർഇ, എൻആർഒ ടേം ഡെപ്പോസിറ്റുകൾക്ക് ബാധകമാണണ്. 7 ദിവസം മുതൽ 10 വർഷത്തേക്ക് 4.75 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ ലഭിക്കും., 1 വർഷം മുതൽ 15 മാസത്തേക്കാണ് ഉയർന്ന നിരക്കായ 7.25 ശതമാനം പലിശ ലഭിക്കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഡിസംബർ 1നാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. 46 ദിവസം മുതല്‍ 90 ദിവസത്തേക്ക് 5.25 ശതമാനവും 91 ദിവസം മുതല്‍ 179 ദിവസത്തേക്ക് 6 ശതമാനമായും പലിശ നിരക്കുയര്‍ത്തി. 180 ദിവസം മുതല്‍ 210 ദിവസത്തേക്ക് ഇനി മുതല്‍ 6.25 ശതമാനം പലിശ ലഭിക്കും. 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ 6.50 ശതമാനമാണ് പലിശ നിരക്ക്.


Click it and Unblock the Notifications