കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് മെയ് 18 ന് ഇന്ത്യയിലെ സ്വർണ്ണ വില 10 ഗ്രാമിന് 47,980 രൂപയിലെത്തി. സംസ്ഥാനങ്ങളും രാജ്യത്തുടനീളവും ഏർപ്പെടുത്തിയ ലോക്ക്ഡൌണുകൾ 50 ദിവസത്തിലേറെയായി സാമ്പത്തിക പ്രവർത്തനങ്ങൾ നിർത്തലാക്കുകയും നിരവധി പേരുടെ ജോലിയും ഉപജീവനമാർഗവും അപകടത്തിലാക്കുകയും ചെയ്തു. നിങ്ങളും അത്തരത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുകയും കടം എടുക്കുന്നതിനുള്ള വഴികളുമാണ് തിരയുന്നതെങ്കിൽ, വ്യക്തിഗത വായ്പകൾ തിരഞ്ഞെടുക്കുന്നതിനുപകരം നിങ്ങളുടെ കൈവശമുള്ള സ്വർണ്ണം പണയം വച്ച് വായ്പ എടുക്കുന്നതാകും ഉചിതം.
സ്വർണ്ണ വായ്പ പദ്ധതികൾ
പ്രമുഖ പൊതുമേഖലാ ബാങ്കുകളായ എസ്‌ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), കാനറ ബാങ്ക്, ചെറിയ ബാങ്കുകളായ ഇസാഫ്, ഉജ്ജീവൻ എന്നിവയെല്ലാം അടിയന്തര ആവശ്യങ്ങൾക്കായി പണം ആവശ്യമുള്ളവർക്ക് പുതിയ സ്വർണ്ണ വായ്പ പദ്ധതികൾ അടുത്തിടെ ആരംഭിച്ചിരുന്നു. ലോക ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് 22,000-25,000 ടൺ സ്വർണം ഇന്ത്യൻ വീടുകളിൽ നിഷ്‌ക്രിയമായി സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 65 ശതമാനവും ഗ്രാമീണ ഇന്ത്യയിൽ കണ്ടെത്താൻ കഴിയുമെന്നാണ് വിവരം.
നേട്ടങ്ങൾ
ചെറുകിട ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകൾ വലിയ തോതിൽ കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും സ്വർണ പണയം സ്വീകരിച്ച് വായ്പ നൽകുന്നുണ്ട്. നിങ്ങളുടെ വീട്ടിലുള്ള ആഭരണങ്ങളോ സ്വർണ്ണ ബിസ്കറ്റുകളോ പണയം വച്ചുകൊണ്ട് വായ്പകളെടുക്കാം. ഈ കൊറോണക്കാലത്ത് നിങ്ങൾ മറ്റ് വായ്പകളേക്കാൾ സ്വർണ്ണ വായ്പകൾ പരിഗണിക്കേണ്ടതിന്റെ 6 കാരണങ്ങൾ ഇതാ..
എളുപ്പത്തിൽ വായ്പ
എസ്‌ബിഐയുടെ കൃഷി ഗോൾഡ് ലോൺ നിങ്ങൾക്ക് യോനോ ആപ്ലിക്കേഷൻ വഴി ഓൺലൈനായി അപേക്ഷിക്കാം. കാനറ ബാങ്കിന്റെ പ്രത്യേക സ്വർണ്ണ വായ്പ കാമ്പെയ്ൻ ജൂൺ 30 വരെ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. നിങ്ങൾക്ക് ഒരു ബാങ്ക് ശാഖയിലെത്തി സ്വർണം പണയം വച്ചാൽ ഉടൻ തന്നെ പണം കൈയിൽ ലഭിക്കും. കൂടാതെ പലിശയും തവണയും അടയ്ക്കൽ, ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കൽ എന്നിവയും ഓൺലൈനിൽ ചെയ്യാം.
സ്വർണ വില
യുഎസ്-ചൈന വ്യാപാര യുദ്ധം മുതൽ കൊവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതുവരെയുള്ള സാമ്പത്തിക അനിശ്ചിതത്വം കാരണം കഴിഞ്ഞ വർഷം മുതൽ സ്വർണ്ണ വില ഉയർന്നു. നിങ്ങൾ പണയം വയ്ക്കുന്ന ആഭരണങ്ങളുടെയോ നാണയങ്ങളുടെയോ വിപണി മൂല്യം വർദ്ധിപ്പിക്കുന്നതിനാൽ സ്വർണ്ണ വിലയിലെ വർധനവ് അനുകൂലമാണ്. കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറവായതിനാൽ ബാങ്കുകൾ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് വായ്പ നൽകും.
അടിയന്തര ആവശ്യങ്ങൾക്ക് അനുയോജ്യം
അടിയന്തര ആവശ്യങ്ങൾക്ക് സാധാരണയായി, നിങ്ങൾ ഒരു വ്യക്തിഗത വായ്പ തിരഞ്ഞെടുക്കേണ്ടതുണ്ട് അല്ലെങ്കിൽ പണത്തിന്റെ കുറവുകളിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. എന്നാൽ ഇവയ്ക്ക് രണ്ടിനും ഉയർന്ന പലിശനിരക്ക് നൽകണം. കൂടാതെ, പുതുതായി ജോലി ലഭിച്ചവർ, സ്വയംതൊഴിൽ ചെയ്യുന്നവർ, ഒരു ചെറിയ ബിസിനസ്സ് നടത്തുന്നയാൾ, കാർഷിക / അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് വ്യക്തിഗത വായ്പകൾ പോലുള്ളവ ലഭിക്കാൻ സ്ഥിര വരുമാനം തെളിയിക്കാൻ പ്രയാസമാണ്. ക്രെഡിറ്റ് സ്കോർ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് കാർഡുകൾ നൽകുക. എന്നാൽ സ്വർണ്ണ വായ്പകൾക്ക് ഇതിന്റെ ഒന്നും ആവശ്യമില്ല. കൈയിൽ സ്വർണമുണ്ടെങ്കിൽ ഉടൻ നിങ്ങൾക്ക് വായ്പ ലഭിക്കും.
സുരക്ഷിതത്വം
ബാങ്കുകൾ, എൻബിഎഫ്‌സി (നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾ), എന്നിവ ഉൾപ്പെടുന്ന സംഘടിത സ്വർണ്ണ വായ്പ വിപണി ഇന്ത്യൻ സ്വർണ്ണ വായ്പാ വിപണിയുടെ 35 ശതമാനത്തോളം സംഭാവന ചെയ്യുന്നു. ഒരാൾക്ക് 1,8 മുതൽ 1.5 കോടി രൂപ വരെ 7.85 ശതമാനം വരെ പലിശ നിരക്കിൽ (കാനറ ബാങ്കിന്റെ പ്രത്യേക സ്വർണ്ണ വായ്പ പദ്ധതി പലിശ നിരക്ക്) 7 ദിവസം മുതൽ 10 വർഷം വരെ വായ്പ തേടാം. കൂടാതെ നിങ്ങൾ ഈടായി നൽകുന്ന സ്വർണവും സുരക്ഷിതമായിരിക്കും. ഈ സ്ഥാപനങ്ങൾ സ്വർണ്ണത്തിന് സൌജന്യ ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു.
സ്വയംതൊഴിലുകാർക്ക് ഓവർ ഡ്രാഫ്റ്റ്
ബിസിനസുകൾ നടത്തുന്നവർക്ക് വലിയതോ അപ്രതീക്ഷിതമോ ആയ ഓർഡറുകൾ നിറവേറ്റുന്നതിന് പലപ്പോഴും പ്രവർത്തന മൂലധനം ആവശ്യമാണ്. ഓവർ ഡ്രാഫ്റ്റ് സൌകര്യത്തോടെയാണ് സ്വർണ്ണ വായ്പകൾ വരുന്നത്. ഒരാൾക്ക് എത്ര തവണ വായ്പയെടുക്കാമെന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഇഎംഐകൾക്കോ മറ്റേതെങ്കിലും കുടിശികകൾക്കോ പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പിൻവലിക്കാം.
മുൻഗണനയുള്ളവർക്ക് കുറഞ്ഞ നിരക്കിൽ വായ്പ
ഇന്ത്യയിലെ ബാങ്കുകൾക്ക് കാർഷിക മേഖല ഒരു മുൻഗണനാ മേഖലയാണ്. കാർഷിക അടിസ്ഥാന സൌകര്യങ്ങൾക്കും കാർഷിക സംബന്ധിയായ മറ്റ് പ്രവർത്തനങ്ങൾക്കുമായി വായ്പ തേടുന്ന കർഷകർക്ക് പലിശ നിരക്കിൽ 1 മുതൽ 2 ശതമാനം വരെ ഇളവ് ലഭിക്കും. ചില എൻബിഎഫ്‌സികൾ സ്ത്രീകൾക്ക് സ്വർണ വായ്പ കുറഞ്ഞ നിരക്കിൽ നൽകാറുണ്ട്.


Click it and Unblock the Notifications