വിപണിയില്‍ വെടിയും പുകയും തെല്ലൊന്നടങ്ങി; ഏഴു വ്യാപാരദിനങ്ങള്‍ തുടര്‍ച്ചയായി കണ്ണീരണിഞ്ഞ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വാരാന്ത്യം നേട്ടത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. വെള്ളിയാഴ്ച്ച സെക്ടറുകളില്‍ ഉടനീളം കാര്യമായ വാങ്ങലുകള്‍ നടന്നു. ഓഹരികളിലെ വമ്പന്‍ വിലയിടിവ് മുതലെടുക്കാനുള്ള ആവേശത്തിലായിരുന്നു ഇന്നു നിക്ഷേപകര്‍.
അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 1,328.61 പോയിന്റ് കൂട്ടിച്ചേര്‍ത്തു. 2.44 ശതമാനം നേട്ടത്തോടെ 55,858.52 പോയിന്റ് നിലയിലാണ് സെന്‍സെക്‌സ് കച്ചവടം നിര്‍ത്തിയത്.
മറുഭാഗത്ത് നിഫ്റ്റി ഫിഫ്റ്റി സൂചികയും ഒട്ടും മോശമാക്കിയില്ല. 410.45 പോയിന്റ് അഥവാ 2.53 ശതമാനം നേട്ടം മുറുക്കെപ്പിടിച്ച് നിഫ്റ്റി ഇടപാടുകള്‍ അവസാനിപ്പിച്ചു. 16,658.40 പോയിന്റ് നിലയിലാണ് നിഫ്റ്റിയുടെ ഇപ്പോഴത്തെ നില്‍പ്പ്. ബെഞ്ച്മാര്‍ക്ക് സൂചികകളെ കടത്തിവെട്ടുന്ന പ്രകടനമാണ് വിശാല വിപണികളില്‍ കാഴ്ച്ചവെച്ചത്. വാരാന്ത്യം ബിഎസ്ഇ മിഡ് കാപ്പും സ്‌മോള്‍ കാപ്പും 4 ശതമാനം വീതം ഉയര്‍ന്നു.
'ശക്തമായ തിരിച്ചുവരവാണ് ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച്ച നടത്തിയത്. ആഗോള വിപണികളിലെ പോസിറ്റീവ് വികാരം സെന്‍സെക്‌സിനും നിഫ്റ്റിക്കും തുണയായി. വ്യാഴാഴ്ച്ചത്തെ കൂട്ടവില്‍പ്പനയെത്തുടര്‍ന്നുള്ള കുറഞ്ഞ വാല്യുവേഷനുകള്‍ മുതലെടുക്കുന്ന തിരക്കിലായിരുന്നു ഇന്നു നിക്ഷേപകര്‍', ജിയോജിത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറയുന്നു.
വെള്ളിയാഴ്ച്ച ഒന്നുരണ്ടു സ്‌റ്റോക്കുകള്‍ വിസ്മയിപ്പിക്കുന്ന ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അപ്പര്‍ സര്‍ക്യൂട്ട് തൊട്ട ബെസ്റ്റ് അഗ്രോലൈഫ്, അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസ് പോലുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.
വെള്ളിയാഴ്ച്ച കയ്യടി നേടിയവര്‍ ആരൊക്കെയെന്നും നിറംകെട്ടവര്‍ ആരൊക്കെയെന്നും ചുവടെ കാണാം.
1. ബെസ്റ്റ് അഗ്രോലൈഫ്
അഗ്രോകെമിക്കല്‍ ബിസിനസില്‍ ഏര്‍പ്പെടുന്ന ബെസ്റ്റ് അഗ്രോലൈഫാണ് വെള്ളിയാഴ്ച്ച ഏറ്റവുമധികം കയ്യടി വാങ്ങിയത്. 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിന് കമ്പനി സാക്ഷിയായി. കളനാശിനി രംഗത്തെ കണ്ടുപിടുത്തതിന് കേന്ദ്ര സര്‍ക്കാര്‍ പേറ്റന്റ് അനുവദിച്ചതിന് പിന്നാലെയാണ് ബെസ്റ്റ് അഗ്രോലൈഫിന്റെ ഓഹരി വില കുതിച്ചുയര്‍ന്നത്. വെള്ളിയാഴ്ച്ച 956.70 രൂപയില്‍ ബെസ്റ്റ് അഗ്രോലൈഫ് ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചു. നിലവില്‍ കമ്പനിയുടെ അനുബന്ധ സ്ഥാപനം ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ത്ത് പാര്‍ട്ണര്‍ സോളാര്‍ പവറില്‍ പുതിയ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ്.
2. അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസ്
എന്‍സൈം നിര്‍മാതാക്കളായ അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസ് 18 ശതമാനം നേട്ടത്തിലാണ് വെള്ളിയാഴ്ച്ച ഇടപാടുകള്‍ അവസാനിപ്പിച്ചത്. 310.35 രൂപയിലേക്ക് കമ്പനിയുടെ ഓഹരി വില എത്തിനില്‍ക്കുന്നു. അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ സെവന്‍ കാന്യണ്‍സ് അഡൈ്വസേഴ്‌സുമായി സ്ഥാപന നിക്ഷേപകര്‍ കൂടിക്കാഴ്ച്ച നടത്തിയ പശ്ചാത്തലത്തിലാണ് അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസിന്റെ ഉയര്‍ച്ച. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ശരാശരി ട്രേഡ് വോളിയവുമായി ഒത്തുനോക്കുമ്പോള്‍ സ്റ്റോക്കില്‍ ഇന്നുനടന്ന ഇടപാടുകളുടെ എണ്ണം പലമടങ്ങ് വലുതാണ്.
3. ഓറിയന്റ് ബെല്‍
കഴിഞ്ഞദിവസത്തെ കുത്തനെയുള്ള വീഴ്ച്ചയുടെ ക്ഷീണം ടൈല്‍ നിര്‍മാതാക്കളായ ഓറിയന്റ് ബെല്‍ ഇന്നു തീര്‍ത്തു. 18 ശതമാനം നേട്ടത്തിലാണ് കമ്പനി ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 50 ശതമാനത്തോളം നേട്ടം തിരിച്ചുനല്‍കാന്‍ ഓറിയന്റ് ബെല്ലിന് കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില 577 രൂപ.
4. ധന്‍വര്‍ഷ ഫിന്‍വെസ്റ്റ്
വെള്ളിയാഴ്ച്ച നിക്ഷേകര്‍ അതീവ താത്പര്യം കാട്ടിയ സ്‌റ്റോക്കുകളില്‍ ഒന്നാണ് സാമ്പത്തികകാര്യ രംഗത്തു പ്രവര്‍ത്തിക്കുന്ന ധന്‍വര്‍ഷ ഫിന്‍വെസ്റ്റ്. ബാങ്കിതര ധനകാര്യ സ്ഥാപനമായ ഇസി കാപ്പിറ്റലുമായി സഹകരിച്ച് സ്വര്‍ണ വായ്പകള്‍ ലഭ്യമാക്കുമെന്ന കമ്പനിയുടെ പ്രഖ്യാപനം ഓഹരി വിപണിയില്‍ ചലനം സൃഷ്ടിച്ചു. 15 ശതമാനം നേട്ടത്തോടെ 128 രൂപ കുറിച്ചുകൊണ്ടാണ് ധന്‍വര്‍ഷ ഫിന്‍വെസ്റ്റ് വെള്ളിയാഴ്ച്ച തിരശ്ശീലയിട്ടത്.
5. നഹര്‍ പോളിഫിലിംസ്
പാക്കേജിങ് രംഗത്ത് ഏറെ ആവശ്യമായ 'ബോപ്പ്' (BOPP) ഫിലിമുകളുടെ ഉത്പാദകരും വിതരണക്കാരുമാണ് നഹര്‍ പോളിഫിലിംസ്. നിര്‍മാണശാലയില്‍ മറ്റൊരു 'ബോപ്പ് ബ്രൂഷ്‌നര്‍' ലൈന്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ കുതിപ്പ്. വെള്ളിയാഴ്ച്ച 14 ശതമാനം ഉയരാന്‍ നഹര്‍ പോളിഫിലിംസ് ഓഹരികള്‍ക്ക് സാധിച്ചു. 394.70 രൂപയിലാണ് കമ്പനി ഇടപാടുകള്‍ നിര്‍ത്തിയതും. അടുത്തിടെ ഉത്പാദനശേഷി വര്‍ധിപ്പിക്കാന്‍ നഹര്‍ പോളിഫിലിംസ് നടപടികള്‍ എടുത്തിരുന്നു.
6. എന്‍ബിസിസി (ഇന്ത്യ)
നിര്‍മാണ രംഗത്തു പ്രവര്‍ത്തിക്കുന്ന എന്‍ബിസിസി 13 ശതമാനം നേട്ടമാണ് വെള്ളിയാഴ്ച്ച കുറിച്ചത്. ഇതോടെ കമ്പനിയുടെ ഓഹരി വില 39 രൂപയിലേക്ക് ഉയര്‍ന്നു. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് സെഗ്മന്റില്‍ വിലക്ക് നീങ്ങിയ സാഹചര്യത്തിലായിരുന്നു സ്‌റ്റോക്കിന്റെ കുതിപ്പ്.
ഏതൊക്കെ സ്റ്റോക്കുകള്‍ കൂപ്പുകുത്തി?
1. വെസുവിയസ് ഇന്ത്യ
മെറ്റല്‍ സെക്ടറില്‍ എഞ്ചിനീയറിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് വെസുവിയസ് ഇന്ത്യ. ഡിസംബര്‍ പാദഫലമാണ് വെസുവിയസ് ഇന്ത്യയുടെ ഇന്നത്തെ തകര്‍ച്ചയ്ക്ക് കാരണം. കഴിഞ്ഞപാദം കമ്പനിയുടെ അറ്റാദായം 19 ശതമാനം ഇടിഞ്ഞ് 13.14 രൂപയായി ചുരുങ്ങി. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതും കമ്പനിക്ക് ക്ഷീണം ചെയ്യുന്നുണ്ട്. പ്രോഗ്രസ് റിപ്പോര്‍ട്ട് മോശമായതിനെ തുടര്‍ന്ന് 5 ശതമാനം ഇടിവ് വെസുവിയസ് ഇന്ത്യയെ തേടിയെത്തി. ഓഹരി വില 977.05 രൂപ.
2. ഒലെക്ട്ര ഗ്രീന്‍ടെക്ക്
ഇലക്ട്രിക് ബസ് നിര്‍മാതാക്കളായ ഒലെക്ട്ര ഗ്രീന്‍ടെക്കിനും നിറംകെട്ട ദിവസമായിരുന്നു ഇന്ന്. പ്രതിദിന ചാര്‍ട്ടുകളിലെ ദുര്‍ബലമായ ടെക്‌നിക്കല്‍ സെറ്റപ്പിനെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില 5 ശതമാനം ഇടിഞ്ഞ് 608.05 രൂപയിലെത്തി. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ശരാശരി ട്രേഡ് വോളിയവുമായി ഒത്തുനോക്കുമ്പോള്‍ സ്റ്റോക്കില്‍ ഇന്നുനടന്ന ഇടപാടുകളുടെ എണ്ണം പലമടങ്ങ് വലുതാണ്.
3. ഹെക്‌സ ട്രേഡക്‌സ്
ദുര്‍ബലമായ ടെക്‌നിക്കല്‍ സെറ്റപ്പിനെ തുടര്‍ന്ന് വന്‍വീഴ്ച്ച നേരിട്ട മറ്റൊരു സ്റ്റോക്കാണ് ഹെക്‌സ ട്രേഡക്‌സ്. വെള്ളിയാഴ്ച്ച 5 ശതമാനം ലോവര്‍ സര്‍ക്യൂട്ടിന് ഈ സ്‌മോള്‍ കാപ്പ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ഇരയായി. 116.85 രൂപയിലാണ് ഹെക്‌സ ട്രേഡക്‌സ് വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ ആറാഴ്ച്ച കൊണ്ട് നിക്ഷേപകര്‍ക്ക് 30 ശതമാനത്തിലേറെ നഷ്ടം ഹെക്‌സ ട്രേഡക്‌സില്‍ സംഭവിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications