കോവിഡ് പ്രതിസന്ധിക്കു ശേഷമുളള വിപണിയിലെ കുതിപ്പിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ ഓഹരികളുടെ കൂട്ടത്തിലുള്ളവയാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍. മിക്ക ഗ്രൂപ്പ് സ്‌റ്റോക്കുകളും നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ചു. അദാനി ഗ്രൂപ്പ് ഓഹരികളുടെ കുതിപ്പിന് തടയിടാന്‍ അടുത്തിടെ വിപണിയില്‍ സംജാതമായിരിക്കുന്ന ആശങ്കകള്‍ക്കും കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറി സഞ്ചരിക്കുന്നതിനിടെയാണ് ഗ്രൂപ്പിന് കീഴിലുള്ള എഫ്എംസിജി കമ്പനിയായ അദാനി വില്‍മര്‍ ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കി ദ്വതീയ വിപണിയിലേക്ക് കടന്നു വന്നത്.
രണ്ടു മാസം മുമ്പ് ഫെബ്രുവരി 8-നാണ് അദാനി വില്‍മര്‍ ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നത്. പതിഞ്ഞ തുടക്കം മാത്രമാണ് ഓഹരിക്ക് ആദ്യദിനത്തില്‍ ലഭിച്ചത്. അതിന് പിന്നാലെ റഷ്യ- ഉക്രൈന്‍ സംഘര്‍ഷം കാരണം വിപണി തിരുത്തലിന്റെ പാതയിലേക്ക് വീണു. എന്നാല്‍ അദാനി വില്‍മര്‍ ഓഹരികളില്‍ അഭൂതപൂര്‍വമായ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. 221 രൂപയ്ക്ക് ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരി ഇന്ന് രാവിലെ 709 രൂപ നിലവാരത്തില്‍ തൊട്ടു.
അതായത്, രണ്ടു മാസത്തില്‍ 220 ശതമാനം നേട്ടമാണ് അദാനി വില്‍മര്‍ ഓഹരികള്‍ നല്‍കിയത്. ഈയൊരു പശ്ചാത്തലത്തില്‍ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയെ കുറിച്ച് സൂചിപ്പിച്ചത് താഴെ ചേര്‍ക്കുന്നു.
ടിപ്‌സ്- 2- ട്രേഡ്
കഴിഞ്ഞ ഒരു മാസക്കാലയളവില്‍ അദാനി വില്‍മര്‍ ഓഹരികള്‍ 85 ശതമാനം മുന്നേറിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാലും വിപണിയിലെ സാഹചര്യം മുതലാക്കി ഉത്പന്നത്തിന്റെ വില പുനര്‍നിര്‍ണയിക്കാനും സാധിക്കുന്നതാണ് ഭക്ഷ്യയെണ്ണ മേഖലയിലെ കുതിപ്പിന് കാരണം. ഓഹരിയെ ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഓവര്‍ബോട്ട് (Overbougth) ആണെന്ന് കാണാനാകും. അതിനാല്‍ ഓഹരിയില്‍ നിന്നും ഭാഗിക ലാഭമെടുപ്പ് ഉചിതമായിരിക്കും. ഓഹരി 460- 475 നിലവാരത്തിലേക്ക് താഴ്ന്നു വരുമ്പോള്‍ ഓഹരി വീണ്ടും വാങ്ങിക്കുന്നതാവും മികച്ച നേട്ടത്തിന് നല്ലതെന്നും ടിപ്സ്- 2- ട്രേഡിലെ പവിത്ര ഷെട്ടി ചൂണ്ടിക്കാട്ടി.
എഡല്‍വീസ്
അദാനി വില്‍മര്‍ ഓഹരിയിലെ കുതിപ്പിന് താമസിയാതെ വിരാമമാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്. ഓഹരിക്ക് 'ഹോള്‍ഡ്' (Hold) റേറ്റിങ്ങാണ് എഡല്‍വീസ് നല്‍കിയിരിക്കുന്നത്. അടുത്ത 12 മാസക്കാലയളവില്‍ ഓഹരി 559 രൂപയിലേക്ക് തിരുത്തല്‍ നേരിടാം. ഇത് നിലവിലെ ഓഹരിയുടെ വിപണി വിലയേക്കാള്‍ 20 ശതമാനത്തിലധികം താഴ്ന്ന നിലവാരമാണ്. കമ്പനിയുടെ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളൊക്കെ ഇതിനോടകം ഓഹരി വിലയില്‍ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.
ജെപി മോര്‍ഗന്‍
രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ജെപി മോര്‍ഗനും അദാനി വില്‍മര്‍ (BSE: 543458, NSE: AWL) ഓഹരിയിലെ കുതിപ്പിന് അവസാനമാകാറായതായി സൂചിപ്പിച്ചു. ഓഹരിക്ക് ന്യൂട്രല്‍ (Neutral) റേറ്റിങ്ങാണ് വിദേശ ബ്രോക്കറേജ് സ്ഥാപനം നല്‍കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 2023 മാര്‍ച്ചില്‍ അദാനി വില്‍മര്‍ ഓഹരികള്‍ 367 രൂപയിലേക്ക് തിരുത്തല്‍ നേരിടുമെന്നാണ് പ്രവചിക്കുന്നത്. അതായത് നിലവിലെ ഓഹരിയുടെ വിപണി വിലയില്‍ നിന്നും 48 ശതമാനം താഴെയാണ് ജെപി മോര്‍ഗന്‍ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില.
അദാനി വില്‍മര്‍
അദാനി എന്റര്‍പ്രൈസസും സിങ്കപ്പൂരിലെ വില്‍മര്‍ ഗ്രൂപ്പും സംയുക്തമായി ആരംഭിച്ച എഫ്എംസിജി കമ്പനിയാണ് അദാനി വില്‍മര്‍. ഭക്ഷ്യയെണ്ണ, ആട്ട, പരിപ്പ്, പഞ്ചസാര തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഇവയില്‍ 'ഫോര്‍ച്യൂണ്‍' ബ്രാന്‍ഡിലുള്ള ഭക്ഷ്യയെണ്ണ ജനപ്രീതി നേടിയതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യയെണ്ണ ഉത്പാദകരാണ്. ഇതിനോടൊപ്പം പാക്കേജ്ഡ് ഫുഡ് വിഭാഗത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ അധിഷ്ഠിത ഭക്ഷ്യയെണ്ണയുടെ ഇറക്കുമതിക്കാരാണ്.
10 സംസ്ഥാനങ്ങളിലായി അദാനി വില്‍മറിന് കീഴില്‍ 22 നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നു. മുദ്രയില്‍ പ്രവര്‍ത്തിക്കുന്ന റീഫൈനറി, ഒരു പ്രദേശത്ത് സ്ഥാപിക്കപ്പെട്ട പ്ലാന്റിന്റെ ശേഷിയില്‍ ഒന്നാമതാണ്. രാജ്യമെമ്പാടും 16 ലക്ഷം റീട്ടെയില്‍ ഷോപ്പുകളിലൂടെ ശക്തമായ വിതരണ ശൃംഖലയും കെട്ടിപ്പടുത്തിട്ടുണ്ട്. അതേസമയം ഡിസംബര്‍ പാദത്തില്‍ 14,379 കോടിയാണ് വരുമാനം. അറ്റാദായം 211 കോടിയുമാണ് രേഖപ്പെടുത്തിയത്. 2021-24 സാമ്പത്തിക വര്‍ഷ കാലയളവില്‍ കമ്പനിയുടെ വില്‍പ്പന 9.3 ശതമാനവും വരുമാനം 19.9 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് അനുമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications