കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അനുനിമിഷം മാറിമറിയുന്ന വാര്‍ത്തകളുടേയും സംഭവവികാസങ്ങളുടേയും പശ്ചാത്തലത്തില്‍ വിപണികളും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴുതി മാറിയിരിക്കുകയാണ്. എങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ വരുന്ന തിരുത്തലുകള്‍ ദീര്‍ഘകാല നിക്ഷേപത്തിനുള്ള പ്രവേശന കവാടവുമാണ്. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചതും മഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് രംഗത്തെത്തി.
സെയില്‍
സ്റ്റീല്‍ ഉത്പാദനത്തില്‍ ഇന്ത്യയില്‍ ഒന്നാമതും ലോകത്ത് ഇരുപതാം സ്ഥാനത്തും നില്‍ക്കുന്ന മഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ അഥവാ സെയില്‍ (SAIL). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 വന്‍കിട സ്റ്റീല്‍ പ്ലാന്റുകളും 3 സവിശേഷ നിര്‍മാണ ശാലകളും ഒരു ഉപകമ്പനിയും സെയിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ 50-ഓളം വിവിധ സ്റ്റീല്‍ ഉത്പന്നങ്ങള്‍ 500 ഗ്രേഡിലും 5000-ലേറെ അളവുകളിലും നിര്‍മിക്കുന്നു. നിലവില്‍ 1.63 കോടി മെട്രിക് ടണ്‍ ആണ് വാര്‍ഷിക ഉത്പാദന ശേഷി. ഭിലായ്, റൂര്‍ക്കേല, ദുര്‍ഗാപൂര്‍, അസന്‍സോള്‍, ബൊക്കാറൊ എന്നിവിടങ്ങളിലാണ് സെയിലിന്റെ വന്‍കിട പ്ലാന്റുകളുള്ളത്. നിലവില്‍ 40,004 കോടി രൂപയാണ് വിപണി മൂലധനം.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തിലും ലാഭത്തിലും വര്‍ധന രേഖപ്പെടുത്തുന്നു. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും താമസിയാതെ വളര്‍ച്ചാവേഗം തിരിച്ചു പിടിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 25,247 കോടി രൂപയാണ് സംയോജിത വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 27 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 4.11 ശതമാനം വര്‍ധിച്ച് 1,528 കോടിയിലെത്തി. പ്രതിയോഹരി വരുമാനം 3.55-ല്‍ നിന്നും 3.70-ലേക്ക് മെച്ചപ്പെടുത്തി.
അനുകൂല ഘടകങ്ങള്‍
സെയിലിന്റെ (BSE: 500113, NSE: SAIL) കീഴിലുള്ള വിവിധ പ്ലാന്റുകളുടെ ആധുനികവത്കരണവും വികസനവും പൂര്‍ത്തിയാക്കാറായിട്ടുണ്ട്. ഇതോടെ വാര്‍ഷിക ശേഷി 2.02 കോടി മെട്രിക് ടണ്‍ ആയി ഉയരും. നിലവില്‍ ഉത്പാദന ശേഷിയുടെ വിനിയോഗം 1.46 കോടി ടണ്ണാണ്. അതുപോലെ വരുന്ന സാമ്പത്തിക വര്‍ഷങ്ങളില്‍ സ്റ്റീല്‍ വിലയും ലാഭത്തിന്റെ മാര്‍ജിനും മെച്ചപ്പെടുമെന്നാണ് അനുമാനം.
ഓഹരി വിശദാംശം
സമീപകാലത്തായി മികച്ച രീതിയില്‍ ലാഭവിഹിതം നല്‍കുന്ന സെയലിന്റെ ഡിവിഡന്റ് യീല്‍ഡ് 2.89 ശതമാനമാണ്്. ഓഹരിയുടെ ബുക്ക് വാല്യൂ 109.93 ആണെന്നതും ശ്രദ്ധേയം. സ്റ്റീല്‍ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ (പ്രൈസ് ടു ഏണിങ്) 13.32 ആയിരിക്കുമ്പോള്‍ സെയിലിന്റേത് 3.02 മാത്രമാണ്. ഡിസംബര്‍ പാദത്തില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരിയിലെ പങ്കാളിത്തം ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, വിദേശ നിക്ഷേപകര്‍ പങ്കാളിത്തം കുറച്ചു. സെയിലിന്റെ 65 ശതമാനം ഓഹരികളും നിലവില്‍ സര്‍ക്കാരിന്റെ കൈവശമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 ശതമാനത്തോളം ഓഹരി വിഹിതം സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്.
ലക്ഷ്യവില 200
വെള്ളിയാഴ്ച സെയിലിന്റെ ഓഹരികള്‍ 96.85 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 200 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനികം 107 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 151.30 രൂപയും കുറഞ്ഞ വില 63.25 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 8 ശതമാനത്തോളം തിരുത്തലുണ്ടായി. എങ്കിലും ഒരു വര്‍ഷ കാലയളവില്‍ നിക്ഷേപകര്‍ക്ക് 45 ശതമാനത്തോളം നേട്ടം സമ്മാനിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications