തുടര്‍ച്ചയായ അവധികള്‍ക്കു ശേഷം വിപണി വീണ്ടും തിങ്കളാഴ്ച മുതല്‍ സജീവമാകുമ്പോള്‍ സമീപ ഭാവിയിലേക്കുള്ള തുടര്‍നീക്കം തീരുമാനിക്കുന്നത് കോര്‍പറേറ്റ് കമ്പനികളുടെ നാലാം പാദ സാമ്പത്തിക ഫലങ്ങള്‍ക്ക് അനുസൃതമായിരിക്കും. ഇതിനിടെ അടിസ്ഥാനപരമായി മികച്ച സ്‌മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനായ സെന്‍ട്രം ബ്രോക്കിങ് രംഗത്തെത്തി. ദക്ഷിണേന്ത്യയിലെ മുന്‍നിര സിമന്റ് കമ്പനികളിലൊന്നായ ഓറിയന്റ് സിമന്റ്‌സിലാണ് നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഓറിയന്റ് സിമന്റ്
രാജ്യത്തെ മുന്‍നിര സിമന്റ് ഉല്‍പ്പാദന കമ്പനിയാണ് ഒറിയന്റ് സിമന്റ് ലിമിറ്റഡ് (BSE: 535754, NSE: ORIENTCEM). പ്രമുഖ ബിസിനിസ് സംരംഭകരായ സികെ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണിത്. ഒഡീഷയിലെ ഭുവനേശ്വര്‍ ആസ്ഥാനമായി 2011-ലാണ് തുടക്കം. വിവിധതരം സിമന്റുകളും നിര്‍മ്മാണത്തിനു വേണ്ട മറ്റ് സാമഗ്രികളുടേയും നിര്‍മാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും കമ്പനിക്ക് നിര്‍മ്മാണശാലകള്‍ ഉണ്ട്. 60 ലക്ഷം ടണ്ണാണ് വാര്‍ഷിക ഉത്പാദന ശേഷി. 50 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പവര്‍ പ്ലാന്റും കമ്പനിക്ക് സ്വന്തമായുണ്ട്.
അനുകൂല ഘടകം
ഈട് (Pledge) നല്‍കിയിരുന്ന 20 ശതമാനത്തോളം ഓഹരികളും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പ്രമോട്ടര്‍ തിരികെയെടുത്തു. വാര്‍ഷിക പ്രതിയോഹരി വരുമാനവും ബുക്ക് വാല്യൂവും കഴിഞ്ഞ 2 വര്‍ഷമായി മെച്ചപ്പെടുത്തുന്നുണ്ട്. ഇതിനോടൊപ്പം വിശ്വാസ്യതയും പ്രവൃത്തി പാരമ്പര്യവുമുള്ള മാനേജ്മെന്റിന് വിപണിയിലെ വിലക്കയറ്റം പോലുള്ള സാഹചര്യങ്ങളെ മറികടക്കാനാകും. കൂടാതെ, ഗ്രാമീണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് റീട്ടെയില്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനും അതുവഴി ഭാവി വളര്‍ച്ചയ്ക്കും ഉപകരിക്കും. ഉത്പന്ന വില വര്‍ധിപ്പിച്ച് അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം നേരിടാനും ശ്രമിക്കുന്നു.
ഓഹരി വിശദാംശം
സിമന്റ് വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 34.12 ആയിരിക്കുമ്പോള്‍ ഓറിയന്റ് സിമന്റ്സിന്റേത് 10.72 നിരക്കിലാണെന്നതും ശ്രദ്ധേയം. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.32 ശതമാനമാണ്. നിലവില്‍ 3,108 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 63.74 രൂപയാണ്. ഓറിയന്റല്‍ സിമന്റ്‌സിന്റെ ഓഹരികളില്‍ 37.37 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 15.41 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 6.64 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 40.58 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
പയട്രിയോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഓറിയന്റ് സിമന്റ്‌സിന്റെ സാമ്പത്തിക നിലവാരം ശക്തമാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനത്തില്‍ 1.5 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 21.7 ശതമാനവും അറ്റാദായത്തില്‍ 69.2 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച കാണിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 617.53 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 2.14 ശതമാനം വര്‍ധനവാണ്.
മൂന്നാം പാദത്തിലെ അറ്റാദായം 43.67 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം ഇടിവാണ് കാണിച്ചത്. ഇതോടെ പ്രതിയോഹരി വരുമാനം 2.63 രൂപയില്‍ നിന്നും 2.13-ലേക്ക് താഴ്ന്നു. അതേസമയം, കഴിഞ്ഞ 12 മാസക്കാലയളവിലെ പ്രതിയോഹരി വരുമാനം 14.15 രൂപയാണ്.
ലക്ഷ്യവില 220
ബുധനാഴ്ച 151.75 രൂപയിലാണ് ഓറിയന്റ് സിമന്റ്സിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 220 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്ന് സെന്‍ട്രം ബ്രോക്കിങ് സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 46 ശതമാനം നേട്ടം സ്വന്തമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 185.55 രൂപയും താഴ്ന്ന വില 76.15 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 10 ശതമാനത്തോളം നേട്ടം ഓഹരി വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതോടെ ഒരു വര്‍ഷക്കാലയളവിലെ നേട്ടം 51 ശതമാനത്തോളമായും രേഖപ്പെടുത്തുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications