പുതിയ സാമ്പത്തിക വര്‍ഷം നാളെ ആരംഭിക്കാനൊരുങ്ങുമ്പോള്‍ ഒപ്പം ആദായ നികുതി സംബന്ധിച്ചുള്ള ചില മാറ്റങ്ങളും നാളെ മുതല്‍ നടപ്പിലാവുകയാണ്.
പുതിയ സാമ്പത്തിക വര്‍ഷം നാളെ ആരംഭിക്കാനൊരുങ്ങുമ്പോള്‍ ഒപ്പം ആദായ നികുതി സംബന്ധിച്ചുള്ള ചില മാറ്റങ്ങളും നാളെ മുതല്‍ നടപ്പിലാവുകയാണ്. ആദായ നികുതിയുടെ കാര്യത്തിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന കാര്യങ്ങളിലും ഉള്‍പ്പെടെയുള്ള പുതിയ മാറ്റങ്ങള്‍ ഏതൊരു നികുതി ദായകനും അറിഞ്ഞിരിക്കേണ്ടതുണ്ട്. പുതിയ സാമ്പത്തിക വര്‍ഷത്തിലും നികുതി നടപടികളും മറ്റ് സാമ്പത്തിക ഇടപാടുകളും ആസൂത്രണങ്ങളും എളുപ്പമാക്കുവാന്‍ ഇതുവഴി സാധിക്കും.
ജീവനക്കാര്‍ക്ക്
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഓരോ ജീവനക്കാരനും എന്തൊക്കെ കാര്യങ്ങളിലാണ് പുതുതായി മാറ്റങ്ങള്‍ വന്നിട്ടുള്ളത് എന്ന് നമുക്ക് നോക്കാം. പിഎഫ് വിഹിതത്തില്‍ നിന്നും ലഭിക്കുന്ന ആദായത്തിന് നികുതി ഈടാക്കും എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒരു കാര്യം. എന്നാല്‍ ഇത് എല്ലാ ജീവനക്കാര്‍ക്കും ബാധകമല്ല കേട്ടോ. വാര്‍ഷിക ശമ്പളം കൂടുതലുള്ളവരാണ് ഇത് ശ്രദ്ധിക്കേണ്ടത്. അതായത് അഞ്ച് ലക്ഷം രൂപയില്‍ കൂടുതലുള്ള പിഎഫ് വിഹിതത്തിന് ലഭിക്കുന്ന വരുമാനത്തിന്മേലാണ് നികുതി ഈടാക്കുക. നിലവില്‍ ഇതു വരെ ഒരു ജീവനക്കാരന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നു ലഭിച്ചിരുന്ന തുക നികുതി രഹിതമായ വരുമാനമായിരുന്നു. പുതിയ മാറ്റം ഏതായാലും കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാരെ ബാധിക്കുകയില്ല.
പിഎഫ് നിക്ഷേപം
അതേസമയം നികുതി ഈടാക്കാന്‍ ആരംഭിക്കുന്നുവെന്ന് കരുതി ജീവനക്കാര്‍ക്കിടയില്‍ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ ആകര്‍ഷണീയത കുറയുകയൊന്നുമില്ല. പിഎഫ് നിക്ഷേപം വകുപ്പ് 80C യുടെ കീഴില്‍ വരുന്നത് കൊണ്ടും ഒപ്പം മികച്ച പലിശ ലഭിക്കുന്നതിനാലും ജീവനക്കാരുടെ പ്രിയപ്പെട്ട നിക്ഷേപ പദ്ധതിയായിത്തന്നെ പിഎഫ് തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം നികുതി രഹിത നിക്ഷേപമായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടും നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായം ഉറപ്പു നല്‍കുന്നു.
ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം ജീവനക്കാര്‍ക്കായി കഴിഞ്ഞ ഒക്ടോബര്‍ മാസം പ്രഖ്യാപിച്ച അവധിക്കാല യാത്രാ ആനുകൂല്യത്തിന്റെ കാലാവധിയും ഇന്നത്തോടെ അവസാനിക്കുകയാണ് എന്നതാണ്.
മുതിര്‍ന്ന പൗരന്മാര്‍ക്ക്
മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല എന്നതും പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രധാന മാറ്റമാണ്. 75 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാ രാമന്‍ കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും പെന്‍ഷന്‍ വരുമാനവും പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നുള്ള പലിശ വരുമാനവും മാത്രമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബാങ്ക് അക്കൗണ്ടില്‍ നിന്നുള്‍പ്പടെ ഏതെങ്കിലും തരത്തിലുള്ള മറ്റ് വരുമാനമോ ആദായമോ ഉള്ളവര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.
ആദായ നികുതി റിട്ടേണ്‍
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടികളാകും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കൈക്കൊള്ളുക. ഇതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ 2021ലെ കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇനി മുതല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉയര്‍ന്ന ടിഡിഎസ് (ഉറവിടത്തില്‍ നിന്ന് പിടിക്കുന്ന നികുതി) ഈടാക്കുകയാണ് ചെയ്യുക. രണ്ട് വര്‍ഷം ഇതേ രീതിയില്‍ തുടര്‍ച്ചയായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരില്‍ നിന്നും ഇരട്ടി ടിഡിഎസ് തുകയാണ് ഈടാക്കുക. പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇക്കാര്യം മറക്കാതിരിക്കുക.
ഐടിആര്‍ ഫോമുകള്‍
ഒപ്പം ഓഹരി നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന ആദായം, ബാങ്ക് - പോസ്റ്റ് ഓഫീസ് തുടങ്ങിയവയിലെ നിക്ഷേപങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന ആദായം എന്നീ വരുമാനങ്ങളൊക്കെ മുന്‍കൂട്ടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇനി മുതല്‍ ഐടിആര്‍ ഫോമുകള്‍ ലഭിക്കുക. നിലവില്‍ ഇതുവരെ നികുതി ദായകന്റെ വിവരങ്ങളും ശമ്പള, ടിഡിഎസ് കാര്യങ്ങളും മാത്രമാണ് ഫോമുകളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. നികുതി വല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നികുതിദായകര്‍ക്ക് ആശയക്കുഴപ്പം സംഭവിക്കുന്നത് ഒഴിവാക്കുവാനാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഏതായാലും നികുതി ദായകര്‍ തങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റും മറ്റ് വരുമാന മാര്‍ഗങ്ങളും തമ്മില്‍ ഒത്തു നോക്കി ഉറപ്പുവരുത്തുന്നത് ഇനി മുതല്‍ നന്നായിരിക്കും.


Click it and Unblock the Notifications