കഴിഞ്ഞ മൂന്ന് മാസങ്ങളായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 140 അടിസ്ഥാന നിരക്ക് വര്‍ധനവ് വരുത്തിയപ്പോള്‍ ബാങ്കുകളുടെ നിരക്കിലും ഇത് പ്രകടമായി. പരമ്പരാഗത നിക്ഷേപ രീതി പിന്തുടരുന്ന സ്ഥിര നിക്ഷേപകര്‍ക്ക് ഇത് ചെറുതല്ലാത്ത ആശ്വാസമാണ് നല്‍കിയത്.
കോവിഡിനെ തുടര്‍ന്ന് തന്നേ താഴ്ന്ന നിലയിലേക്ക് പോയ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ആശ്വാസകരമായ നിലയിലേക്ക് എത്തിയത് ഈ മാസങ്ങളിലാണ്. നിലവിലെ സാഹചര്യത്തില്‍ 1, 3, 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ നൽകുന്ന പലിശ നിരക്ക് പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് നിക്ഷേപം
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ക്ക് പൊതുവില്‍ ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ആരാധകരുണ്ട്. എളുപ്പത്തില്‍ ഇടപാട് നടത്താമെന്നതും പലിശ നിരക്കും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പ്രത്യേകതയാണ്. മറ്റു നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദങ്ങളിലും പലിശ നിരക്കുകള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ പുനര്‍ നിശ്ചയിക്കുകയും ചെയ്യും. പോസ്റ്റ് ഓഫീസുകളില്‍ ചേരാവുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്. 2022 സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന പാദത്തിലേക്ക് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിന്റെ പലിശ നിരക്കുകള്‍ നോക്കാം.
1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 6.7 ശതമാനം പലിശലഭിക്കും. 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ 80സി പ്രകാരം നികുതിയിളവ് ലഭിക്കും.
ബാങ്കുകളിലെ പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ പൂർണമായും കേന്ദ്രസർക്കാർ ഗ്യാരണ്ടിയുള്ളതിനാൽ നിക്ഷേപകർക്ക് പേടിക്കേണ്ടതില്ല. പൊതുമേഖലാ ബാങ്കുകളും മുൻനിര സ്വകാര്യ ബാങ്കുകളും സുരക്ഷിതത്വത്തിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. ഇതോടൊപ്പം ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപ വരെ റിസർവ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസുണ്ട്.
ബാങ്ക് തകർന്നാൽ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ തിരികെ ലഭിക്കും. രാജ്യത്തെ മുൻനിര ബാങ്കുകളായ എച്ച്ഡിഎഫ്സി, ഐസിഐസിഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ പലിശ നിരക്കുകൾ നോക്കാം.
എച്ച്ഡിഎഫ്‌സി ബാങ്ക് - എച്ച്ഡിഎഫ്‌സി ബാങ്കില്‍ 1 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 5.5 ശതമാനമാണ് പലിശ നല്‍കുന്നത്. 3 വര്‍ഷം 1 ദിവസം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.1 ശതമാനം പലിശ ലഭിക്കും.
ഐസിഐസിഐ ബാങ്ക്- ഐസിഐസിഐ ബാങ്കില്‍ പുതുക്കിയ പലിശ നിരക്ക് പ്രകാരം 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം മുതല്‍ 5.6 ശതമാനം വരെ പലിശ ലഭിക്കും. 3 വര്‍ഷം 1 ദിവസം മുതല്‍ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 6.1 ശതമാനമാണ് പലിശ നിരക്ക്.
എസ്ബിഐ- രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.45 ശതമാനം മുതല്‍ 5.50 ശതമാനം വരെ പലിശ ലഭിക്കും. 3 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് എസ്ബിഐ നല്‍കുന്ന പലിശ നിരക്ക് 5.6 ശതമാനമാണ്.
ബാങ്കുകളിൽ നിക്ഷേപിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ അപേക്ഷിച്ച് പലിശ നിരക്ക് കുറവാണ്. എന്നാൽ മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.50 ശതമാനം വരെ ഉയർന്ന പലിശ നൽകുന്നുണ്ട്. ഈ ഉയർന്ന നിരക്ക് പോസ്റ്റ് ഓഫീസിൽ നിന്ന ലഭിക്കില്ല.


Click it and Unblock the Notifications