അധ്വാനിച്ചുണ്ടാക്കിയ പണം സുരക്ഷിതമായി വളർത്തിയെടുക്കാൻ സഹായിക്കുന്നൊരു മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പണം സ്ഥിര നിക്ഷേപമിടുന്നത് കൂടുതൽ സുരക്ഷിതത്വം നൽകുന്നു. പോസ്റ്റ് ഓഫീസിൽ നിന്ന് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ എന്ന പേരിലാണ് സ്ഥിര നിക്ഷേപം ലഭിക്കുന്നത്. 1-5 വർഷത്തേക്കുള്ള ഈ സ്ഥിര നിക്ഷേപങ്ങളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളും നിക്ഷേപത്തിന് പൊതുവെ പരിഗണിക്കുന്നവയാണ്.
2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് സർക്കാർ ഉയർത്തിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർധിപ്പിക്കുന്നതിന് അനുസരിച്ച് ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. ഇവിടെ പോസ്റ്റ് ഓഫീസ്, ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ ഏതിന് മികച്ച പലിശ ലഭിക്കും എന്നത് സംബന്ധിച്ച് ആശയകുഴപ്പത്തിലാകും ഭൂരിഭാഗം നിക്ഷേപകരും.

എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ പ്രധാന ബാങ്കുകളുടെ പലിശ നിരക്കും പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് പലിശ നിരക്കും തമ്മിലുള്ള താരതമ്യം നോക്കാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 50 അടിസ്ഥാന നിരക്കാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്. പുതിയ നിരക്കുകൾ 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലേക്ക് ബാധകമായിരിക്കും. 1 വർഷത്തെ ടൈം ഡെപ്പോസിറ്റിന് 6.80 ശതമാനം പലിശ ലഭിക്കും. നേരത്തെ 6.6 ശതമാനമായിരുന്നു.
2 വർഷത്തെ ടൈം ഡെപ്പോസിറ്റ് പലിശ 6.8 ശതമാനത്തിൽ നിന്നും 6.9 ശതമാനമായി ഉയർത്തി. 3 വർഷ കാലാവധിയുള്ള ടൈം ഡെപ്പോസിറ്റുകൾക്ക് 7 ശതമാനം പലിശ ലഭിക്കും. നേരത്തെ 6.9 ശതമാനമായിരുന്നു പലിശ നിരക്ക്. 7 ശതമാനമായിരുന്ന 5 വർഷ ടൈം ഡെപ്പോസിറ്റിന്റെ പലിശ 7.50 ശതമാനമാക്കിയും ഉയർത്തി.
എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സാധാരണ പൗരന്മാർക്ക് 1 വർഷം മുതൽ 2 വർഷത്തിൽ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.8 ശതമാനം പലിശ നൽകും. 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള കാലയളവിൽ 7 ശതമാനവും 3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള കാലാവധിയിൽ 6.50 ശതമാനം പലിശയും നൽകും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം പ്രീമിയം നിരക്ക് ലഭിക്കും. 5 വർഷത്തേക്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ ലഭിക്കുന്നുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ കാലയളവിന് 6.60 ശതമാനം പലിശയും 15 മാസം മുതൽ 18 മാസത്തിൽ താഴെ വരെ 7.10 ശതമാനം പലിശയും നൽകും.18 മാസം മുതൽ 5 വർഷം വരെയുള്ള കാലയളവിൽ ബാങ്ക് 7 ശതമാനം പലിശയാണ് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം പ്രീമിയം നിരക്ക് ലഭിക്കും.
ഐസിഐസിഐ ബാങ്ക്
1 വർഷം മുതൽ 15 മാസത്തിൽ താഴെ കാലയളവിൽ ഐസിഐസിഐ ബാങ്കിൽ നിന്ന് 6.70 ശതമാനം പലിശ ലഭിക്കുന്നുണ്ട്. 15 മാസം മുതൽ 2 വർഷം വരെ 7.10 ശതമാനം പലിശയും 2 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിൽ 7 ശതമാനം പലിശയും സാധാരണ നിക്ഷേപകർക്ക് നൽകുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്
പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് 1 വർഷം മുതൽ 665 ദിവസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 6.80 ശതമാനം പലിശയും 666 ദിവസങ്ങളിൽ 7.25 ശതമാനം പലിശയും നൽകുന്നു. 2-3 വർഷത്തിനിടയിൽ 6.75 ശതമാനം പലിശയും 3 വർഷത്തിന് മുകളി. 5 വർഷം വരെയുള്ള കാലയളവിലേക്ക് 6.50 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
സംഗ്രഹം
സാധരണ നിക്ഷേപകർക്ക് മികച്ച പലിശ നൽകുന്നത് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളാണ്. ഇവിടെ മുതിർന്ന പൗരന്മാർക്ക് പ്രത്യേക പലിശ നിരക്ക് ലഭിക്കില്ല. ബാങ്കുകളിൽ 60 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം പ്രീമിയം നിരക്ക് നൽകുന്നുണ്ട്.
എസ്ബിഐ വീകെയർ പദ്ധതി പ്രകാരം 5 വർഷത്തേക്ക് പ്രീമിയം നിരക്കിനൊപ്പം അധിക നിരക്കും നൽകും. ഇതുവഴി 5 വർഷ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ബാങ്കാണ് അനുയോജ്യം.


Click it and Unblock the Notifications