ബാങ്ക് സ്ഥിര നിക്ഷേപത്തെ പൊതുവെ സുരക്ഷിതമായ നിക്ഷേപമായാണ് പരിഗണിക്കുന്നത്. നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന സുരക്ഷിതത്വമാണ് ഇവിടെ എടുത്തു കാണിക്കപ്പെടുന്നത്. മറ്റു നിക്ഷേപ മാര്‍ഗങ്ങളായ ഓഹരി, മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തിൽ വിപണിയിലെ ചാഞ്ചാട്ടത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നഷ്ട സാധ്യതയുണ്ട്.
സ്ഥിര നിക്ഷേപത്തിൽ തുകയ്ക്ക് ഇത്തരത്തിലൊരു ചാഞ്ചാട്ടവും വരുന്നില്ല. എന്നാല്‍ സ്ഥിര നിക്ഷേപമിടുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്നൊരു കാര്യമാണ് പോസ്റ്റ് ടാക്‌സ് റിട്ടേണ്‍. നികുതി കിഴിച്ചുള്ള യഥാര്‍ഥ റിട്ടേണ്‍ പലപ്പോഴും ബാങ്ക് പറയുന്ന പലിശ നിരക്കിനേക്കാള്‍ കുറവായിരിക്കും. കൂടുതല്‍ വരുമാനമുള്ളവർക്കാണ് യഥാർഥ റിട്ടേണിൽ കുറവ് വരുന്നത്. അടിസ്ഥാന ഇളവ് പരിധിയേക്കാൾ വരുമാനം ഉള്ളവർ സ്ഥിര നിക്ഷേപമിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണിത്.
എന്തുകൊണ്ട് റിട്ടേണ്‍ കുറയുന്നു
സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള ആദായം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സ്രോതസില്‍ നിന്നുള്ള നികുതിയാണ്. സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തിന് മുകളില്‍ 10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി ബാങ്ക് ഈടാക്കും. ഇതോടൊപ്പം വരുമാനം നിക്ഷേപകന്റെ മൊത്തം വരുമാനത്തിനൊപ്പം ചേര്‍ത്ത് ടാക്‌സ് സ്ലാബിന് അനുസരിച്ചാണ് നികുതി ചുമത്തുക.

ഉയര്‍ന്ന ആദായ നികുതി സ്ലാബിന് കീഴില്‍ വരുന്നവരാണെങ്കില്‍ ടിഡിഎഫ് റീഫണ്ടിന് ക്ലെയിം ചെയ്യാന്‍ സാധ്യമല്ല. ഇത് സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള നികുതി കിഴിച്ചുള്ള വരുമാനം കുറയ്ക്കുന്നു.
ബാങ്കുകളിലെ യഥാർഥ റിട്ടേൺ
6 മാസ കാലയളവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നല്‍കുന്ന ശരാശരി പലിശ നിരക്ക് 5 ശതമാനമാണ്. നികുതി കിഴിച്ചുള്ള പലിശ നിരക്ക് 3.49 ശതമാനം മാത്രമാണ്. 5 വര്‍ഷത്തേക്ക് ഈ ബാങ്കുകള്‍ നല്‍കുന്ന ശരാശരി പലിശ നിരക്ക് 6.75 ശതമാനമാണ്. നികുതി കിഴിച്ചുള്ള റിട്ടേണ്‍ 4.9 ശതമാനമാണ്.
3 വര്‍ഷത്തേക്ക് ഈ ബാങ്കുകളിൽ നിന്ന് ശരാശരി 6.88 ശതമാനം പലിശ ലഭിക്കുന്നു. ഇത് കാലാവധിക്ക് ശേഷം നികുതി കിഴിച്ചുള്ള റിട്ടേണ്‍ പരിഗണിക്കുമ്പോള്‍ 4.91 ശതമാനമാണ് കയ്യില്‍ ലഭിക്കുന്നത്. 2 വര്‍ഷത്തേക്ക് ബാങ്കുകള്‍ ശരാശരി 6.98 ശതാമാനം പലിശ നല്‍കുന്നുണ്ട്. 1 വര്‍ഷത്തെ ശരാശരി പലിശ നിരക്ക് 6.73 ശതമാനമാണ്. പോസ്റ്റ് ടാക്‌സ് റിട്ടേണ്‍ യഥാക്രമം 4.93 ശതമാനവും 4.71 ശതമാനവുമാണ്.
സ്ഥിര നിക്ഷേപം ആര്‍ക്കൊക്കെ അനുയോജ്യം
ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കാണ് സ്ഥിര നി്‌ക്ഷേപത്തിലെ വരുമാനത്തില്‍ നിന്ന് നല്ലൊരു തുക നികുതിയായി നഷ്ടപ്പെടുന്നത്. അതേസമയം, വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെ വരുന്നവരാമെങ്കില്‍ സ്ഥിര നിക്ഷേപം വളരെ ആകര്‍ഷകമാണ്. നിലവിലെ പലിശ നിരക്കുയര്‍ന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ 9 ശതമാനം നിരക്കില്‍ പലിശ നല്‍കുന്നുണ്ട്. സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 9.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.60 ശതമാനം പലിശയും നല്‍കുന്നു.
മറ്റു മാര്‍ഗങ്ങള്‍ തേടുക
സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള 'യഥാര്‍ഥ' റിട്ടേണ്‍ എത്രയാണെന്ന് ഏകദേശ ധാരണയായ സ്ഥിതിക്ക് മികച്ച വരുമാനം ലഭിക്കുന്ന നിക്ഷേപങ്ങള്‍ കൂടി പരിഗണിക്കണം. മാര്‍ക്കറ്റ് ലിങ്ക്ഡ് നിക്ഷേപങ്ങള്‍ കൂടി പോര്‍ട്ട്‌ഫോളിയോയില്‍ ഉണ്ടായിരിക്കണമെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ഓഹരികളില്‍ നിക്ഷേപിക്കുകയോ മ്യൂച്വല്‍ ഫണ്ട് നിക്ഷേപമോ മികച്ച വരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
മ്യൂച്വല്‍ ഫണ്ട്, ഓഹരികളിലെ നിക്ഷേപത്തിനും നികുതി ബാധകമാണെങ്കിലും ദീര്‍ഘകാല നിക്ഷേപത്തിലൂടെ ലഭിക്കുന്ന ഉയര്‍ന്ന വരുമാനം നികുതി ഇനത്തില്‍ നഷ്ടമാകുന്ന വരുമാനത്തെ മറികടക്കാന്‍ പോകുന്നതാണ്. കൂടാതെ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തോടെ നിശ്ചിത നിരക്കിലാണ് ഇക്വിറ്റി നിക്ഷേപങ്ങളിലെ നികുതി കണക്കാക്കുന്നത്.


Click it and Unblock the Notifications