വെക്കേഷൻ സമയമാണ് അടുക്കുന്നത്. ഡിസംബറിൽ ക്രിസ്തുമസ് അവധി സമയത്ത് യാത്ര പുറപ്പെടാൻ ഒരുങ്ങുന്നവരാണെങ്കിൽ ആസൂത്രണം തുടങ്ങുന്ന സമയമാണ്. ചെലവ് കുറച്ച് യാത്ര ചെയ്യാനൊരു മാർഗം ഈ അറിഞ്ഞു വെയ്ക്കാം. യാത്രകളിൽ വലിയ ചെലവാണ് താമസവും ഭക്ഷണവും. സൗജന്യമായി ഈ ചെലവ് വഹിക്കാൻ പറ്റുന്ന ചില ക്രെഡിറ്റ് കാർഡുകളെ പരിചയപ്പെടാം. ഇവയിലെ റിവാർഡ് പോയിന്റുകൾ ഹോട്ടൽ ലോയൽറ്റി പ്രോഗ്രാമിലേക്ക് ട്രാൻസ്ഫർ ചെയ്ത് പഞ്ച നക്ഷത്ര ഹോട്ടലിൽ തന്നെയാകാം ഇത്തവണത്തെ താമസം.
ഹോട്ടൽ ലോയൽറ്റി പ്രോഗ്രാം
ഹോട്ടൽ ഗ്രൂപ്പിന്റെ ഭാഗമായ വസ്തുവിൽ താമസിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ലഭിക്കുന്ന ഒരു അംഗത്വ പ്രോഗ്രാമാണ് ഹോട്ടൽ ലോയൽറ്റി പ്രോഗ്രാം. താമസിക്കാൻ പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നതിനും നിലവിലുള്ളവരെ നിലനിർത്തുന്നതിനും ഈ ലോയൽറ്റി പ്രോഗ്രാം സഹായിക്കും. മാരിയറ്റ് ബോൺവോയ്, അകോർ ലൈവ് ടൈംലെസ്, അകോർ പ്ലസ്, താജ് എപിക്യൂർ, ക്ലബ് ഐടിസി തുടങ്ങിയവയാണ് നിലവിലെ പ്രധാന ഹോട്ടൽ ലോയൽറ്റി പ്രോഗ്രാമുകൾ.
നേട്ടങ്ങൾ
ഹോട്ടൽ ലോയൽറ്റി പ്രോഗ്രാമിന്റെ നേട്ടങ്ങൾ ഹോട്ടൽ ഗ്രൂപ്പിന്റെ വിവിധ വസ്തുകളിൽ റൂം നിരക്കിൽ കിഴിവ് ലഭിക്കുമെന്നതാണ്. ഭക്ഷണ പാനീയങ്ങൾ, സ്പാ, പ്രോപ്പർട്ടികളിൽ വാഗ്ദാനം ചെയ്യുന്ന മറ്റ് സൗകര്യങ്ങൾ എന്നിവയിലും കിഴിവുകൾ നേടാം. നേരത്തെയുള്ള ചെക്ക്-ഇൻ, വൈകിയുള്ള ചെക്ക്-ഔട്ട്, റൂം ബുക്കിംഗിനായി ചെലവഴിച്ച തുക, ഭക്ഷണം തുടങ്ങിയ ചെലവുകളിൽ റിവാർഡ് പോയിന്റുകൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ഹോട്ടൽ ലോയൽറ്റി പ്രോഗ്രാം വഴി ലഭിക്കും.

ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ ഉപയോഗിക്കാം
ചില ബാങ്കുകൾ അവരുടെ ക്രെഡിറ്റ് കാർഡുകളെ വിവിധ ഹോട്ടൽ ലോയൽറ്റി പ്രോഗ്രാമുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ ഹോട്ടൽ ലോയൽറ്റി പ്രോഗ്രാമുകളിലേക്ക് മാറ്റാൻ സാധിക്കും. പ്രത്യേക അനുപാതത്തിലാണ് റിവാർഡ് പോയിന്റുകൾ കൈമാറാൻ കഴിയുക.
ഉദാഹരണത്തിന് എച്ച്ഡിഎഫ്‌സി ഇൻഫിനിയ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ ആകോർ ലോയൽറ്റി പ്രോഗ്രാമിലേക്ക് മാറ്റാൻ കഴിയും. 1:1 അനുപാതത്തിലാണ് ഇത് സാധിക്കുക. ആക്‌സിസ് അറ്റ്‌ലസ് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 1:2 അനുപാതത്തിലാണ് റിവാർഡ് പോയിന്റുകൾ ആകോർ ലോയൽറ്റി പ്രോഗ്രാമിലേക്ക് കൈമാറാൻ കഴിയുക.
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ അകോർ ലൈവ് ലിമിറ്റ്ലെസ്, വിൻഹാം റിവാർഡ്സ്, ഐഎച്ച്ജി വൺ റിവാർഡ്സ് എന്നിവയിലേക്ക് മാറ്റാം. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ അകോർ ലൈവ് ലിമിറ്റ്ലെസ്, മാരിയറ്റ് ബോൺവോയ്, വിൻഹാം റിവാർഡ്സ്, ഐഎച്ച്ജി വൺ റിവാർഡ്സ്, ക്ലബ് ഐടിസി എന്നവയിലേക്ക് ട്രാൻസ്ഫർ ചെയ്യാം. അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡിലെ റിവാർഡുകൾ മാരിയറ്റ് ബോൺവോയിലേക്ക് മാറ്റാം.
എങ്ങനെ സൗജന്യ ഹോട്ടൽ മുറി ലഭിക്കും
ഹോട്ടൽ ലോയൽറ്റി പ്രോഗ്രാമുകളിലേക്ക് ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ ട്രാൻസ്ഫർ ചെയ്താൽ ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ ഹോട്ടൽ ലോയൽറ്റി പോയിന്റുകൾ ഉപയോഗിക്കാം. ഇതുവഴി സൗജന്യമായി ഹോട്ടൽ മുറികൾ ലഭിക്കും. വിവിധ ഹോട്ടലുകളുടെ ഗിഫ്റ്റ് വൗച്ചറുകൾ വാങ്ങുന്നതിന് ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യാൻ ബാങ്കുകൾ അനുവദിക്കാറുണ്ട്.
ഉദാഹരണത്തിന് അമേരിക്കൻ എക്സ്പ്രസിലെ റിവാർഡ് പോയിന്റുകൾ താജ് ഹോട്ടഷസ്, മാരിയറ്റ് ഹോട്ടൽസ്, ഹയത്ത് ഹോട്ടൽസ്, ഐടിസി ഹോട്ടൽസ്, പോസ്റ്റ്കാർഡ് ഹോട്ടൽസ് തുടങ്ങിയ വിവിധ ഹോട്ടലുകളുടെ ഗിഫ്റ്റ് വൗച്ചറുകൾ വാങ്ങുന്നതിന് റിഡീം ചെയ്യാം. ഹോട്ടൽ ഗിഫ്റ്റ് വൗച്ചറുകൾ ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ ഉപയോഗിക്കാം.
വിവിധ ഓൺലൈൻ ട്രാവൽ അഗ്രഗേറ്റർമാരുടെ ഗിഫ്റ്റ് വൗച്ചറുകളും ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ റിഡീം ചെയ്ത് സ്വന്തമാക്കാം. ക്ലിയർട്രിപ്പ്, ഇസിമൈട്രിപ്പ്, മേക്ക്മൈട്രിപ്പ് യാത്ര തുടങ്ങിയ ഓൺലൈൻ ട്രാവൽ അഗ്രഗ്രേറ്റർമാരുടെ ഗിഫ്റ്റ് വൗച്ചറുകൾ വാങ്ങുന്നതിന് ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യാൻ അമേരിക്കൻ എക്സ്പ്രസ് അനുവദിക്കും. വൗച്ചർ ഉപയോഗിച്ച് ഈ പ്ലാറ്റ്‌ഫോമിൽ നിന്നും ഹോട്ടൽ മുറി ബുക്ക് ചെയ്യാം.
ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിന് നേരിട്ട് ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ റിഡീം ചെയ്യാൻ ചില ബാങ്കുകൾ അനുവദിക്കും. ഉദാഹരണത്തിന് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സ്മാർട്ടബൈ പ്ലാറ്റ്‌ഫോമിലൂടെ ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിന് ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ ഉപയോഗിക്കാവുന്നതാണ്.


Click it and Unblock the Notifications