രാജ്യത്തെ ഏറ്റവും വലിയ സംയോജിത കോര്‍പ്പറേറ്റ് കമ്പനിയാണ് ടാറ്റ ഗ്രൂപ്പ്. 150 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഗ്രൂപ്പിന് കീഴില്‍ ആറ് വന്‍കരകളിലെ നൂറോളം രാജ്യങ്ങളില്‍ ബിസിനസ് സംരംഭങ്ങളുണ്ട്. ഇന്ന് 140 രാജ്യങ്ങളിലെ വിപണികളില്‍ ഏതെങ്കിലുമൊരു ടാറ്റാ കമ്പനികളുടെ ഉത്പന്നങ്ങള്‍ എത്തുന്നു. ലിസ്റ്റ് ചെയപ്പെട്ട 29 കമ്പനികളുടെ വിപണി മൂല്യം 23 ലക്ഷം കോടി രൂപയിലേറെയാണ്. രാജ്യത്തെ ജനങ്ങള്‍ ഏറ്റവുമധികം വിശ്വസിക്കുന്ന ബിസിനസ് സംരംഭകരിലൊന്നായ ടാറ്റ ഗ്രൂപ്പ്, നിക്ഷേപകരേയും ഓഹരി ഉടമകളേയും നിരാശരാക്കാറില്ല. 2021-22 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ക്ക് കടബാധ്യത കുറയ്ക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ആകെ കടബാധ്യത 2.6 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ഇത് 2.04 ലക്ഷം കോടിയായി കുറയ്ക്കാന്‍ സാധിച്ചു. ഇതോടെ ഗ്രൂപ്പ് കമ്പനികളുടെ ആകെ കടബാധ്യയില്‍ നിന്നും 56,000 കോടി അഥവാ 21.53 ശതമാനമാണ് ഒരു വര്‍ഷത്തിനിടെ കുറഞ്ഞത്. ഇതിനു വേണ്ടി ഓഹരികള്‍ വില്‍ക്കുകയും ചില കമ്പനികളുടെ ബിസിനസ് ഒഴിവാക്കുകയും ചെയ്തു. കൂടാതെ ചില കമ്പനികളില്‍ പ്രമോട്ടര്‍ ഗ്രൂപ്പായ ടാറ്റാ സണ്‍സ് അധിക നിക്ഷേപമിറക്കിയുമാണ് ബാധ്യതയില്‍ കുറവ് വരുത്തിയത്.
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ടാറ്റ മോട്ടോര്‍സ് ഫിനാന്‍സ്, ടാറ്റ ടെലി സര്‍വീസസ് എന്നീ ടാറ്റ ഗ്രൂപ്പ് കമ്പനികളാണ് ഓഹരികള്‍ വിറ്റും ചില ബിസിനസുകള്‍ ഒഴിവാക്കിയും ബാധ്യത കുറച്ചവയില്‍ പ്രമുഖ കമ്പനികള്‍. ഇതില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കടം കുറയ്ക്കുന്നതിന്റെ ഭാഗമായി 2,000 കോടിയുടെ ഓഹരികള്‍ വന്‍കിട നിക്ഷേപകര്‍ക്ക് കൈമാറിയത്. സമാനമായി വാഹനങ്ങള്‍ക്ക് വായ്പ സേവനങ്ങള്‍ നല്‍കുന്ന ടാറ്റ മോട്ടോര്‍സ് ഫിനാന്‍സ്, പൊതുമേഖല സ്ഥാപനമായ എസ്ബിഐക്ക് 14,000 കോടിക്ക് കൈമാറുന്നതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇടപാട് നടന്നാല്‍ ടാറ്റ മോട്ടോര്‍സ് ഫിനാന്‍സിന്റെ മാതൃകമ്പനിയായ ടാറ്റ മോട്ടോര്‍സിന്റെ ബാധ്യതകള്‍ ഗണ്യമായി കുറയും.
ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ടെലികോം വിഭാഗമായ ടാറ്റ ടെലി സര്‍വീസസ്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 2,420 കോടി രൂപയുടെ കടം തിരിച്ചടച്ചു. മാതൃകമ്പനിയായ ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് നഷ്ടത്തിലോടുന്ന ഈ കമ്പനിയില്‍ അധിക നിക്ഷേപം നടത്തിയതോടെയാണിത്. അതേപോലെ ഗ്രൂപ്പിന്റെ ഊര്‍ജ വിഭാഗത്തിലെ വമ്പന്‍ കമ്പനിയായ ടാറ്റ പവര്‍, തങ്ങളുടെ ബാധ്യതയില്‍ 25,000 കോടി കുറയ്ക്കുന്നതിനായി പുനരുപയോഗ ഊര്‍ജ വിഭാഗത്തിലെ ഉപകമ്പനി ഒരു ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റിന് കൈമാറാനുള്ള ചര്‍ച്ച നടത്തുകയാണ്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനികളുടെ കടബാധ്യത ഗണ്യമായി കുറയ്ക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം. ഇങ്ങനെ ബാധ്യത കുറയ്ക്കാന്‍ സാധിച്ചാല്‍ ടാറ്റ ഗ്രൂപ്പ് ഓഹരികളുടെ മൂല്യം ഉയരുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ടാറ്റ സ്റ്റീലിനും ടാറ്റ മോട്ടോര്‍സിനുമാണ് ഗ്രൂപ്പ് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ബാധ്യതയുള്ളത്. നീലാചല്‍ ഇസ്പാറ്റ് ഏറ്റെടുത്തതോടെ ഈ സാമ്പത്തിക വര്‍ഷം ടാറ്റ സ്റ്റീലിന്റെ ബാധ്യതയില്‍ 12,000 കോടിയാണ് വര്‍ധിച്ചത്.
എന്നാല്‍ യൂറോപ്പിലെ ഉപകമ്പനികള്‍ ഒഴിവാക്കുകയോ ലാഭത്തിലേക്ക് എത്തിയാലോ ടാറ്റ സ്റ്റീലിന്റെ ബാധ്യതയില്‍ വമ്പന്‍ കുറവുണ്ടാകും. കഴിഞ്ഞ 7 സാമ്പത്തിക പാദങ്ങളിലായി 42,000 കോടിയോളം രൂപയുടെ ബാധ്യത ടാറ്റാ സ്്റ്റീല്‍ തിരിച്ചടച്ചു. 2024 സെപ്റ്റംബറോടെ ബാക്കിയുള്ള ബാധ്യതകള്‍ പൂര്‍ണമായും തീര്‍ക്കുകയാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. അതേസമയം, എയര്‍ ഇന്ത്യ ഏറ്റെടുത്തതോടെ ടാറ്റാ ഗ്രൂപ്പിന്റെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ബാധ്യതയില്‍ 15,700 കോടി രൂപയുടെ വര്‍ധനയുണ്ടായി.
കടബാധ്യത കുറച്ചവര്‍
ഈ നടപ്പ് സാമ്പത്തിക വര്‍ഷം (2021-22) അവസാനത്തോടെ ബാക്കിയുള്ള കടബാധ്യതയും ബ്രായ്ക്കറ്റില്‍ ഒരു വര്‍ഷത്തിനിടെ കുറച്ച കടത്തിന്റെ തോതുമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
- ടാറ്റ മോട്ടോര്‍സ്- 76,193 കോടി (3,918 കോടി കുറച്ചു)
- ടാറ്റ സ്റ്റീല്‍- 75,485 കോടി (29,292 കോടി)
- ടാറ്റ പവര്‍- 39,928 കോടി (9,047 കോടി)
- ടാറ്റ സ്റ്റീല്‍ ബിഎസ്എല്‍- 9,184 കോടി (6,504 കോടി)
- ടാറ്റ കമ്മ്യൂണിക്കേഷന്‍- 9,184 കോടി (1,659 കോടി)
- ടാറ്റ കെമിക്കല്‍സ്- 3,808 കോടി (214 കോടി)
- ടൈറ്റന്‍ കമ്പനി- 2,268 കോടി (799 കോടി)
- ടാറ്റ സ്റ്റീല്‍ ലോങ്- 1,141 കോടി (1,451 കോടി)


Click it and Unblock the Notifications