റഷ്യ ഉക്രൈന്‍ സംഘര്‍ഷത്തിന്റെ അലയൊലികള്‍ വിവിധ തലങ്ങളിലാണ് ആഗോള വ്യാപകമായി പ്രതിഫലിക്കുന്നത്. ഇന്ത്യയുടെ ദീര്‍ഘകാല പ്രതിരോധ പങ്കാളിയെന്ന നിലയില്‍ റഷ്യക്ക് സവിശേഷ സ്ഥാനമുണ്ടെങ്കിലും ആയുധ സാമഗ്രികള്‍ക്കായുള്ള ആശ്രയത്വം തുടരുന്നത് തിരിച്ചടിയാകുമെന്ന തിരിച്ചറിവും തെളിഞ്ഞുവരികയാണ്. ഈ പശ്ചാത്തലത്തില്‍ ഏറ്റവും അവസരം തുറന്നുകിട്ടുന്ന എയ്റോനോട്ടിക്സ് മേഖലയില്‍ കുത്തക മേധാവിത്വമുള്ളതും അടിസ്ഥാനപരമായി മികച്ചതുമായ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്
വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് അഥവാ എച്ച്എഎല്‍. 1940-ല്‍ ബംഗളൂരുവിലാണ് ആരംഭം. വ്യോമസേനയുടെ കുന്തമുനയായ സുഖോയ് യുദ്ധവിമാനങ്ങളും തദ്ദേശീയ ലഘു യുദ്ധവിമാനമായ എല്‍എസിയും ധ്രുവ്, ചേതക്, എല്‍സിഎച്ച് വിഭാഗത്തിലുള്ള ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ നിര്‍മിക്കുന്നു. ഇതിനോടൊപ്പം ജാഗ്വാറും മിറാഷും മുതല്‍ മിഗ്-21 വരെയുള്ള വിമാനങ്ങളുടെ അറ്റക്കുറ്റപ്പണിയും നവീകരണവും നടത്തുന്നു. അടുത്തിടെ ആളില്ലാ വിമാനം (UAV) നിര്‍മിക്കുന്നതിനായി ഇസ്രായേലി സ്ഥാപനങ്ങളുമായി സഹകരണത്തിന് ധാരണയിലെത്തിയിരുന്നു.
അനുകൂല ഘടകം
അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം കോടിയുടെ പ്രതിരോധ സാമഗ്രികള്‍ ആവശ്യമുണ്ടെന്നാണ് അനുമാനം. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരാറുകള്‍ക്കും സാധ്യതയേറി. ഉയര്‍ന്ന മൂലധന ചെലവും ഉന്നത സാങ്കേതിക വിദ്യയും ആവശ്യമായ മേഖലയില്‍ സ്വകാര്യ കമ്പനികളൊന്നും നിലയുറപ്പിച്ചിട്ടില്ല എന്നത് എച്ച്എഎല്ലിന് വ്യോമയാന വിപണിയില്‍ മേധാവിത്തം നല്‍കുന്നു.
പ്രതിരോധ സേനകളുമായുള്ള ദീര്‍ഘകാല ബന്ധവും മികച്ച നിര്‍മാണ കേന്ദ്രവും ജീവനക്കാരും ഗവേണഷ വിഭാഗവും കമ്പനിയുടെ മാറ്റ് കൂട്ടുന്നു. ഏകദേശം 80,000 കോടിയുടെ കരാറുകള്‍ എച്ച്എഎല്ലിന് സ്വന്തമാണ്. കൂടാതെ 30,000 കോടിയുടെ പുതിയ കരാര്‍ സംബന്ധിച്ച തീരുമാനവും അവസാന ഘട്ടത്തിലാണ്. അടുത്തിടെ വലിയ തോതില്‍ കടം വീട്ടിയതോടെ ഇനി പറയത്തക്ക ബാധ്യതകളില്ല.
ഓഹരി വിശദാംശം
എച്ച്എഎല്ലിന്റെ (BSE: 541154, NSE: HAL) 75 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.15 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 18.25 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. വിപണി മൂല്യം 49,653 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ്് യീല്‍ഡ് 2.02 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യു 461.03 രൂപയുമാണ്. ഈ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 24.60 എന്ന നിരക്കിലായിരിക്കുമ്പോള്‍ എച്ച്എഎല്ലിന്റേത് 13.80 ആണെന്നതും ശ്രദ്ധേയം.
സാമ്പത്തികം
കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷമായി വരുമാനത്തില്‍ 6.2 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 14.9 ശതമാനവും അറ്റാദായത്തില്‍ 16 ശതമാനവും വീതം വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 6087 കോടി രൂപയാണ് സംയോജിത വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 7 ശതമാനവും രണ്ടാം പാദത്തേക്കാള്‍ 10.36 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 933 കോടി രൂപയാണ്. പാദാനുപാദത്തില്‍ പ്രതിയോഹരി വരുമാനം 25.52 രൂപയില്‍ നിന്നും 27.91-ലേക്ക് മെച്ചപ്പെട്ടു. ഇതോടെ കഴിഞ്ഞ 12 മാസത്തെ പ്രതിയോഹരി വരുമാനം 107.57 ആയി.
ലക്ഷ്യ വില 2,618
വ്യാഴാഴ്ച 1,485 രൂപയിലാണ് എച്ച്എഎല്‍ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,618 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാര്‍ശ ചെയ്തു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 75 ശതമാനത്തം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 1,566 രൂപയും കുറഞ്ഞ വില 929 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 6 ശതമാനവും മൂന്ന് മാസത്തിനിടെ 23 ശതമാനവും ഓഹരി വിലയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications