സമ്പാദ്യം സ്വരുക്കൂട്ടിയ പഴയ തലമുറക്കാര് മിക്കപ്പോഴും സഹനം ചെയ്യുന്നവരായിരുന്നു. നല്ല നാളേക്കായി ഇന്നത്തെ മോഹങ്ങളേയും ആഗ്രഹങ്ങളേയും അവര് മനസിന്റെ ചെപ്പിലൊതുക്കി. കടം അല്ലെങ്കില് കടക്കാരന് എന്ന അവസ്ഥയോട് പൊരുത്തപ്പെടാനുള്ള എന്തോ ഒരു തടസവും അതിര്വരമ്പ് സൃഷ്ടിച്ചു. ഒരു തരത്തില് അതില് ഗുണവുമുണ്ട് പോരായ്മകളുമുണ്ട്. എന്നിരുന്നാലും അത്തരം സഹന പാതയിലൂടെ സമ്പാദ്യം കരുപ്പിടിപ്പിച്ചവരുടെ പിന്തലമുറക്കാരാണ് ഇന്നുള്ളത്.

സൂചിപ്പിച്ചു വന്നത് കടം എന്നതിനെ പുത്തന് തലമുറയും മുന് തലമുറകളും കണ്ടിരുന്ന രീതിയെകുറിച്ചാണ്. എന്തായാലും ഇന്ന് ആഗ്രഹ സാക്ഷാത്കാരത്തിന് പണം അത്ര വലിയ തടസമല്ല. ക്രെഡിറ്റ് കാര്ഡുകളും തവണകളായി തിരിച്ചടവുള്ള ഇന്സ്റ്റാള്മെന്റ് രീതിയും ലോണുകളും ഏറ്റവുമൊടുവിലായി 'ബൈ നൗ പേ ലേറ്റര്' പോലുള്ള നവീന സമ്പ്രദായങ്ങളുമൊക്കെ ഞൊടിയിടയില് മുന്നലേക്കെത്തുന്നതിനാല് ആഗ്രഹങ്ങളൊന്നും തന്നെ പിന്നീടേക്ക് മാറ്റിവയ്ക്കേണ്ടതില്ല.
Also Read: നിക്ഷേപിക്കാനും പിന്വലിക്കാനും നാളെ മുതല് നിയന്ത്രണം; അറിയേണ്ടതെല്ലാം

അതായത് ഇന്നത്തെ തലമുറയ്ക്ക് കടം എന്നതിനോട് അത്ര പേടിയില്ല എന്നാണ് മേല് സൂചിപ്പിച്ചവയുടെ പ്രചാരം സൂചിപ്പിക്കുന്നത്. അഥവാ കടം എന്നതിനെ കുറിച്ചുള്ള വീക്ഷണം തന്നെ മാറിപ്പോയെന്ന് ചുരുക്കം. കടം വാങ്ങിയിട്ടായാലും ആഗ്രഹം നടത്തിയെടുക്കുന്നതിനെ എന്തേലും മോശപ്പെട്ട കാര്യമായോ നടപടിയായോ ആരും തന്നെ ഇന്ന് കരുതുന്നില്ല. മോഹങ്ങള് പൂവണിയിക്കാന് കടക്കാരനാകുന്നതിലും അസ്വസ്തകളില്ല. എന്നാല് കടം ഇരുതല മൂര്ച്ചയുള്ള ആയുധം പോലെയാണ്. സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണം കൈവിട്ടു പോയാല് വന് കുരുക്കിലാവും അകപ്പെടുക. ഈയൊരു പശ്ചാത്തലത്തില് കടം ഒഴിവാക്കുന്നതിനുള്ള 5 മാര്ഗങ്ങള് വിശദീകരിക്കുകയാണിവിടെ.

പ്രശ്നം തിരിച്ചറിയുക
ചികിത്സിക്കാന് രോഗത്തെ നിര്ണയിക്കണം എന്നപോലെ ആദ്യം എന്തുകൊണ്ടാണ് ഇത്രയധികം ചെലവ് വരുന്നതെന്ന് സ്വയം വിലയിരുത്തുക. തുടര്ന്ന് എവിടെയൊക്കെ സാമ്പത്തികമായി നിയന്ത്രിച്ചാല് ചെലവ് കുറയ്ക്കാമെന്നതിനെ സംബന്ധിച്ച് പദ്ധതി തയ്യാറാക്കുക. നിലവിലെ യാഥാര്ഥ്യത്തെ ഉള്ക്കൊണ്ടുള്ള ആത്മാര്ഥ പരിശോധനയാവണം. ഇതോടെ ചെലവുകളെ മൂന്നായി തരം തിരിക്കാനാകും. അത്യാവശ്യമുള്ളത്, അര്ധ-ആവശ്യം, വേണമെങ്കില് ഒഴിവാക്കാവുന്നത് എന്നിങ്ങനെ ചിത്രം തെളിഞ്ഞുവരും. ഇതിനെ മുന്ഗണനാടിസ്ഥാനത്തില് സമീപിക്കുക. അര്ധ-ആവശ്യങ്ങള്ക്കും ഒഴിവാക്കാവുന്നതിനും കുറച്ച് മാത്രം ചെലവഴിക്കുക. ജീവിത ശൈലിയിലും മാറ്റം വരുത്തുക.

കടം ഏകീകരിക്കുക
പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന കടബാധ്യതകളെ ഒറ്റയടിക്ക് തീര്ക്കാനായി വേണമെങ്കില് ഒരു ലോണ് എടുത്ത് ബാക്കിയെല്ലാം കൊടുത്തുതീര്ക്കാം. ഇതോടെ ഒരു വായ്പയെ കുറിച്ചു മാത്രം ആലോചിച്ചാല് മതി. പല തീയതികളിലും വിവിധ പലിശകളിലും ഉള്ള തിരിച്ചടവിന്റെ ബാഹുല്യം ഒരു വായ്പയിലേക്ക് ചുരുക്കാനാവും. കൂടുതല് സമചിത്തതയോടെ സമീപിക്കാനും സാധിക്കും.
Also Read: വായ്പ നോക്കുകയാണോ; ശമ്പള അക്കൗണ്ട് എസ്ബിഐയിൽ ആണെങ്കിൽ ഉടൻ 35 ലക്ഷം

നിക്ഷേപം പ്രയോജനപ്പെടുത്താം
കടബാധ്യതകളുടെ സമ്മര്ദം കുറയ്ക്കാനായി ഇതിനോടകം നേട്ടങ്ങള് സമ്മാനിച്ചിട്ടുള്ള മ്യൂച്ചല് ഫണ്ടുകളോ ബാങ്ക് നിക്ഷേപമോ പോലുള്ളവ പ്രയോജനപ്പെടുത്താം. ഇങ്ങനെ കടബാധ്യത ഗണ്യമായി കുറഞ്ഞാല് വീണ്ടും സമ്പത്ത് തിരിച്ചു പിടിക്കാവുന്നതേയുള്ളൂ.
കൂടുതല് കടം ഒഴിവാക്കണം
കൂടുതല് കടം വാങ്ങി നിലവിലെ കടം തീര്ക്കുന്നത് സാമ്പത്തിക ബാധ്യത വര്ധിപ്പിക്കുകയും മാനസികമായും സമ്മര്ദത്തിലാഴ്ത്തുന്ന നടപടിയാണ്. ഇത്തരം സമീപനം പൂര്ണമായും ഒഴിവാക്കേണ്ടതാണ്.
Also Read: 'അനക്കമില്ലാതെ' കിടന്ന മലയാളി കമ്പനിയുടെ ഓഹരിയിൽ ഇന്ന് 14% കുതിപ്പ്; കാരണമിതാണ്

അടിയന്തര ഘട്ടത്തിനുള്ള പണം
അടിയന്തര ഘടങ്ങളില് പണം സ്വരൂപിക്കുന്നതിലെ പ്രതിസന്ധിയാണ് പലരും നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാല് മുന്കൂട്ടി കാണാനാവാത്ത അടിയന്തര ഘട്ടങ്ങളെ നേരിടാന് മാത്രമായി ഒരു ഫണ്ട് കൈവശമുള്ളത് ഏറെ പ്രയോജനകരമാണ്. മൂന്ന് മുതല് ആറു മാസത്തേക്ക് വേണ്ട ചെലവിന് തുല്യമായ തുകയാണ് ഇത്തരത്തില് കരുതേണ്ടത്. ഇത് ആപത്ഘട്ടങ്ങളെ കൂടുതല് കടബാധ്യകളില്ലാതെ മറികടക്കാന് സഹായിക്കും. ഉയര്ന്ന ലിക്വിഡിറ്റിയും സുരക്ഷിതവുമായ പദ്ധതികളില് ഈ പണം കരുതിവയ്ക്കാം. ഉറപ്പുള്ളതും എളുപ്പം ലഭിക്കാവുന്നതുമായ ചിട്ടി ഫണ്ടുകളില് കരുതല് ധനം നിക്ഷേപിക്കുന്നത് ആദായവും നല്കും.

അല്ലെങ്കില് ഫ്ലെക്സി ഫിക്സഡ് ഡിപ്പോസിറ്റുകളില് പോലെയുള്ളവയില് കരുതല് ധനം നിക്ഷേപിക്കുന്നത് പരിഗണിക്കാം. ഇത് എളുപ്പത്തില് പിന്വലിക്കാനാകും. മാത്രമല്ല, ഈ തുകയുടെ 90 ശതമാനം വരെ ഹ്രസ്വകാല വായ്പയായും എളുപ്പത്തില് നേടിയെടുക്കാം. അതിനുള്ള ഇടപാടുകളൊക്കെ വളരെ വേഗത്തില് ഓണ്ലൈന് മുഖേന പൂര്ത്തിയാക്കാവുന്നതേയുള്ളൂ. ഹ്രസ്വകാല നിക്ഷേപത്തിന് ഫ്ലെക്സി ഫണ്ടുകള് ഉപകാരപ്പെടുമെങ്കിലും മൂന്ന് വര്ഷത്തിനപ്പുറമുള്ള ലക്ഷ്യങ്ങള്ക്കായി ഇതില് നിക്ഷേപിക്കുന്നത് ഗുണകരമാവില്ല.