കയറ്റവും ഇറക്കവും ഒക്കെ ചേര്‍ന്നതാണ് സഞ്ചാര പാതയെങ്കിലും നിശ്ചയദാര്‍ഡ്യം ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് പറഞ്ഞ പോലെ തന്നെയാണ് ഓഹരി വിപണിയിലെ നിക്ഷേപവും. ആര്‍ക്കും കൃത്യമായ താഴ്ചയും ഉയരവുമൊന്നും ഓഹരി വിലയില്‍ നിശ്ചയിക്കാനുമാവില്ല. പക്ഷേ മികച്ച ഓഹരികളില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി ക്ഷമാപൂര്‍വം കാത്തിരുന്നവര്‍ വിജയതീരത്ത് എത്തിയിട്ടുള്ളതാണ് ചരിത്രം. സൂചിപ്പിച്ചത്, വിപണി വീണ്ടും തിരിച്ചടി നേരിടുകയാണ്. അടിസ്ഥാനപരമയി മികച്ച ഓഹരികള്‍ കണ്ടെത്തി ദീര്‍ഘകാലയളവിലേക്ക് നിക്ഷേപിക്കുന്നതിലൂടെ നേട്ടം കൊയ്യാനാവും. ഇത്തരത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതും 43 ശതമാനത്തോളം വില താഴ്ന്നു നില്‍ക്കുന്നതും മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നതുമായ മികച്ചൊരു ഓഹരിയെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.

ഗള്‍ഫ് ഓയില്‍
ലൂബ്രിക്കന്റ് വ്യവസായ മേഖലയിലെ മുന്‍നിര കമ്പനികളിലൊന്നാണ് പ്രമുഖ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്റ്സ് ഇന്ത്യ ലിമിറ്റഡ്. മുംബൈയിലാണ് ആസ്ഥാനം. പ്രധാനമായും കാറുകളിലും വലിയ ഭാരവാഹക ശേഷിയുളള ഡീസല്‍ എന്‍ജിനുകള്‍ക്കും വേണ്ടിയും വാഹനങ്ങള്‍ക്ക് ആവശ്യമായ ഗിയര്‍ബോക്‌സ് ഓയില്‍, ട്രാന്‍സ്മിഷന്‍ ഫ്ലൂയിഡ്, ടര്‍ബൈന്‍, കംമ്പ്രസര്‍, ഗിയര്‍ ഓയില്‍, ട്രാക്ടറും മറ്റ് കാര്‍ഷിക ഉപകരണങ്ങള്‍ക്കുള്ളതുമായ ലൂബ്രിക്കന്റുകളാണ് കമ്പനി നിര്‍മിക്കുന്നത്. അടുത്തിടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കു വേണ്ടിയുളള ലൂബ്രിക്കന്റുകളും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. 2013-ല്‍ പ്രൈഡ് എന്ന ബ്രാന്‍ഡ് നാമത്തില്‍ ബാറ്ററി നിര്‍മാണ രംഗത്തേക്കും കടന്നു.

മികച്ച സാധ്യതകള്‍
ഗള്‍ഫ് ഓയില്‍, അടുത്തിടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കു വേണ്ടിയുളള ലൂബ്രിക്കന്റുകളും വിപണിയില്‍ അവതരിപ്പിച്ചു. ഇതുകൂടാതെ, ചെന്നൈയിലുള്ള പ്ലാന്റില്‍ ആഡ്‌ലൂബ് വിഭാഗത്തിനുളള നിര്‍മാണശാലയും മെറ്റല്‍ വര്‍ക്കിങ് ഫ്ലൂയിഡിനു വേണ്ടിയുള്ള മറ്റൊരു ഉത്പാദന കേന്ദ്രം സില്‍വാസയിലുളള പ്ലാന്റിലും ആരംഭിച്ചു്. എല്‍ ആന്‍ഡ് ടി-യുടെ നിര്‍മാണ, ഖനന മേഖലയിലെ ബിസിനസ് സംരംഭങ്ങളുമായും കമ്പനി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, പുതിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൂടെ വാണിജ്യ വാഹനങ്ങള്‍ക്കുള്ള ലൂബ്രിക്കന്റ് ഓയില്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. സമാനമായി ഉയര്‍ന്ന ലാഭ മാര്‍ജിനുള്ള യാത്രാവാഹനങ്ങളുടെ ലൂബ്രിക്കന്റ് വിപണിയിലും മുന്നേറ്റം കാഴ്ചവയ്ക്കുന്നു.
Also Read: ഒഴിവാക്കിയത് 4; പകരം വാങ്ങിയത് 3; പൊറിഞ്ചു വെളിയത്തിന്റെ കൈവശമുള്ള 18 ഓഹരികളിതാ

സാമ്പത്തികം
സെപ്റ്റംബര്‍ പാദത്തില്‍ 58.90 കോടി രൂപയുടെ അറ്റാദായം കമ്പനി രേഖപ്പെടുത്തി. മുന്‍ പാദത്തേക്കാള്‍ 93 ശതമാനം വര്‍ധനയാണ്. കഴിഞ്ഞ വര്‍ഷത്തോടെ ഗള്‍ഫ് ഓയിലിന്റെ കീഴിലുള്ള ഇരു ചക്ര വാഹനങ്ങള്‍ക്കു വേണ്ടിയുള്ള ബാറ്ററി യൂണിറ്റും ലാഭത്തിലായിട്ടുണ്ട്. കഴിഞ്ഞ രണ്ടു സാമ്പത്തിക പാദങ്ങളിലും പ്രതിയോഹരി വരുമാനം (EPS) 11.66 രൂപയാണ്. ഇത് 2023 സാമ്പത്തിക വര്‍ഷത്തോടെ 50 രൂപയാകുമെന്നാണ് അനുമാനം. ഇതിനോടൊപ്പം സമ്പദ്ഘടന ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോളുള്ള പ്രയോജനവും കമ്പനിക്ക് ലഭിക്കും. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 3.5 ശതമാനമാണ്. ഇത് നിലവിലെ ഓഹരി വിലയുടെ അനുപാതവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആകര്‍ഷകമാണ്.

ലക്ഷ്യ വില 820
വെള്ളിയാഴ്ച 466.25 രൂപ നിലവാരത്തിലാണ് ഗള്‍ഫ് ഓയിലിന്റെ (BSE: 538567, NSE: GULFOILLUB) ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 827.6 രൂപയും കുറഞ്ഞ വില 425 രൂപയുമാണ്. അതായത്, ഉയര്‍ന്ന വിലയില്‍ നിന്നും 43 ശതമാനത്തോളം താഴ്ചയിലും കുറഞ്ഞ വിലയുടെ 11 ശതമാനത്തോളം മുകളിലുമാണ് ഓഹരി നില്‍ക്കുന്നത്. 820 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 12 മസത്തിനകം 74 ശതമാനം വരെ നേട്ടം ലഭിക്കാമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Also Read: ലാഭമില്ല, കാത്തിരുന്നു മടുത്തു; ഈ സ്റ്റോക്കിലെ നിക്ഷേപം വെട്ടിക്കുറച്ച് ജുന്‍ജുന്‍വാല

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.