ശമ്പളക്കാർക്ക് വിരമിക്കൽ കാലത്തേക്കുള്ള സഹായമാണ് എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ജോലി കാലം മുതൽ വിരമിക്കുന്ന സമയം വരെ ഇപിഎഫിലേക്ക് തൊഴിലാളിയും തൊഴിലുടമയും വിഹിതം അടയ്ക്കുന്നുണ്ട്. വിരമിക്കൽ കാലം വരെ കാത്തിരിക്കുന്നതിന് മുൻപും ഇപിഎഫിൽ നിന്ന് പണം പിൻവലിക്കാം എന്നൊരു ഗുണം കൂടി പദ്ധതിക്കുണ്ട്. പെട്ടന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ഇതൊരു സഹായമാകും.
വ്യത്യസ്ത ആവശ്യങ്ങൾക്ക് വരിക്കാർക്ക് ഇപിഎഫിൽ നിന്ന് പണം പിൻവലിക്കാവുന്നതാണ്. വിരമിക്കൽ കാലത്ത് മാത്രമാണ് മുഴുവൻ പണവും പിൻവലിക്കാൻ സാധിക്കുകയുള്ളൂ. വീട് അറ്റകുറ്റപണി, ഭവന വായ്പ തിരിച്ചടവ്, കല്യാണം തുടങ്ങിയ ആവശ്യങ്ങൾ ഇക്കൂട്ടത്തിൽപ്പെടും. വ്യത്യസ്ത ആവശ്യങ്ങൾക്ക് എത്ര രൂപ പിൻവലിക്കാമെന്നും എങ്ങനെ പിൻവലിക്കാമെന്നും പരിശോധിക്കാം
വിവാഹ ആവശ്യത്തിന്
സ്വന്തം വിവാഹത്തിനോ മക്കളുടെ സഹോദരങ്ങളുടെ വിവാഹത്തിനോ ആണ് പിൻവലിക്കുന്നതെങ്കിൽ ഇപിഎഫ് വരിക്കാർക്ക് 50 ശതമാനം വരെ അഡ്വാൻസ് ലഭിക്കും. തൊഴിലാളിയുടെ വിഹിതവും പലിശയും അടങ്ങുന്ന തുകയുടെ 50 ശതമാനമാണ് പിൻവലിക്കാൻ സാധിക്കുക. ഇതേ കാരണത്തിന് മൂന്ന് തവണ ഇപിഎഫ് തുക പിൻവലിക്കാൻ സാധിക്കും. ഇപിഎഫ് വരിക്കാരൻ അംഗത്വമെടുത്ത് 7 വർഷം പൂർത്തിയായാൽ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.

ഭവന വായ്പ റീപെയ്‌മെന്റ്
ഭവന വായ്പ തിരിച്ചടവിനാണെങ്കിൽ ഇപിഎഫിൽ നിന്ന് വലിയൊരു അളവ് തുക പിൻവലിക്കാൻ സാധിക്കും. ഭവന വായ്പ ബാധ്യത തീർക്കാൻ 90 ശതമാനം വരെയാണ് തുക അനുവദിക്കുക. നിലവിലെ തൊഴിലുടമയ്ക്ക് കീഴിൽ മൂന്ന് വർഷം പൂർത്തിയാക്കിയവർക്ക് മാത്രാമണ് ഈ ആവശ്യ പ്രകാരം പണം പിൻവലിക്കാൻ സാധിക്കുക.
ആരോഗ്യ ചെലവുകൾക്ക്
ഇപിഎഫ് വരിക്കാരനോ കുടുംബാംഗങ്ങൾക്കോ ഉണ്ടാകുന്ന ആരോഗ്യ ചെലവുകൾക്ക് വേണ്ടിയും തുക പിൻവലിക്കാൻ സാധിക്കും. ഭാര്യ, മക്കൾ, രക്ഷിതാക്കൾ തുടങ്ങിയവരുടെ ആരോഗ്യ ചെലവുകൾക്കാണ് പണം പിൻവലിക്കാൻ സാധിക്കുക. ജീവനക്കാരന്റെ വിഹിതവും പലിശയും ചേർന്ന തുകയോ 6 മാസത്തെ ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയോ ഏതാണ് കുറവ് അത് അനുവദിക്കും.
വീട് വാങ്ങാൻ/ സ്ഥലം വാങ്ങാൻ
വീട് വാങ്ങാനായി ഇപിഎഫിൽ നിന്ന് പണം പിൻവലിക്കാൻ 5 വർഷം ഇപിഎഫിൽ അംഗത്വമുള്ളവരായിരിക്കണം. സ്ഥലം വാങ്ങാനായി 24 മാസത്തെ ശമ്പളമോ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയോ ഇപിഎഫ് വിഹിതവും പലിശയും അടങ്ങുന്ന തുകയോ ഏതാണ് ചെറുത് അനുസരിച്ച് അനുവദിക്കും.
വീട് വാങ്ങാനാണെങ്കിൽ 36 മാസത്തെ ശമ്പളമോ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയാണ് പരിഗണിക്കുക. വീട് അറ്റകുറ്റപണിക്ക് 12 മാസത്തെ ശമ്പളമോ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുക പരിഗണിക്കും. ഒരു തവണ മാത്രമാണ് ഈ രീതിയിൽ പണം പിൻവലിക്കാൻ സാധിക്കുക.
മുഴുവൻ തുകയും പിൻവലിക്കാം
ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ അക്കൗണ്ടിലെ മുഴുവൻ തുകയും പിൻവലിക്കാം. ആദ്യ മാസം 75 ശതമാനം, രണ്ടാം മാസം ബാക്കി 25 ശതമാനം എന്നിങ്ങനെയാണ് കണക്ക് പിൻവലിക്കാൻ സാധിക്കുക.
എങ്ങനെ പണം പിൻവലിക്കാം
തൊഴിലാളികൾക്ക് ഇപിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്താം. പണം പിൻവലിക്കാൻ മെമ്പർ ഇ-സേവ പോർട്ടലായ https://unifiedportal-mem.epfindia.gov.in/memberinterface/ സന്ദർശിച്ച് യുഎഎൻ നമ്പറും പാസ്‍വേർഡും നൽകി ലോഗിൻ ചെയ്ത് പണം പിൻവലിക്കാനുള്ള അപേക്ഷ നൽകണം.
കേന്ദ്ര സർക്കാറിന്റെ ഉമാംഗ് ആപ്പ് വഴിയും ഇപിഎഫ് നിക്ഷേപം പിൻവലിക്കാം. ആപ്പ് മൊബൈൽ ഫോണുകളിൽ ഡൗൺലോഡ് ചെയ്യാം. ഇതിൽ ഇപിഎഫ്ഒ സർവീസ് എന്ന് സെർച്ച് ചെയ്ത് Rise Claim തിരഞ്ഞെടുക്കുക. യുഎൻ നമ്പറും ഒപിടി വെരിഫിക്കേഷനും പൂർത്തിയാക്കിയാൽ പിൻവലിക്കൽ രീതി തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യാം. ഇപിഎഫ് പിൻവലിക്കലിന്റെ സ്ഥിതി അറിയാൻ റഫറൻസ് നമ്പർ ലഭിക്കും.


Click it and Unblock the Notifications