വിരമിക്കൽ കാലത്തേക്കുള്ള ഏറ്റവും മികച്ച സമ്പാദ്യ മാർഗമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). ജോലിയെടുക്കുന്ന കാലമത്രയും ഒരു ചെലവില്ലാതെ നിക്ഷേപം നടത്താനും വിരമിക്കുന്ന സമയത്ത് നല്ലൊരു സമ്പാദ്യം ഒരുക്കാനും ഇപിഎഫ് സഹായിക്കുന്നുണ്ട്. ഇപിഎഫ് വരിക്കാർക്ക് അത്യാവശ്യ ഘട്ടത്തിൽ നിക്ഷേപം ഭാഗികമായി പിൻവലിക്കാനുള്ള അവസരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അനുവദിക്കുന്നുണ്ട്.
എന്നാൽ ഇതിന് മുതിരാതെ വിരമിക്കൽ കാല നിധിയായി ഇപിഎഫ് നിക്ഷേപത്തെ കാണുന്നവർക്ക് കോടികൾ സമ്പാദിക്കാൻ സാധിക്കും. ശമ്പളം അടിസ്ഥാനമാക്കിയാണ് ഇപിഎഫിലെ വിഹിതം കണക്കാക്കുന്നത്. അതിനാൽ കുറഞ്ഞത് എത്ര രൂപ അടിസ്ഥാന ശമ്പളമുള്ള വ്യക്തിക്ക് 1 കോടി സമ്പാദിക്കാൻ സാധിക്കുമെന്ന് നോക്കാം.
ഇപിഎഫ് പ്രവർത്തനം
മാസത്തിൽ ശമ്പളം അക്കൗണ്ടിലേക്ക് വീഴുന്നതിനൊപ്പം ഇപിഎഫ് വിഹിതം ഇപിഎഫ് അക്കൗണ്ടിലേക്കും പോയിട്ടുണ്ടാകും. സ്വകാര്യ മേഖലയിലെ ജീവനക്കാരന്റെ ഇപിഎഫ് വിഹിതം എന്നത് അടിസ്ഥാനത്തിന്റെ 12 ശതമാനമാണ് തുകയാണ്. ജീവനക്കാരനൊപ്പം കമ്പനിയും 12 ശതമാനം ഇപിഎഫിലേക്ക് മാറ്റും. ഇതില്‍ 8.33 ശതമാനം എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ടിലേക്കും 3.67 ശതമാനം ഇപിഎഫ് അക്കൗണ്ടിലേക്കും വീതിക്കും.

ഇപിഎഫ് വിഹിതം
ഇപിഎഫ്ഒ നിയമങ്ങള്‍ അനുസരിച്ച്, ഒരു സ്വകാര്യ മേഖലയിലെ ജീവനക്കാരന്റെ ഇപിഎസിലേക്കുള്ള സംഭാവനയ്ക്ക് പരിഗണിക്കുന്ന അടിസ്ഥാന ശമ്പളം 15,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരമാണ് കമ്പനികൾ പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം കണക്കാക്കുന്നത്. പരമാവധി 1,250 രൂപയാണ് (15,000*8.33%) പെൻഷൻ ഫണ്ടിലേക്ക് മാറ്റുന്നത്.
പലിശ നിരക്ക്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് ഇപിഎഫ് പദ്ധതി നിയന്ത്രിക്കുന്നത്. വർഷത്തിൽ പദ്ധതിയുടെ പലിശ നിരക്ക് കണക്കാക്കുന്നതും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തന്നെ. 2022-23 സാമ്പത്തിക വർഷത്തെ നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശയാണ് ഇപിഎഫ്ഒ നൽകുന്നത്. നിക്ഷേപങ്ങളുടെ പലിശ നൽകി തുടങ്ങിയിട്ടുണ്ട്.
തൊഴിലാളികളുടെ നിക്ഷേപം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇക്വിറ്റിയിലും നിക്ഷേപിച്ചാണ് പലിശ നല്‍കുന്നത്. നിക്ഷേപത്തിന്റെ 85 ശതമാനവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ബാക്കി വരുന്ന 15 ശതമാനം ഇക്വിറ്റിയിലുമാണ് നിക്ഷേപിക്കുന്നത്.
എത്ര രൂപ ശമ്പളക്കാരന് കോടിപതിയാകാം
ഇപിഎഫ്ഒ വെബ്‌സൈറ്റില്‍ ഇപിഎഫ് കാല്‍ക്കുലേറ്റര്‍ ലഭ്യമാണ്. ഇതിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 27 വയസുകാരന് നിലവിൽ 15,000 രൂപയാണ് അടിസ്ഥാന ശമ്പളമെങ്കിലും വിരമിക്കുമ്പോൾ കോടിപതിയാകാം.
27 വയസുള്ള 15,000 രൂപ അടിസ്ഥാന ശമ്പളക്കാരന് വർഷത്തിൽ 10 ശതമാനം ശമ്പള വര്‍ധനവ് കൂടി പരിഗണിച്ച് നിലവിലെ 8.15 ശതമാനം പലിശ നിരക്കില്‍ കണക്കാക്കുമ്പോഴാണ് 1 കോടിക്ക് മുകളിൽ നേടാൻ സാധിക്കുന്നത്. ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8 ശതമാനത്തില്‍ കുറയാതെ ലഭിക്കുന്നതിനാല്‍ സമ്പാദ്യം കുറയുമെന്ന ആശങ്ക വേണ്ട.
എത്ര രൂപ ലഭിക്കും
ഏകദേശം 1.45 കോടി രൂപയോളം നേടാനാകുമെന്നാണ് ഇപിഎഫ് കാൽക്കുലേറ്റർ കാണിക്കുന്നത്. 58 വയസ് വരെ വിഹിതം അടയ്ക്കുന്ന വ്യക്തിയുടെ ആകെ തൊഴിലാളി വിഹിതം 43,22,955 രൂപയാണ്. 13,22,106 രൂപ കമ്പനിയുടെ വിഹിതമായി ലഭിക്കും. പലിശയായി 88,71,362 ലക്ഷം ലഭിക്കും. ഈ കണക്ക് പ്രകാരം 1,45,53,366 രൂപ 58-ാം വയസില്‍ വിരമിക്കുമ്പോൾ ലഭിക്കും.
എങ്ങനെ ബാലൻസ് അറിയാം
ഇപിഎഫ്ഒ വെബ്സൈറ്റ് ഉപയോഗിക്കുന്നതിനൊപ്പം ജീവനക്കാർക്ക് ഇപിഎഫ് ബാലൻസ് അറിയുന്നതിന് എസ്എംഎസ്, മിസ്ഡ് കോൾ സൗകര്യങ്ങൾ ഉപയോഗിക്കാം. "EPFOHO UAN" എന്ന ഫോർമാറ്റിൽ ജീവനക്കാരന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് വിവരങ്ങൾ ശേഖരിക്കാം. മിസ്ഡ് കോൾ വഴി ബാലൻസ് അറിയുന്നതിനുള്ള നമ്പർ 011-22901406 ആണ്.


Click it and Unblock the Notifications