രാജ്യത്തെ ലക്ഷകണക്കിന് തൊഴിലാളികൾക്കുള്ള സാമ്പത്തിക സുരക്ഷയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) . വലിയ സമ്പാദ്യം കയ്യിലില്ലാത്തവർക്കും ഇപിഎഫിലെ പണമാണ് പല കാര്യങ്ങൾക്കും നൽകുന്ന ആശ്വാസം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 2022-23 സാമ്പത്തിക വർഷത്തിലെ പ്രൊവിഡന്റ് ഫണ്ട് പലിശ അക്കൗണ്ടുകളിലേക്ക് നൽകിതുടങ്ങിയിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ 8.15 ശതമാനം പലിശ നിരക്കാണ് ഇപിഎഫ്ഒ നിക്ഷേപങ്ങൾക്ക് നൽകുന്നത്. നാല് പതിറ്റാണ്ടിനിടെ പിഎഫ് അക്കൗണ്ടുകളുടെ ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്.
ഇപിഎഫ്ഒ പലിശ നിരക്ക്
ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് എല്ലാ വർഷവും നിശ്ചയിക്കും. ധനമന്ത്രാലയവുമായി സഹകരിച്ച് ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ആണ് പലിശ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിലെ പലിശ നിരക്ക് ഈ വർഷം ജൂണിലാണ് പ്രഖ്യാപിച്ചത്. പിഎഫ് അക്കൗണ്ടിന്റെ പ്രതിമാസ ക്ലോസിംഗ് ബാലൻസ് അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുന്നത്.
ഓരോ സാമ്പത്തിക വർഷത്തിനും ശേഷം പലിശ പിഎഫ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഇപിഎഫ് ഗുണഭോക്താക്കളുടെ എണ്ണം വലുതായതിനാൽ വരിക്കാർക്ക് പലിശ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിന് സമയമെടുക്കുമെന്ന് ഇപിഎഫ്ഒ അറിയിച്ചു. ഈ സാഹചര്യത്തിൽ പലിശ അക്കൗണ്ടിലെത്തിയോ എന്ന് പരിശോധിക്കാൻ നാല് വഴികളുണ്ട്. അവ വിശദമായി അറിയാം.

മിസ്ഡ് കോൾ സേവനം
യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) പോർട്ടലിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയും കെവൈസി പ്രക്രിയ പൂർത്തിയാക്കുകയും ചെയ്ത ഇപിഎഫ് വരിക്കാർക്ക് മിസ്ഡ് കോളിലൂടെ ഇപിഎഫ് ബാലൻസ് നൽകാൻ കഴിയും. ഇതിനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 011-22901406 ഡയൽ ചെയ്യുക. രണ്ട് ബെല്ലിന് ശേഷം കോൾ വിച്ഛേദിക്കും. ഇതേ നമ്പറിലേക്ക് ഇപിഎഫ് ബാലൻസും പിഎഫ് അക്കൗണ്ടിലേക്കുള്ള ഏറ്റവും പുതിയ സംഭാവനയും വിശദമാക്കുന്ന ടെക്സ്റ്റ് മെസ്സേജ് ലഭിക്കും.
എസ്എംഎസ് വഴി
എസ്എംഎസ് ഇപിഎഫ്‌ഒയിൽ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ലിങ്ക് ചെയ്തവർക്ക് എസ്എംഎസ് വഴി ഇപിഎഫ് ബാലൻസ് പരിശോധിക്കാം. ഇതിനായി 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG ഫോർമാറ്റിൽ ഒരു സന്ദേശം അയക്കണം UAN എന്ന ഭാഗത്ത് സ്വന്തം യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ നൽകണം.
ENG എന്നിടത്ത് സ്വന്തം ഭാഷയുടെ ആദ്യ മൂന്ന് അക്ഷരങ്ങൾ ആണ് നൽകേണ്ടത്. ഇവ ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ച് മാറ്റി ഉപയോഗിക്കാം. 7738299899 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. ഇതിന് മറുപടിയായി പിഎഫ് ബാലൻസ് വിവരങ്ങൾ ലഭിക്കും.
ഓൺലൈൻ പോർട്ടൽ
ഇപിഎഫ്ഒ ഓൺലൈൻ പോർട്ടൽ അടുത്തിടെ നവീകരിച്ച ഇപിഎഫ്ഒ ഓൺലൈൻ പോർട്ടൽ വഴി ഇപിഎഫ് പാസ്‌ബുക്ക് എളുപ്പത്തിൽ ലഭിക്കും. ഇപിഎഫ്ഒ വെബ്‌സൈറ്റിൽ 'Our Services' എന്ന ഭാഗത്ത് നിന്ന് For Employees എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 'Services' ക്ലിക്ക് ചെയ്താൽ Member pass book എന്ന ഭാഗത്തേക്ക് എത്തും.
ലോഗിൻ വിൻഡോയിൽ യുഎഎൻ, പാസ്‌വേഡ് എന്നിവ നൽകി പാസ്‌ബുക്ക് ആക്‌സസ് ചെയ്യാം. ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് തൊഴിലാളിയുടെ യുഎഎൻ കമ്പനി പരിശോധിച്ചുറപ്പിക്കുകയും ആക്ടിവേറ്റ് ചെയ്യുകയും വേണം.
ഉമാംഗ് ആപ്പിലും സൗകര്യം
ഇപിഎഫ് ബാലൻസ് പരിശോധനയെ കൂടുതൽ എളുപ്പമാക്കുന്നതാണ് കേന്ദ്ര സർക്കാറിന്റെ ഉമാംഗ് ആപ്പ്. പാസ്ബുക്ക് കാണുന്നതിന് അപ്പുറം, ക്ലെയിമുകൾ കാര്യക്ഷമമായി ആരംഭിക്കാനും നിരീക്ഷിക്കാനും ആപ്പ് സഹായിക്കും. പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. മൊബൈൽ നൽകി ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്തു ഉപയോഗികാം.


Click it and Unblock the Notifications