2022 മേയ് മാസത്തിന് ശേഷമുള്ള കാലയളവ് സ്ഥിര നിക്ഷേപകരെ സംബന്ധിച്ച് അനുകൂലമായൊരു കാലമായിരുന്നു. പലിശ നിരക്കിൽ ഗണ്യമായ വർധനവ് കണ്ട ഇക്കാലത്ത് പ്രമുഖ ബാങ്കുകളിലെ ഏറ്റവും ഉയർന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് 7-8 ശതമാനം പരിധിയിലെത്തി. ചില സ്മോൾ ഫിനാൻസ് ബാങ്കുകൾ 9.5 ശതമാനം വരെ പലിശ നൽകുന്നു.
2023 ൽ അനുഭവിച്ച ഉയർന്ന പലിശ നിരക്ക് 2024-ൽ താഴേക്ക് പോയേക്കാം എന്നാണ് വിദഗ്ധരുടെ നിഗമനം. നിരക്ക് കുറയ്ക്കൽ ആരംഭിക്കാൻ ഇനിയും സമയമുണ്ട്. അതോടൊപ്പം വിവിധ കാലാവധികളെയും പലിശ നിരക്ക് ഇടിവ് ബാധിക്കില്ല. വിശദമായി നോക്കാം.
റിപ്പോ നിരക്കും പലിശ നിരക്കും കുറയും
2022 ലും 2023 ലും സ്ഥിര നിക്ഷേപ പലിശ നിരക്കുകളിലുണ്ടായ വർധനവിന് പ്രധാന കാരണം ആർബിഐയുടെ റിപ്പോ നിരക്ക് വർധനവാണ്. 2023 ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. റീട്ടെയിൽ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ആർബിഐ റിപ്പോ നിരക്കിൽ വർധനവ് വരുത്തുന്നത്.
2023 നവംബറിൽ ചില്ലറ പണപ്പെരുപ്പം ഒക്‌ടോബറിലെ 4.85 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവർഷം 5.5 ശതമാനമായി ഉയർന്നെങ്കിലും ഇപ്പോഴും ആർബിഐയുടെ ക്ഷമതാ പരിധിയായ 2-6 ശതമാനത്തിന് ഇടയിലാണ്. അതിനാൽ റീട്ടെയിൽ പണപ്പെരുപ്പം ഉയരുന്നില്ലെങ്കിൽ റിപ്പോ നിരക്ക് വർധനയ്ക്കുള്ള സാധ്യത വിദൂരമാണ്.

റിപ്പോ നിരക്ക് വർധനവിന്റെ സാധ്യത വളരെ കുറവായതിനാൽ നിലവിലെ സ്ഥിര നിക്ഷേപ പലിശനിരക്കുകൾ ഏറ്റവും ഉയർന്ന നിലയിലാണ്. ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കാൻ ആരംഭിക്കുന്നത് മുതൽ പലിശ നിരക്കിലും വ്യത്യാസം വരും. 2024 ലെ ആദ്യ പകുതിയിൽ തന്നെ റിപ്പോ നിരക്ക് കുറയ്ക്കാനാണ് സാധ്യതയെന്ന് ബാങ്ക്ബസാർ സിഇഒ ആദിൽ ഷെട്ടി പറയുന്നു.
2024-ന്റെ രണ്ടാം പാദത്തിന് ശേഷം പോളിസി നിരക്കുകൾ കുറയാൻ തുടങ്ങുമെന്ന് വിന്റ് വെൽത്ത് സഹസ്ഥാപകനും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറുമായ അൻഷുൽ ഗുപ്ത പറഞ്ഞു. റിപ്പോ നിരക്ക് എത്ര കണ്ട് കുറയുമെന്നത് വിവിധ ഘടകങ്ങളെ ആശ്രയിക്കും. ആദ്യ കണക്കുകൂട്ടലുകൾ പ്രകാരം 2024 കലണ്ടർ വർഷത്തിൽ 50 അടിസ്ഥാന നിരക്ക് (0.5%) കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പലിശ നിരക്ക് എത്ര കണ്ട് കുറയും
റിപ്പോ നിരക്ക് 2.5 ശതമാനം വർധിപ്പിച്ചപ്പോൾ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് വളരെ കുറച്ചു മാത്രമാണ് വർധിച്ചത്. ഉദാഹരണത്തിന്, 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള എസ്‌ബിഐ സ്ഥിര നിക്ഷേപത്തിന് 2021 ജനുവരിയിൽ 5.1 ശതമാനമായിരുന്നു പലിശ നിരക്ക്. ഇത് 2023 ഡിസംബറിൽ 7 ശതമാനമായി. പരമാവധി 1.9 ശതമാനം വർധിച്ചു.
1 വർഷത്തെ സ്ഥിര നിക്ഷേപം 5 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി ഉയർന്നു. 1.80 ശതമാനം മാത്രമായിരുന്നു വർധനവ്. 3 വർഷം മുതൽ 5 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 1.45 ശതമാനവും 5 വർഷവും അതിൽ കൂടുതലുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 1.1 ശതമാനവുമായിരുന്നു പലിശ നിരക്ക് വർധനവ്.
ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് എല്ലാ കാലയളവുകളിലെയും സ്ഥിര നിക്ഷേപങ്ങളെ ബാധിക്കും. എന്നാൽ വ്യത്യസ്ത കാലയളവുകളിൽ ഇടിവിന്റെ അളവ് വ്യത്യസ്തമായിരിക്കും. ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾക്കായിരിക്കും കൂടുതൽ ഇടിവ്. റിപ്പോ നിരക്ക് വർധനവിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ 2-3 വർഷത്തെ ഇടക്കാല സ്ഥിര നിക്ഷേപങ്ങളാണ്. എന്നാൽ സമീപഭാവിയിൽ റിപ്പോ നിരക്ക് കുറയ്ക്കുന്നത് ഇടക്കാല സ്ഥിര നിക്ഷേപ നിരക്കുകളെ ബാധിക്കാൻ കുറച്ച് സമയമെടുത്തേക്കാം.
റിപ്പോ നിരക്ക് വർധനവ് കാലത്ത് ദീർഘകാല സ്ഥിര നിക്ഷേപങ്ങളിൽ ചെറിയ വർധനവ് മാത്രമാണ് കണ്ടത്. അതിനാൽ തന്നെ 5 വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കുറയുന്നത് പതുക്കെയായിരിക്കും. ഈ കാലയളവിൽ നിക്ഷേപിക്കുന്നവർക്ക് നിലവിലെ ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപം ബുക്ക് ചെയ്യാനുള്ള കാലയളവ് ദൈർഘ്യമേറിയതാണെന്ന് ചുരുക്കം.


Click it and Unblock the Notifications