പരമ്പരാഗത നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പണപ്പെരുപ്പമാണ് ഭീഷണി. പണപ്പെരുപ്പത്തെ മറികടക്കാന്‍ സാധിക്കാത്ത രീതിയിലാണ് ഇന്ന് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും ആവര്‍ത്തന നിക്ഷേപങ്ങളുടെയും പലിശ നിരക്ക്. പണപ്പെരുപ്പ നിരക്ക് ജൂണില്‍ 7.01 ആയി കുറഞ്ഞിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ചില ബാങ്കുകളില്‍ പണപ്പെരുപ്പത്തെ മറികടക്കാന്‍ സാധിക്കുന്ന നിരക്കുകള്‍ ലഭിക്കും എന്നാല്‍ സാധാരണ നിക്ഷേപകര്‍ക്ക് എവിടെയാണ് ഈ നേട്ടം ലഭിക്കുക. 8 ശതമാനത്തിന് മുകളില്‍ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപവും ആവര്‍ത്തന നിക്ഷേപവും ബോണ്ടുകളുമാണ് ചുവടെ വിശദീകരിക്കുന്നത്.
സ്ഥിര നിക്ഷേപം
സാധാരണ നിക്ഷേപകര്‍ക്ക് പണപ്പെരുപ്പത്തെ മറികടക്കാവുന്ന പലിശ നേടാന്‍ രണ്ട് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാം. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, തമിഴ്‌നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവ 8 ശതമാനം പലിശ സ്ഥിര നിക്ഷേപ്തിന് നല്‍കുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായതിനാല്‍ നിക്ഷേപത്തിന് സര്‍ക്കാരിന്റെ ഗ്യാരണ്ടി ലഭിക്കും.
തമിഴ്‌നാട് പവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അസഞ്ചിത സ്ഥിര നിക്ഷേപ പദ്ധതിയില്‍ 2-5 വര്‍ഷം വരെ നിക്ഷേപിക്കാം. 7.25 ശതമാനം മുതല്‍ 8.00 ശതമാനം വരെയാണ് പലിശ നിരക്ക്. സാധാരണ നിക്ഷേപകര്‍ക്ക് 60 മാസത്തേക്കുള്ള നിക്ഷേപത്തിന് 8.00 ശതമാനം പലിശ ലഭിക്കും. സഞ്ചിത നിക്ഷേപത്തിന് 1-5 വര്‍ഷം വരെയുള്ള വ്യത്യസ്ത കാലവധിയുണ്ട്. 7-8 ശതമാനം വരെയാണ് പലിശ നിരക്ക്.
തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ പീരിയഡ് ഇന്ററസ്റ്റ് പേയ്‌മെന്‌റ് സ്‌കീം, മണി മള്‍ട്ടിപ്ലയര്‍ സ്‌കീം എന്നി രണ്ട് രീതിയിലാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. പീരിയഡ് ഇന്ററസ്റ്റ് പേയ്‌മെന്‌റ് സ്‌കീം പ്രകാരം തവണകളായി പലിശ വാങ്ങാം.
വര്‍ഷത്തില്‍ പലിശ വാങ്ങുന്ന പദ്ധതിയില്‍ 60 മാസത്തേക്ക് നിക്ഷേപിച്ചാല്‍ സാധാരണ നിക്ഷേപകര്‍ക്ക് 8.24 ശതമാനം പലിശ ലഭിക്കും. മണി മള്‍ട്ടിപ്ലയര്‍ രീതിയില്‍ പാദങ്ങളില്‍ പലിശ കണക്കാക്കി കാലവധിയില്‍ അനുവദിക്കും. 60 മാസത്തേക്ക് 8.00 ശതമാനം പലിശ മണി മള്‍ട്ടിപ്ലയര്‍ സ്‌കീം നല്‍കുന്നു.
ആവര്‍ത്തന നിക്ഷേപം
സ്ഥിര നിക്ഷേപം പോലെ സാധാരണക്കാര്‍ തിരഞ്ഞെടുക്കുന്ന നിക്ഷേപമാണ് ആവര്‍ത്തന നിക്ഷേപം (ആര്‍ഡി). മാസത്തില്‍ നിശ്ചിത തുക അടച്ച് ആവര്‍ത്തന നിക്ഷേപത്തില്‍ ചേരാം. പണപ്പെരുപ്പത്തെ മറികടക്കാന്‍ 8 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്യുന്ന ആവര്‍ത്തന നിക്ഷേപം പരിചയപ്പെടാം.
ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുടെ ആവര്‍ത്തന നിക്ഷേപത്തിന് 8 ശതമാനത്തിന് മുകളില്‍ പലിശ ലഭിക്കും. റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ AA+ (Stable) റേറ്റിംഗും ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് ലിമിറ്റഡ് AA+/Stable റേറ്റിംഗും ഈ ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ ആവര്‍ത്തന നിക്ഷേപത്തിന് നല്‍കിയിട്ടുണ്ട്. ഇത് നിക്ഷേപത്തിന്റെ ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നു.
12 മാസം മുതല്‍ 60 മാസം വരെയാണ് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി നിക്ഷേപം സ്വീകരിക്കുക. ഇതിന് 7.03 ശതമാനം മുതല്‍ 8.50 ശതമാനം വരെ പലിശ ലഭിക്കും. മാസം 500 രൂപ വീതം 60 മാസത്തേക്ക് നിക്ഷേപിച്ചാല്‍ 8.50 ശതമാനം പലിശയില്‍ 37,500 രൂപ ലഭിക്കും.
ടാക്‌സ് ഫ്രീ ബോണ്ട്
പണം സ്വരൂപിക്കാനായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ടാക്‌സ് ഫ്രീ ബോണ്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത് വഴി ആദായത്തിന് നികുതി നല്‍കേണ്ടി വരുന്നില്ല. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10 പ്രകാരം പലിശ നികുതി രഹിതമാണ്. എന്നാല്‍ നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കില്ല.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ 2013 ഡിസംബര്‍ 16 ന് പുറത്തിറക്കിയ ബോണ്ടിന്റെ കാലവധി 2033 ഡിസംബര്‍ 16 ആണ്. 8.66 ശതമാനമാണ് ബോണ്ടിന്റെ കൂപ്പണ്‍ റേറ്റ്. ക്രിസിലും ഐസിആര്‍എയും AAA റേറ്റിംഗ് നല്‍കിയ ബോണ്ടാണിത്.
നാഷണല്‍ ഹൈഡ്രോളിക് പവര്‍ കോര്‍പ്പറേഷന്റെ ബോണ്ട് 2013 നവംബര്‍ 2നാണ് പുറത്തിറക്കിയത്. 2023 നവംബര്‍ 2 വരെയാണ് കാലാവധി. കൂപ്പണ്‍ റേറ്റ് 8.67 ശതമാനമാണ്. രണ്ട് ബോണ്ടുകളിലും പണപ്പെരുപ്പ നിരക്കിനെക്കാള്‍ ഉയര്‍ന്ന കൂപ്പണ്‍ റേറ്റ് നല്‍കുന്നുണ്ട്


Click it and Unblock the Notifications