തുടര്‍ച്ചയായ രണ്ട് ആഴ്ചകളിലെ നേട്ടത്തിനു ശേഷം കഴിഞ്ഞയാഴ്ച നേരിയ നഷ്ടത്തോടെയാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. ആഴ്ചക്കാലയളവില്‍ ഒരു ശതമാനത്തോളം ഇടിവാണ് പ്രധാന സൂചികകളില്‍ നേരിട്ടത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതും ഉക്രൈന്‍ യുദ്ധം നീണ്ടു പോകുന്നതും മരണനിരക്ക് ഉയരുന്നതും ലാഭമെടുപ്പുമൊക്കെ വിപണിയുടെ കുതിപ്പിന് താത്കാലിക തടയിട്ടു. എന്നാല്‍ 5 ശതമാനം മുന്നേറിയ മെറ്റല്‍ ഓഹരി സൂചികയും ഐടി, ഫാര്‍മ വിഭാഗങ്ങളിലും പ്രകടമായ നിക്ഷേപ താത്പര്യവും വിപണിയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടാതെ സംരക്ഷിച്ചു നിര്‍ത്തി. ബാങ്ക്, ഓട്ടോ, എഫ്എംസിജി ഓഹരികളിലാണ് തിരിച്ചടി നേരിട്ടത്.
കഴിഞ്ഞയാഴ്ച വിപണിയില്‍ സ്ഥിരതയാര്‍ജിക്കലിനാണ് സാക്ഷ്യം വഹിച്ചത്. 17,000- 17,450 നിലവാരത്തിനുള്ളിലാണ് നിഫ്റ്റി വ്യാപാരം ചെയ്യപ്പെട്ടത്. അതായത് നിഫ്റ്റിയുടെ 200-ഡിഎംഎ നിലവാരത്തിനും (17,036) 100-ഡിഎംഎ നിലവാരത്തിനും (17,340) നിലവാരത്തിനും ഇടയിലാണ് വ്യാപാരം കേന്ദ്രീകരിച്ചത്. ആഴ്ചക്കാലയളവില്‍ നിഫ്റ്റി 134 പോയിന്റും സെന്‍സെക്‌സ് 502 പോയിന്റുമാണ് നഷ്ടപ്പെടുത്തിയത്. മുകളിലെ നിലവാരത്തില്‍ സൂചികയ്ക്ക് നിലനില്‍ക്കാനാവുന്നില്ല. ഇടപാടുകളുടെ എണ്ണം കുറഞ്ഞെങ്കിലും കഴിഞ്ഞ 6 ദിവസങ്ങളിലായി 17,000 നിലവാരം കാത്തുസൂക്ഷിച്ചത് വിപണിയിലെ ബുള്ളിഷ് സാധ്യതകളെ കെടാതെ കാത്തു.
സൂചികയുടെ ദിവസ ചാര്‍ട്ടില്‍ 'ഹയര്‍ ഹൈ ഹയല്‍ ലോ' പാറ്റേണ്‍ ദൃശ്യമാണ്. 17,000 നിലവാരം നിലനിര്‍ത്തിയതും അനുകൂല ഘടകമാണ്. എന്നാല്‍ 16,800-17,000 നിലവാരത്തില്‍ ബ്രേക്കൗട്ട് നടത്തിയെങ്കിലും തുര്‍ന്നും നിക്ഷേപ താത്പര്യം വരാത്തത് സൂചികയെ പിന്നോട്ടു വലിക്കുന്നുണ്ട്. ഒരാഴ്ചയിലേറെയായി നിഫ്റ്റി നില്‍ക്കുന്ന 17,000- 17,450 നിലവാരത്തില്‍ ഏതുഭാഗം ശക്തമായി ഭേദിക്കപ്പെടുന്നുവോ ആ വശത്തേക്കാവും തുടര്‍ന്നുള്ള സൂചികയുടെ നീക്കം. 17,000 തകര്‍ക്കപ്പെട്ടാല്‍ കൂടുതല്‍ തിരുത്തല്‍ പ്രതീക്ഷിക്കാം. മറിച്ച് 17,450-ന് മുകളില്‍ ക്ലോസ് ചെയ്താല്‍ കൂടുതല്‍ വാങ്ങല്‍ താത്പര്യം ദൃശ്യമാകുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്്‌നിക്കല്‍ റിസര്‍ച്ച് തലവന്‍ നാഗരാജ് ഷെട്ടി സൂചിപ്പിച്ചു. ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 8 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ആഗോള ഘടകം
- ഉക്രൈന്‍ യുദ്ധം- റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം വിപണിയെ സ്വാധീനിക്കുന്നുണ്ട്. അനുരജ്ഞനത്തിന്റെ സൂചനകള്‍ വരുന്നുണ്ടെങ്കിലും സംഘര്‍ഷത്തിന്റെ തീവ്രത കുറയാത്തത് സമ്മര്‍ദമേകുന്നു. വെടിനിര്‍ത്തലിന്റെ വാര്‍ത്തകള്‍ വരികയാണെങ്കില്‍ വിപണിക്ക് ഗുണകരമാണ്.
- ജിഡിപി നിരക്ക്- അമേരിക്കയുടെ നാലാം പാദ ജിഡിപി നിരക്ക് വിപണിക്ക് നിര്‍ണായകമാണ്. ഈ വ്യാഴാഴ്ചയാണ് നിരക്കുകള്‍ പ്രസിദ്ധീകരിക്കുക. വെള്ളിയാഴ്ച പുറത്തുവരുന്ന കാര്‍ഷികേതര ജോലിയുടേയും ഉപഭോക്തൃ ആവശ്യകതയും സംബന്ധിച്ച കണക്കുകളും സ്വാധീനിക്കാവുന്ന ഘടകങ്ങളാണ്.
ആഭ്യന്തര ഘടകം
- വാഹന വില്‍പന- മാര്‍ച്ച് മാസത്തിലെ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ വില്‍പന കണക്കുകള്‍ വെള്ളിയാഴ്ച പുറത്തുവരും. സമ്മിശ്രഫലമാണ് പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നത്. പ്രതീക്ഷ തെറ്റിക്കുന്ന ഓഹരികളില്‍ തിരിച്ചടി നേരിടാം.
- സാമ്പത്തിക കണക്കുകള്‍- ഫെബ്രുവരിയിലെ രാജ്യത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഔട്ട്പുട്ട് നിരക്കും ധനക്കമ്മി സംബന്ധിച്ച കണക്കും വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. രാജ്യത്തിന്റെ മൊത്തം വ്യാവസായിക ഉത്പാദനത്തിന്റേയും 40 ശതമാനവും സംഭാവന ചെയ്യുന്നത് കല്‍ക്കരി, പ്രകൃതി വാതകം, റീഫൈനറി ഉത്പന്നങ്ങള്‍, സ്റ്റീല്‍, സിമന്റ്, വൈദ്യുതി, ക്രൂഡ് ഓയില്‍, വളം എന്നീ 8 അടിസ്ഥാന സൗകര്യ മേഖലയില്‍ നിന്നുമാണ്.
- എഫ് & ഒ എക്‌സ്പയറി- ഡെറിവേറ്റീവ് വിഭാഗത്തിലെ മാര്‍ച്ച് മാസ, ആഴ്ച കാലയളവിലെ ഫ്യൂച്ചര്‍, ഓപ്ഷന്‍സ് വിഭാഗങ്ങളുടെ കാലാവധി വ്യാഴാഴ്ച തീരുന്നത് ചാഞ്ചാട്ടം സൃഷ്ടിച്ചേക്കാം.
- ക്രൂഡ് ഓയില്‍- കഴിഞ്ഞയാഴ്ച ക്രൂഡ് ഓയില്‍ വിലയില്‍ 12 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തി. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ 120 ഡോളറിന് മുകളിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യന്‍ എണ്ണ സംഭരണ ശാലകളില്‍ മിസൈല്‍ ആക്രമണം ഉണ്ടായതും വില വര്‍ധിപ്പിക്കുന്ന ഘടകമാകും. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ആഭ്യന്തര വിപണിക്ക് ശുഭകരമല്ല.
- കോവിഡ്- മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ട് 2 വര്‍ഷം കഴിഞ്ഞെങ്കിലും ചില കോണുകളിൽ പുതിയ വകഭേദം തലപ്പൊക്കിയിട്ടുണ്ട്. ചൈന, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ സ്‌റ്റെല്‍ത്ത് ഒമിക്രോണ്‍ വകഭേദം കാരണമാണ് രോഗനിരക്ക് ഉയര്‍ത്തുന്നത്. നിലവില്‍ ലോക്ക്ഡൗണ്‍ ഭീഷണിയില്ല. പുതിയ വകഭേദം ഇന്ത്യയിലും അടുത്ത തരംഗത്തിന് ഇടയാക്കിയാല്‍ തിരിച്ചടിയുണ്ടാകാം.
വന്‍കിട നിക്ഷേപകര്‍
അടുത്തിടെ വിദേശ നിക്ഷേപകര്‍ വില്‍പ്പനയുടെ തോത് കുറച്ചതും ചില ദിവസങ്ങളില്‍ ഓഹരി വാങ്ങിക്കൂട്ടിയതും പ്രതീക്ഷേയകുന്ന ഘടകമാണ്. തുടര്‍ച്ചയായ വില്‍പ്പനയ്‌ക്കൊടുവില്‍ മിക്ക ഓഹരികളും ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയതും നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. എങ്കിലും കഴിഞ്ഞയാഴ്ചയും 5,300 കോടിയുടെ വില്‍പ്പനയാണ് നടന്നത്. ഇതോടെ മാര്‍ച്ച് മാസത്തില്‍ മാത്രം 47,000 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇത് 2020 മാര്‍ച്ചിന് ശേഷം ഒരു മാസക്കാലയളവിലെ ഏറ്റവും വലിയ വില്‍പ്പനയാണ്.
ഉക്രൈന്‍ യുദ്ധം അവസാനിച്ചാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരികെ വരുമെന്നാണ് അനുമാനം. അതേസമയം, കഴിഞ്ഞയാഴ്ച ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 2,800 കോടി രൂപയ്ക്ക് വാങ്ങിക്കൂട്ടി. ഇതോടെ ഈമാസം 34,450 കോടിയാണ് ഇതുവരെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയിലേക്ക് ഒഴുക്കിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications