ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് ഇത് നല്ല കാലമാണ്. പുതിയ തലമുറയ്ക്കിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടിയതോടെ അപേക്ഷകരും അനുവദിക്കുന്ന ക്രെഡിറ്റ് കാർഡുകളും വർധിക്കുകയാണ്. ജോലി ലഭിച്ചയുടനെ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മികച്ച ക്രെഡിറ്റ് സ്കോറില്ലാത്തവർ സ്ഥിര നിക്ഷേപമിട്ട് ക്രെഡിറ്റ് കാർഡ് നേടി ക്രെഡിറ്റ് സ്കോർ ഉയർത്തുകയുമാണ്.
ഇരുതല മൂർച്ചയുള്ള വാളായ ക്രെഡിറ്റ് കാർഡിനെ കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ അപകട സാധ്യത ഉപയോഗിക്കുന്നവനാണ്. ഇതിനാൽ ആദ്യമായി ഉപയോഗിക്കുന്നവർ കരുതലോടെ വേണം ക്രെഡിറ്റ് കാർഡിനെ സമീപിക്കാൻ. ആദ്യ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
1. ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക
ക്രെഡിറ്റ് കാർഡ് ബില്ലുകൾ കുടിശ്ശിക വരുത്താതെ കൃത്യസമയത്ത് അടച്ചു തീർക്കുക എന്നത് പ്രധാനമാണ്. വൈകി അടയ്ക്കുമ്പോൾ ഫീസും പലിശയും നൽകേണ്ടിവരും. കൃത്യസമയത്ത് ബില്ലടയ്ക്കത്തത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും. കൃത്യസമയത്ത് പണമടയ്ക്കുന്നവർക്ക് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും ഭാവിയിൽ ഉയർന്ന ക്രെഡിറ്റ് ലിമിറ്റ് ലഭിക്കാനും സാധിക്കും.

2. മുഴുവൻ തുകയും അടയ്‌ക്കുക
മാസാവസാനം ക്രെഡിറ്റ് കാർഡ് ബിൽ ജനറേറ്റ് ചെയ്യുമ്പോൾ തുക മുഴുവനായി അടയ്ക്കാനും നിശ്ചിത ശതമാനം അടയ്ക്കാനുമുള്ള സൗകര്യം ക്രെഡിറ്റ് കാർഡ് കമ്പനികൾ നൽകുന്നുണ്ട്. ബിൽ തുകയുടെ നിശ്ചിത ശതമാനം അടയ്ക്കുകയാണെങ്കിൽ ബാക്കിയുള്ള ബാലൻസിന് പലിശ നൽകേണ്ടി വരും. മറ്റു വായ്പകളെ അപേക്ഷിച്ച് ക്രെഡിറ്റ് കാർഡ് പലിശ ഉയർന്നതാണ്. ഇത്തരത്തിൽ തുക ഉയരുന്നത് വലിയ കടക്കെണിയിലേക്ക് എത്തിക്കും.
3. ബില്ലിംഗ് സൈക്കിൾ അറിയുക
ഓരോ ക്രെഡിറ്റ് കാർഡ് കമ്പനിക്കും വ്യത്യസ്ത ബില്ലിംഗ് സൈക്കിളുകളാണുള്ളത്. മിക്ക ക്രെഡിറ്റ് കാർഡുകളും 30 ദിവസത്തെ ബില്ലിംഗ് സൈക്കിളാണ് നൽകുന്നതെങ്കിലും 45 ദിവസത്തെ ബില്ലിംഗ് സൈക്കിൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളുമുണ്ട്. ചില ക്രെഡിറ്റ് കാർഡ് കമ്പനികൾ 7 ദിവസത്തെ ഗ്രേസ് പിരീയഡും അനുവദിക്കുന്നു. ഗ്രേസ് പിരീഡിൽ ബിൽ തുക അടയ്ക്കുകയാണെങ്കിൽ പിഴയോ മറ്റ് ഫീസോ നൽകേണ്ടതില്ല.
4. കുറഞ്ഞ പലിശ നിരക്കിലുള്ള ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക
ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന ക്യാഷ് ബാക്കുകളും ഇളവുകളും പരിശോധിക്കുന്നത് പോലെ പലിശ നിരക്കും അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. കുറഞ്ഞ പലിശ നിരക്കുള്ള ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മിക്ക ക്രെഡിറ്റ് കാർഡുകളും പ്രതിമാസ പലിശ നിരക്കിന്റെ രൂപത്തിലാണ് പലിശ നിരക്ക് കാണിക്കുന്നത്. ഇത് കുറഞ്ഞ നിരക്കായി തോന്നിക്കുമെങ്കിലും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് മുൻപ് പ്രതിമാസ പലിശ നിരക്ക് വാർഷിക പലിശ നിരക്കിലേക്ക് മാറ്റേണ്ടതുണ്ട്.
5. ആവശ്യമായ ക്രെഡിറ്റ് കാർഡ് കണ്ടെത്തുക
ഓരോ ആവശ്യങ്ങൾക്കുമുള്ള ക്രെഡിറ്റ് കാർഡുകൾ വിപണിയിലുണ്ട്. ഷോപ്പിംഗ് ക്രെഡിറ്റ് കാർഡുകൾ ഓൺലൈൻ ഷോപ്പിംഗിൽ ക്യാഷ് ബാക്ക് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നവയാണ്. ട്രാവൽ ക്രെഡിറ്റ് കാർഡുകളിൽ എയർ മൈലുകളും ഇന്ധന സർചാർജിൽ ഇളവും ലഭിക്കും. ഡൈനിംഗ് ക്രെഡിറ്റ് കാർഡ് റസ്റ്റോറന്റുകളിൽ ക്യാഷ് ബാക്കിനാണ് ഉപയോഗിക്കുന്നത്. ഓരോരുത്തരും കൂടുതൽ പണം ചെലവാക്കുന്നത് എവിടെ എന്ന് പരിശോധിച്ച് അതിന് അനുസരിച്ചുള്ള ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.
6. പ്രത്യേക ഓഫറുകൾക്കുള്ള സാധ്യത
മിക്ക ക്രെഡിറ്റ് കാർഡ് കമ്പനികളും മൾട്ടി നാഷണൽ കമ്പനികളിലെ ജീവനക്കാർക്കും സംസ്ഥാന-കേന്ദ്ര സർക്കാരുകളിലെ ജീവനക്കാർക്കും പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. ഇത്തരം ഇളവുകൾ ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾക്ക് യോഗ്യതയുണ്ടോ എന്ന് നോക്കാം.
7. ക്രെഡിറ്റ് കാർഡുകൾ ട്രാക്ക് ചെയ്യുക
വിവിധ ഫിൻടെക് കമ്പനികൾ ക്രെഡിറ്റ് കാർഡ് ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് കൃത്യസമയത്ത് അടയ്ക്കാനും ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ് വിശകലനം ചെയ്യാനും സഹായിക്കും. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് ക്രെഡിറ്റ് കാർഡ് ഉപയോഗം സുഖകരമാക്കും.


Click it and Unblock the Notifications