റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 മാർച്ച് മുതൽ റിപ്പോ നിരക്കിൽ മാറ്റം വരുത്തതിനാൽ കഴിഞ്ഞ വർഷം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളിൽ ബാങ്കുകൾ വർധനവ് വരുത്തിയിട്ടുണ്ട്. 4 ശതമാനമായിരുന്ന റിപ്പോ നിരക്ക് 6.50 ശതമാനമായതോടെ പലിശ നിരക്കിൽ വലിയ വർധനവാണ് വന്നത്. സ്മോള‍്‍ ഫിനാൻസ് ബാങ്കുകൾ ഇന്ന് 9 ശതമാനം വരെ പലിശ സ്ഥിര നിക്ഷേപത്തിന് നൽകുന്നുണ്ട്.
പലിശ നിരക്ക് ഉയർന്നു നിൽക്കുന്ന ഘട്ടത്തിൽ പണം മുഴുവൻ സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റിയാൽ സമ്പന്നനാകാൻ സാധിക്കുമോ? ഇല്ലെന്നാണ് ഉത്തരം. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് പണപ്പെരുപ്പ നിരക്കിനെ മറികടക്കാൻ കഴിയാത്തതാണ് കാരണം. നിക്ഷേപകൻ ഏറ്റവും ഉയർന്ന നികുതി നിരക്കായ 30 ശതമാനത്തിലുള്ളൊരു വ്യക്തിയാണെങ്കിൽ സ്ഥിര നിക്ഷേപം നഷ്ടമാകുമെന്നാണ് പഠനം. ഇതിന്റെ കാരണവും എങ്ങനെ ഇവ മറികടക്കാമെന്നുമാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.
നികുതിക്ക് ശേഷമുള്ള റിട്ടേൺ
എച്ച്‌ഡിഎഫ്‌സി ബാങ്ക് 1 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 6.6 ശതമാനം പലിശയാണ് നൽകുന്നത്. ഫണ്ട്‌സ്‌ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, 30 ശതമാനം ടാക്സ് സ്ലാബിൽ വരുന്ന വ്യക്തിക്ക് നികുതി കഴിഞ്ഞാൽ ലഭിക്കുന്ന റിട്ടേൺ 4.62 ശതമാനം മാത്രമാണ്. ഐസിഐസിഐ ബാങ്ക് 1 വർഷത്തേക്ക് 6.7 ശതമാനവും എസ്ബിഐ 1 വർഷത്തേക്ക് 6.8 ശതമാനവും പലിശ നൽകുന്നുണ്ട്. ഇവയുടെ നികുതിക്ക് ശേഷമുള്ള റിട്ടേൺ യഥാക്രമം 4.69 ശതമാനം 4.76 ശതമാനം എന്നിങ്ങനെയാണ്.

പണപ്പെരുപ്പത്തെ മറികടക്കില്ല
നടപ്പ് സാമ്പത്തിക വർഷം രാജ്യത്ത് പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്ക് 5.1 ശതമാനമാണ്. മുകളിൽ പറഞ്ഞ പലിശ പ്രകാരം 1 വർഷത്തിന് ശേഷം നികുതിക്ക് ശേഷമുള്ള റിട്ടേൺ പണപ്പെരുപ്പ നിരക്കിനേക്കാൾ താഴേയാണ്. ആർബിഐയുടെ പണനയ കമ്മിറ്റി (എംപിസി) 2024 സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം അടുത്തിടെ 5.2 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി കുറച്ചിരുന്നു.
ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) 4.6 ശതമാനവും രണ്ടാം പാദത്തിൽ 5.2 ശതമാനവുമാണ് ആർബിഐ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം. മൂന്നാം പാദത്തിൽ 5.4 ശതമാനം, നാലാം പാദത്തിൽ 5.2 ശതമാനം എന്നിങ്ങനെയാണ് പണപ്പെരുപ്പം സംബന്ധിച്ച് ആർബിഐ പ്രവചനം.
മികച്ച റിട്ടേൺ എവിടെ
മുൻകാല പ്രകടനം നോക്കിയാൽ സ്ഥിര നിക്ഷേപം, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ അസറ്റ് ക്ലാസുകളെ അപേക്ഷിച്ച് ഉയർന്ന റിട്ടേൺ നൽകുന്ന നിക്ഷേപമാണ് ഇക്വിറ്റി. 20 വർഷ കാലയളവിൽ ഇക്വിറ്റികൾ 16.7 ശതമാനം റിട്ടേൺ നൽകി. സ്വർണം 12 ശതമാനവും റിയൽ എസ്റ്റേറ്റ് 9 ശതമാനവും ഡെബ്റ്റ് നിക്ഷേപങ്ങൾ 7.2 ശതമാനവുമാണ് ഇക്കാലയളവിലെ റിട്ടേൺ എന്ന് ഫണ്ട്സ് ഇന്ത്യ റിപ്പോർട്ടിലുണ്ട്. ദീർഘകാലയളവിൽ മറ്റ് നിക്ഷേപങ്ങളെ മറികടക്കാൻ ഇക്വിറ്റിക്ക് സാധിക്കുമെന്ന് ഇത് തെളിയിക്കുന്നു.
ഇക്വിറ്റിയിൽ നിക്ഷേപിക്കാം
ഇതിനാൽ നിക്ഷേപത്തിന്റെ ഒരു ഭാഗം ഇക്വിറ്റിയിലേക്ക് മാറ്റാം.ഇക്വിറ്റികളിൽ നിക്ഷേപിക്കുന്നത് പരിചയമില്ലാത്തവർക്ക് എസ്ഐപി വഴി നിക്ഷേപിക്കുന്നതാണ് ഏറ്റവും അനുയോജ്യമായ മാർഗം. എസ്ഐപി വഴി മാസത്തിലോ പാദത്തിലോ വർഷത്തിലോ നിക്ഷേപിക്കാൻ സാധിക്കും. പ്രതിമാസ എസ്ഐപി നടത്തുന്നതിന്റെ ഉദാഹരണം നോക്കാം.
20 വർഷം മുൻപ് ലാർജ്കാപ് മ്യൂച്വൽ ഫണ്ടിൽ പ്രതിമാസം 10,000 രൂപ എസ്ഐപി വഴി നിക്ഷേപിച്ച വ്യക്തിക്ക് 12 ശതമാനം നിരക്കിൽ റിട്ടേൺ ലഭിച്ചിരുന്നെങ്കിൽ ഇന്നത്തെ മൂല്യം ഒരു കോടി രൂപയാകുമായിരുന്നു. സമാനമായി പ്രതിമാസം 50,000 രൂപ നിക്ഷേപിച്ചാൽ ഒമ്പത് വർഷവും രണ്ട് മാസവും കൊണ്ട് ഒരു കോടി രൂപ എന്ന ലക്ഷ്യം കൈവരിക്കാനാകും.


Click it and Unblock the Notifications