സ്ഥിര നിക്ഷേപത്തിന് പിന്നാലെ എല്ലാ കാലത്തും നിക്ഷേപകരുണ്ട്. റിസ്കില്ലാതെ നിക്ഷേപിക്കാവുന്ന പദ്ധതിയെന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ ജനപ്രീതിക്ക് കാരണം. സങ്കീർണതളും തീരെയില്ല. എന്നാൽ പലിശ നിരക്കിൽ സ്ഥിര നിക്ഷേപത്തിന് പ്രൗഡിയില്ല. ഇക്കാലത്ത് പലിശ നിരക്ക് ഉയരുന്നുണ്ടെങ്കിലും പഴയകാലത്തെ നിരക്കിലേക്ക് എത്തിയിട്ടില്ല. കഴിഞ്ഞ 2 വര്‍ഷത്തിനിടെ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്ക് നന്നായി കുറച്ചിരുന്നു.
പണപ്പെരുപ്പത്തെ തുടർന്നുള്ള സാമ്പത്തിക സാഹചര്യം മാറിയതിനാലാണ് പലിശ നിരക്ക് ബാങ്കുകള്‍ ഉയര്‍ത്തുന്നത്. ഹ്രസ്വകാല, ഇടത്തരം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് തുടക്കത്തില്‍ ഉയരുന്നത്. ദീര്‍ഘകാല നിക്ഷേപത്തിന്റെ നിരക്കുയരാന്‍ സമയമെടുക്കും, ദീര്‍ഘകാലത്തേക്ക് കുറഞ്ഞ നിരക്കില്‍ പണം ലോക്കായി കിടക്കുന്നത് നിക്ഷേപകർക്ക് ഗുണകരമല്ല. ഇതു മറികടക്കാൻ ചെറിയ തന്ത്രങ്ങൾ പയറ്റിയാൽ 1-2 ശതമാനം അധിക നിരക്ക് നേടാൻ സാധിക്കും. ഇവ എന്തൊക്കെയാണെന്ന് നോക്കാം.
ഭിന്നിപ്പിച്ച് നിക്ഷേപിക്കുക
പലിശ നിരക്ക് കുറഞ്ഞിരിക്കുന്ന സമയത്ത് സ്ഥിര നിക്ഷേപം പുതുക്കേണ്ടി വരുന്നവര്‍ എന്ത് ചെയ്യുമെന്ന് ചിന്തിക്കുകയാകും. ലാഡര്‍ സംവിധാനത്തില്‍ നിക്ഷേപിച്ച് ഇവര്‍ക്ക് കുറഞ്ഞ പലിശയുടെ പ്രതിസന്ധി മറികടക്കാം. ഒരു വലിയ സ്ഥിര നിക്ഷേപത്തെ വിവിധ കാലയളവിലുള്ള ചെറിയ സ്ഥിര നിക്ഷേപങ്ങളാക്കി മാറ്റുക.
ഉദാഹരണത്തിന് 5 ലക്ഷം രൂപ ഒന്നിട്ട് നിക്ഷേപിക്കുന്നതിന് പകരമായി 1 ലക്ഷത്തിന്റെ 5 നിക്ഷേപങ്ങളാക്കി 1 മുതല്‍ 5 വര്‍ഷത്തേക്ക് ഓരോന്നും നിക്ഷേപിക്കുക. കുറഞ്ഞ നിരക്കില്‍ സ്ഥിര നിക്ഷേപം ദീര്‍ഘകാലത്തേക്ക് കുടുങ്ങി കിടക്കുന്നത് ഒഴിവാക്കാം. പലിശ നിരക്ക് ഉയരുമ്പോൾ ദീർഘകാലത്തേക്ക് മാറ്റി ഉയർന്ന പലിശയുടെ ഗുണം നേടാനും സാധിക്കും.
ഫ്‌ളോട്ടിംഗ് സ്ഥിര നിക്ഷേപം
ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഫ്‌ളോട്ടിംഗ് നിരക്കില്‍ സ്ഥിര നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇത്തരം സ്ഥിര നിക്ഷേപത്തില്‍ പലിശ നിരക്ക് ഒരു ബെഞ്ച്മാര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കും. ബെഞ്ച്മാര്‍ക്കിന്റെ ഉയര്‍ച്ചയ്ക്ക് അനുസരിച്ച് പലിശ നിരക്കും ഉയരും.
പാഞ്ചാടുന്ന പലിശ നിരക്കിനെതിരെ ദീര്‍ഘകാലത്തേക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപ രീതിയാണിത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 3-10 വര്‍ഷ കാലയളവില്‍ ഫ്‌ളോട്ടിംഗ് നിരക്കില്‍ സ്ഥിര നിക്ഷേപം അനുവദിക്കുന്നുണ്ട്. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ നിരക്കിന്റെ 6 മാസത്തെ പ്രതിദിന ശരാശരിയാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ബെഞ്ച് മാര്‍ക്ക് ആയി പരിഗണിച്ചിട്ടുള്ളത്.
3-5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 5 വര്‍ഷ കാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ നിരക്കും 5-10 വര്‍ഷം വരെയുള്ളതിന് 10 വര്‍ഷ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ നിരക്കും പരിഗണിക്കുന്നത്. 2021 സെപ്റ്റംബര്‍ 24 ന് 10 വര്‍ഷ സര്‍ക്കാര്‍ സെക്യൂരിറ്റിയില്‍ നിന്നുളള ആദായം 6.21 ശതമാനമാണ്.
ഇതു പ്രകാരം 5 വർഷ കാലയളവിൽ ഈ നിരക്കിൽ ഫ്‌ളോട്ടിംഗ് നിരക്കിൽ സ്ഥിര നിക്ഷേപം നടത്താം. ബാങ്കുകളുടെ സാധാരണ സ്ഥിര നിക്ഷേപങ്ങളെക്കാള്‍ കൂടുതലാണിത്. 5.2- 5.5 ശതമാനമാണ് ഇക്കാലയളവിൽ എസ്ബിഐ നൽകുന്ന പലിശ നിരക്ക്.
ബോണ്ടുകള്‍
സ്ഥിര വരുമാനം ഉദ്യേശിച്ച് നിക്ഷേപിക്കാനിറങ്ങുന്ന മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ റിസര്‍വ് ബാങ്ക് ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ടുകളില്‍ നിത്‌ഷേപിക്കാം. നിലവില്‍ 7.15 ശതമാനം ആദായം ഈ ബോണ്ടുകള്‍ നല്‍കുന്നുണ്ട്. ഏഴ് വര്‍ഷമാണ് ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ടുകളുടെ കാലാവധി. വര്‍ഷത്തില്‍ രണ്ടു തവണ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള സീനിയര്‍ സിറ്റസണ്‍ സേവിംഗ്‌സ് സ്‌കീം, പ്രധാനമന്ത്രി വജവന്ദന്‍ യോജന എന്നിവ പരിഗണിക്കുമ്പോള്‍ മികച്ച നിക്ഷേപാണ് ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ടുകള്‍.


Click it and Unblock the Notifications