രാജ്യത്ത് ഏറ്റവും കൂടുതൽ പേരും ആശ്രയിക്കുന്നത് ബാങ്ക്സ്ഥിര നിക്ഷേപങ്ങളെയാണ്. മാന്യമായ പലിശ, സുരക്ഷ എന്നിവയാണ് സ്ഥിര നിക്ഷേപത്തെ ആകർഷകമാക്കുന്ന ഘടകങ്ങൾ. ഓഹരി വിപണിയിലേക്ക് പോകാതെ തന്നെ സ്ഥിര നിക്ഷേപത്തെ മറികടക്കുന്ന റിട്ടേൺ നൽകുന്ന നിരവധി നിക്ഷേപങ്ങൾ ഇന്ന് ലഭിക്കും. സ്ഥിര വരുമാന വിഭാഗത്തിൽ ഉൾപ്പെടുന്ന കോർപ്പറേറ്റ് ബോണ്ട്, ഡെബ്റ്റ് മ്യൂച്വൽ ഫണ്ട്, ഡിബഞ്ചറുകൾ എന്നിവയാണിവ. ഓരോന്നിന്റെയും പ്രത്യേകതളറിയാം.
കോർപ്പറേറ്റ് ബോണ്ട്
കമ്പനികൾ ധനസമാഹരണത്തിന് ഉപയോഗിക്കുന്ന മാർഗങ്ങളാണ് കോർപ്പറേറ്റ് ബോണ്ടുകൾ. പലിശ നിരക്കും ബോണ്ട് വിലകളും വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പലിശ നിരക്ക് സൈക്കിളും സെക്യൂരിറ്റികളുടെ കാലാവധിയും ശ്രദ്ധിച്ച് വേണം നിക്ഷേപിക്കാൻ.
പലിശ നിരക്കുകൾ വർധിക്കുമ്പോൾ മികച്ച റിട്ടേൺ നൽകുന്ന തരത്തിലേക്ക് കോർപ്പറേറ്റ് ബോണ്ടുകളെത്തിയിട്ടുണ്ട്. 1 വർഷം മുതൽ 3 വർഷം വരെയുള്ള കാലാവധിയിൽ സ്ഥിരനിക്ഷേപങ്ങൾ ശരാശരി 6-7 ശതമാനം പലിശ നിരക്ക് നൽകുമ്പോൾ കോർപ്പറേറ്റ് ബോണ്ടുകളിൽ നിന്ന് 9-11 ശതമാനം വരെ റിട്ടേൺ ലഭിക്കും.

ഉയർന്ന റിട്ടേണുകൾ ആകർഷകമാണെങ്കിലും കോർപ്പറേറ്റ് ബോണ്ടുകൾ ഫിക്സഡ് ഡിപ്പോസിറ്റുകളേക്കാൾ കൂടുതൽ റിസ്കുണ്ട്. ബോണ്ടുകൾക്ക് ക്രെഡിറ്റും പലിശ റിസ്കും ഉൾക്കൊള്ളുന്നു. അതിനാൽ, നിക്ഷേപിക്കുന്നതിന് മുമ്പ് ബോണ്ട് ഇഷ്യൂ ചെയ്യുന്ന കമ്പനിയുടെ ക്രെഡിറ്റ് ഗുണനിലവാരം വിലയിരുത്തണം.
ബോണ്ടിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കാം
കോർപ്പറേറ്റ് ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുൻപ് അസറ്റ് ക്ലാസ്, അപകടസാധ്യതകൾ, നേട്ടങ്ങൾ എന്നിവയെ പറ്റി നിക്ഷേപകർ മനസിലാക്കണം. ദീർഘകാല ഇക്വിറ്റി നിക്ഷേപങ്ങൾ ഉയർന്ന ആദായം നൽകുന്നവയാണ്. അതേസമയം നിക്ഷേപത്തിന്റെ ചാഞ്ചാട്ടം വളരെ കൂടുതലുമാണ്. എന്നാൽ , ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ ഉറപ്പായ പലിശ നിക്ഷേപത്തിന് നൽകുന്നു.
എന്നാൽ പണപ്പെരുപ്പത്തെ മറികടക്കുന്നൊരു റിട്ടേണിലേക്ക് എത്തുന്നുമില്ല. ഇവിടെ കോർപ്പറേറ്റ് ബോണ്ടുകളെ പരിഗണിച്ചാൽ ഇക്വിറ്റി മാർക്കറ്റിനെ അപേക്ഷിച്ച് കുറഞ്ഞ റിസ്കും സ്ഥിര നിക്ഷേപത്തേക്കാൾ മുൻ നിശ്ചയിച്ച പ്രകാരമുള്ള റിട്ടേണുകളും നൽകുന്നു.
ഡെബ്റ്റ് ഫണ്ടുകൾ
സ്ഥിര നിക്ഷേപത്തേക്കാൾ മികച്ച വരുമാനം നൽകുന്ന മറ്റൊരു നിക്ഷേപമാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിലെ ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ പിൻവലിച്ചതോടെ ഇവ കോർപ്പറേറ്റ് ബോണ്ടുകളേക്കാൾ നികുതി ആനുകൂല്യങ്ങളൊന്നും നിലവിൽ നൽകുന്നില്ല. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ ഗവൺമെന്റ് സെക്യൂരിറ്റികളിൽ (G-Secs), AAA, AA റേറ്റഡ് ബോണ്ടുകൾ എന്നിവയിലാണ് നിക്ഷേപിക്കുന്നത്.
അതിനാൽ, നിക്ഷേപകർക്ക് ഉയർന്ന പലിശ ലഭിക്കുന്ന ബോണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയില്ല. കാലാവധി പൂർത്തിയാകുന്നതുവരെ ഒരു കോർപ്പറേറ്റ് ബോണ്ട് കൈവശം വച്ചാൽ, നിക്ഷേപകർക്ക് മുൻകൂട്ടി നിശ്ചയിച്ച വരുമാനം ലഭിക്കും. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളുടെ റിട്ടേണുകൾ പലിശ നിരക്കിലെ മാറ്റങ്ങളടക്കമുള്ള കാരണങ്ങൾ കൊണ്ട് വ്യതിയാനങ്ങളുണ്ടാകുന്നുണ്ട്.
എൻസിഡികൾ
മൂലധനം സമാഹരണത്തിന് കമ്പനികൾ ഉപയോഗിക്കുന്ന മറ്റൊരു മാർഗമാണ് നോൺ കൺവേർട്ടബിൾ ഡിബെഞ്ചറുകൾ അഥവാ എൻസിഡികൾ. കാലാവധി പൂർത്തിയാകുമ്പോൾ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാൻ കഴിയാത്ത തരത്തിലുള്ള കടപ്പത്രങ്ങളാണ് അവ. എൻസിഡികളെ സെക്വേര്‍ഡ്, അൺ സെക്വേര്‍ഡ് (secured and un secured) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
ഇഷ്യൂ ചെയ്യുന്ന കടപത്രത്തിന് ജാമ്യമെന്ന നിലയില്‍ ഏതെങ്കിലും ആസ്തികള്‍ ഈടായി നല്‍കിയിട്ടുള്ള കടപത്രങ്ങളാണ് സെക്വേര്‍ഡ് എന്നു വിശേഷിപ്പിക്കുന്നത്. അൺ സെക്വേര്‍ഡ് എൻസിഡികൾ ഉയർന്ന അപകട സാധ്യതയുള്ളതിനാൽ സെക്വേര്‍ഡ് കടപത്രങ്ങളേക്കാൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പൊതുവിൽ സ്ഥിര നിക്ഷേപത്തേക്കാൾ പലിശ ഇവയ്ക്ക് ലഭിക്കും. ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ AAA/Stable റേറ്റിംഗുള്ള എന്‍സിഡിക്ക് 8 ശതമാനമാണ്കൂപ്പണ്‍ റേറ്റ്. 10വര്‍ഷ കാലാവധിയുള്ളവ വര്‍ഷത്തില്‍ പലിശ നല്‍കും.
എങ്ങനെ വാങ്ങാം
മൂന്ന് തരത്തിലാണ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വഴി ഓഹരികള്‍ വാങ്ങുന്നത് പോലെ ബോണ്ടുകളിലും നിക്ഷേപിക്കാം. മികച്ച ബോണ്ടുകള്‍ കണ്ടെത്തി നിക്ഷേപിക്കാന്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സഹായിക്കും. മ്യൂച്വല്‍ ഫണ്ട്, ഇടിഎഫുകള്‍ വഴിയും ബോണ്ടുകള്‍ വാങ്ങാം. ബോണ്ട് ഇടിഎഫുകളോ മ്യൂച്വല്‍ ഫണ്ടുകളെ നിക്ഷേപിക്കാം.
സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ റീട്ടെയില്‍ ഡയറക്ട് സ്‌കീം ഉപയോഗപ്പെടുത്താം. ഇതുവഴി രജിസ്റ്റര്‍ ചെയ്ത് ഗിള്‍ട്ട് സെക്യൂരിറ്റീസ് അക്കൗണ്ട് എടുക്കാം. ഗിള്‍ട്ട് സെക്യൂരിറ്റീസ് അക്കൗണ്ട് ഉടനകള്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ പ്രാഥമിക ഇഷ്യുവില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.


Click it and Unblock the Notifications