റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി ആറാം തവണയാണ് റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തുന്നത്. എന്നിട്ടും ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ പരിഷ്‌കാരം സംഭവിക്കുന്നുണ്ട്. പലിശ മുന്നോട്ട് തന്നെയാണ്. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും നിരക്കുയർത്തുന്നതിൽ മത്സരിക്കുകയാണ്. ഫെബ്രുവരിയിൽ നാല് ബാങ്കുകകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി. മുൻനിര ബാങ്കുകളായ ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് ഇക്കൂട്ടത്തിലുള്ളത്. പലിശ നിരക്കുകൾ നോക്കാം.
ആക്സിസ് ബാങ്ക്
സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്കാരം ഫെബ്രുവരി 5 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് പ്രതിവർഷം 3.50 ശതമാനം മുതൽ 7.20 ശതമാനം വരെയാണ് പലിശ നൽകുന്നത്.
ആക്‌സിസ് ബാങ്ക് 17 മാസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കാണ് വർധിപ്പിച്ചത്. 10 അടിസ്ഥാന നിരക്കാണ് (0.50%) വർധനവ്. മറ്റ് കാലാവധിയിലെ നിരക്കുകൾക്ക് മാറ്റമില്ല. ഇതോടെ ഏറ്റവും പുതിയ നിരക്ക് വർധനവിന് ശേഷം 17 മാസം മുതൽ 18 മാസത്തിൽ താഴെ വരെ കാലാവധിയിലുള്ള നിക്ഷേപങ്ങൾക്ക് 7.20 ശതമാനം പലിശ ലഭിക്കും.

പഞ്ചാബ് നാഷണൽ ബാങ്ക്
ജനുവരിയിലെ നിരക്ക് വർധനവിന് ശേഷമാണ് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് ഫെബ്രുവരിയിൽ വീണ്ടും നിരക്കുയർത്തിയത്. ഫെബ്രുവരി 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7.25 ശതമാനം വരെയാണ് പലിശ നിരക്ക് മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 4 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ലഭിക്കും.
300 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന്റെ നിരക്കാണ് പുതുക്കിയത്. 0.80 ശതാനത്തിന്റെ വർധനവാണുണ്ടായത്. 6.25 ശതമാനമായിരുന്ന പലിശ നിരക്ക് 7.05 ശതമാനമായി. മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനത്തിൽ നിന്ന് 7.55 ശതമാനമായും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.05 ശതമാനത്തിൽ നിന്ന് 7.85 ശതമാനമായും പലിശ വർധിച്ചു. മറ്റു നിരക്കുകൾ മാറ്റമില്ലാതെ തുടരും.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്ക് ബൾക്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശയാണ് പുതുക്കിയത്. 2 കോടി രൂപ മുതൽ 5 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളാണിവ. റെഗുലർ നിക്ഷേപകർക്കുള്ള പലിശ നിരക്കുകൾ 4.75 ശതമാനം മുതൽ 7.40 ശതമാനം വരെയാണ്. അതേസമയം മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും. ഏറ്റവും ഉയർന്ന നിരക്ക് ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ വരെ കാലാവധിയിലാണ്. 7.90 ശതമാനം പലിശ ലഭിക്കും. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വന്നു.
ഇൻഡസ്ഇൻഡ് ബാങ്ക്
ഇൻഡസ്ഇൻഡ് ബാങ്കിന്റെ പുതുക്കിയ പലിശ നിരക്കുകൾ ഫെബ്രുവരി 6 മുതൽ പ്രാബല്യത്തിൽ വരും. റെഗുലർ നിക്ഷേപകർക്കുള്ള നിക്ഷേപ പലിശ നിരക്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെയാണ്. മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 8.25 ശതമാനം വരെ പലിശ ലഭിക്കും.


Click it and Unblock the Notifications