വീടെന്നത് എല്ലാവരുടെയും ജീവതത്തിലെ ഒരു സ്വപ്‌നമാണ്. വാടക വീട്ടിലെ താമസവും ഇടയ്ക്കിടെ വാടക വീട് മാറേണ്ടി വരുന്നതും ഉയർന്ന ചെലവുകളും സ്വന്തം കൂടാരത്തിലേക്ക് അടുപ്പിക്കുന്നു. അതേസമയം മനസിനിറങ്ങിയ വീടെന്ന സ്വപ്‌നം പൂർത്തീകരിക്കാനും ചില വെല്ലുവിളികൾ മുന്നിലുണ്ട്. വീട് പണിയാനായി ഇറങ്ങി ചിലർ ജീവിതകാലം മുഴുവൻ വീടിനായി പ്രയത്‌നിക്കുന്നു. മറ്റു ചിലരാകട്ടെ ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ വീട് സ്വന്തമാക്കുന്നു. ഇതിനാൽ സ്വന്തം സാമ്പത്തിക നിലയനുസരിച്ച് വീട് വെക്കുന്നതിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. വീട്ടുടമസ്ഥൻ എന്നൊരു സ്ഥാനം സന്തോഷത്തിനൊപ്പം വെല്ലുവിളിയാകാനും സാധ്യതയുണ്ട്. വീട് സ്വന്തമാക്കാൻ മുന്നിലുള്ള തടസങ്ങളെ ബുദ്ധിമുട്ടില്ലാതെ ഒഴിവാക്കാൻ ചെറിയ പ്രായത്തിൽ വീട് വെക്കുന്നതാണ് ഉചിതം. വാഹനമെന്നത് പോലെ വീടെന്നതും യുവാക്കളുടെ സ്വപ്നമാണ്. യുവാക്കളായ വർക്കിംഗ് പ്രൊഫഷണലുകൾക്ക് അവരുടെ ജോലിയുടെ തുടക്ക കാലത്ത് വീടുവെക്കാൻ ആരംഭിച്ചാൽ എളുപ്പത്തിൽ വീട് സ്വന്തമാക്കാൻ കഴിയും. ഇതുകൊണ്ട് സാമ്പത്തിക നേട്ടങ്ങളാണ് ഉണ്ടാകുന്നത്.

ചുരുങ്ങിയ ഇ.എം.ഐ.
വീട് പണിയാനായി എടുക്കുന്ന ഭവന വായ്പയും അതിന്റെ ഇഎംഐയുടെ ക്രമീകരണങ്ങളുമാണ് കൂടുതൽ പേരെയും പിന്നീട് ബുദ്ധിമുട്ടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ചെറുപ്രായത്തിലെ വീടുവെയ്ക്കാൻ ശ്രമിക്കാം. ചെറിയ പ്രായത്തിൽ വീടുവെക്കാനിറങ്ങുന്നവർക്ക് കൂടുതൽ കാലത്തെ തിരിച്ചടവിൽ കുറഞ്ഞ തുകയ്ക്ക് ഇ.എം.ഐ. ലഭിക്കുമെന്നത് ഗുണകരമാണ്. 20-25 വയസിനിടെ ഭവന വായ്പ എടുക്കുന്നൊരാൾക്ക് 20 വർഷത്തേക്ക് വായ്പ തിരിച്ചടവ് ബുദ്ധിമുട്ടുണ്ടാവുന്നില്ല. വിവാഹിതാരാത്ത പ്രായത്തിൽ ചെലവുകൾ കുറവുള്ളതിനാൽ തിരിച്ചടവ് കാലം കൂടുന്നത് അനുയോജ്യമായി കണക്കാക്കുന്നു. അതേസമയം പ്രായം കൂടുന്തോറും തിരിച്ചടവ് കാലയളവ് കുറയുകയും ഇ.എം.ഐ. തുക ഉയരുകയും ചെയ്യും. മാസ തിരിച്ചടവ് നീളുന്നത് പലിശ ഉയർത്തുമെന്നതിനാൽ ഇക്കാര്യം വായ്പയെടുക്കുന്നവർ ശ്രദ്ധിക്കണം.
Also Read: ദിവസവും 29 രൂപയിടാം; കയ്യിൽ കിട്ടും 4 ലക്ഷം! അറിയണം എൽഐസിയുടെ ഈ 'മാജിക്' പ്ലാൻ

നികുതിയിളവുകൾ
വീടിനെന്ന സ്വപ്നത്തിലേക്ക് കടക്കുമ്പോൾ നികുതിയിൽ നിന്ന് നല്ലൊരു ഇളവ് നേടാൻ ഭവന വായ്പ സഹായിക്കുന്നുണ്ട്. ചെറുപ്രായത്തിൽ വീട് പണിക്കിറങ്ങിയാൽ ഇത് നേട്ടമുണ്ടാക്കാം. വീട് പണിയാനായി എടുക്കുന്ന ഭവന വായ്പയ്ക്ക് ആദായ നികുതി നിയമത്തിന്റെ 80 സി സെക്ഷൻ പ്രകാരം നികുതിയിളവ് ലഭിക്കും. വീട് വാങ്ങാനോ നിര്‍മാണത്തിനോ എടുത്ത ഭവന വായ്പയില്‍ നിര്‍മാണം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായാല്‍ ആദായ നികുതി ഇളവുണ്ട്. ഇഎംഐയായി അടച്ച പലിശ രണ്ട് ലക്ഷത്തില്‍ കുറയാതെ ആദായ നികുതിയില്‍ നിന്ന് കുറച്ചുകിട്ടും. നിർമാണത്തിലിരിക്കന്ന കെട്ടിടം വാങ്ങി പണിയുകയാണെങ്കിൽ പ്രീ കൺസ്ട്രക്ഷൻ നികുതി ഇളവ് ലഭിക്കും. ഇത് കെട്ടിട നിർമാണം പൂർത്തിയായ ശേഷം മാത്രമെ അനുവദിക്കുകയുള്ളൂ.

വീടെന്ന സമ്പാദ്യം
ചെറിയ പ്രായത്തിൽ സ്ഥലം വാങ്ങുന്നത് വിശ്വാസയോഗ്യമായ ഒരു ആസ്തിയുടെ ഉടമസ്ഥാനാക്കി മാറ്റുകയാണ്. 20വയസിൽ ഭൂമി വാങ്ങുന്നയൊരാൾക്ക് ഭാവിയിൽ സ്ഥലത്തിന്റെ മൂല്യം വർധിക്കും. പത്ത് -പതിനഞ്ച് വർഷം കഴിഞ്ഞ് സ്ഥലത്തിന്റെ വില വിശ്വസിക്കാവുന്നതിലും ഉയരത്തിലെത്തും. വാങ്ങുന്ന സ്ഥലത്തുണ്ടാകുന്ന വികസനത്തിന് അനുസരിച്ച് ഭാവിയിൽ ഉയർന്ന് റിട്ടേൺ പ്രതീക്ഷിക്കാം. സ്ഥലം വാങ്ങുന്നത് വൈകിയാൽ വില ഉയരുകയും ഉയർന്ന വിലയ്ക്ക് വാങ്ങേണ്ട സാഹചര്യമുണ്ടാവുകയും ചെയ്യുന്നു.

വാടകയിലും ലാഭം
നേരത്തെ വീട് വെയ്ക്കുക എന്നത് വലിയ അളവിൽ വാടക ലാഭിക്കാനുള്ള സൗകര്യമാണ് ലഭിക്കുന്നത്. സ്വന്തമായി വീടില്ലാത്തവരാണ് കൂടുതലായും വീട് വെക്കാനായി ഇറങ്ങുന്നത്. വീട് വെക്കാനായി ഭവന വായ്പയെടുക്കുന്നൊരാൾക്ക് വാടക ഇനത്തിൽ ലാഭിക്കുന്ന തുക വായ്പയുടെ ഇ.എം.ഐ. അടവിലേക്ക് മാറ്റാം. കാലക്രമേണേ ഇ.എം.ഐ.യും വായ്പയും കുറഞ്ഞു വരുന്നതോടെ സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമാകും.