സമീപകാലത്ത് നിരവധി ടാറ്റ ഗ്രൂപ്പ് ഓഹരികളാണ് മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ചത്. ഇതിലൂടെ നിക്ഷേപകര്‍ക്ക് മികച്ച നേട്ടവും കരഗതമായി. എന്നാല്‍ നിക്ഷേപകരെ നിരാശരാക്കിയ ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് റാലീസ് ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ ഒരു വര്‍ഷകാലയളവില്‍ 4 ശതമാനം മാത്രം നേട്ടമാണ് നല്‍കിയത്. എന്നാല്‍ അടുത്തിടെയായി ഓഹരി, കുതിപ്പിനുള്ള ഒരു സൂചന നല്കുന്നു. ഇതു സംബന്ധിച്ച വിശദാംശമാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റാലീസ് ഇന്ത്യ
രാജ്യത്തെ അഗ്രോ കെമിക്കല്‍ മേഖലയിലെ മുന്‍നിര കമ്പനിയാണ് റാലീസ് ഇന്ത്യ ലിമിറ്റഡ്. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഈ കമ്പനിക്ക് 150 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. കാര്‍ഷിക രംഗത്തേക്കുള്ള രാസസംയുക്തങ്ങളും കീടനാശിനികളുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. ജൈവകൃഷിക്ക് വേണ്ട വിത്തിനങ്ങള്‍ ഉള്‍പ്പെടെ വിവിധ മൂല്യ വര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കുന്നു. വമ്പന്‍ കമ്പനികളായ ബയേര്‍, സിന്‍ജെന്റ, എക്സെല്‍, യുപിഎല്‍, ഗാര്‍ഡ, കെമിനോവ എന്നിവര്‍ക്കു വേണ്ട സാങ്കേതിക, രാസപദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്നു. 58 വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും കരാര്‍ അടിസ്ഥാനത്തിലുള്ള ഉത്പാദനവും നടത്തുന്നുണ്ട്. 6,000-ത്തിലധികം ഡീലര്‍മാരും 70,000-ലേറെ റീട്ടെയിലര്മാരുമുള്ള കമ്പനിക്ക് ശക്തമായ വിതരണ ശൃംഖലയാണുള്ളത്.
ഓഹരി വിശദാംശം
ടാറ്റ കെമിക്കല്‍സാണ് റാലീസ് ഇന്ത്യയുടെ 50.06 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് 6.03 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.81 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 27.06 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഏറ്റവുമൊടുവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് 5,445 കോടിയാണ്. മുടങ്ങാതെ ലാഭിവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.07 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 81.84 രൂപ നിരക്കിലാണ്. അഗ്രോ കെമിക്കല്‍ വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 63.09 ആയിരിക്കുമ്പോള്‍ റാലീസ് ഇന്ത്യയുടേത് 29.23 നിരക്കിലാണെന്നതും ശ്രദ്ധേയം.
അനുകൂല ഘടകം
കഴിഞ്ഞയാഴ്ച ഫാളിങ് ട്രെന്ഡ്ലൈന് റെസിസ്റ്റന്‍സ് ഭേദിച്ചുള്ള കുതിപ്പ് റാലീസ് ഇന്ത്യ (BSE: 500355, NSE : RALLIS) ഓഹരികളില്‍ ദൃശ്യമായിരുന്നു. ഈ സമയത്ത് ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതും ശ്രദ്ധേയമാണ്. നിലവില്‍ ഓഹരി 26, 50, 100, 200 ദിവസ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് നിലനില്‍ക്കുന്നത്. ആറ് മാസമായി തകര്‍ച്ചയിലായിരുന്ന ഓഹരി കഴിഞ്ഞ ഒരു മാസമായി തിരിച്ചുവരവിന്റെ സൂചനകള്‍ നല്കുന്നു. കമ്പനിയുടെ വ്യാപാര നയങ്ങളിലും മാനേജ്മെന്റ് തലപ്പത്തും വരുത്തിയ മാറ്റങ്ങള്‍ അനുകൂല ഘടകങ്ങളാണ്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ റാലീസ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനത്തില്‍ 11 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 6.9 ശതമാനവും അറ്റാദായത്തില്‍ 10.9 ശതമാനവും വര്‍ധന രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 628 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം ഉയര്‍ച്ചയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 39.55 കോടിയും വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം ഇടിവും കാണിച്ചു. പ്രതിയോഹരി വരുമാനം 2.35 രൂപയില്‍ നിന്നും 2.03-ലേക്ക് താഴ്ന്നു.
ലക്ഷ്യവില 320- 340
തിങ്കളാഴ്ച രാവിലെ 280 രൂപ നിലവാരത്തിലാണ് റാലീസ് ഇന്ത്യ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. സമീപ കാലയളവിലേക്ക് 320- 340 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ്, ക്ലോസിങ് അടിസ്ഥാനത്തില്‍ 255 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതിലൂടെ 14 -21 ശതമാനം വരെ ലാഭം നേടാനാകും. അതേസമയം, 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 362.60 രൂപയും കുറഞ്ഞ വില 227.30 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 12 ശതമാനം കുതിപ്പുണ്ടായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
