കഴിഞ്ഞ ദിവസം മികച്ച നേട്ടത്തോടെയാണ് പ്രധാന സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍, 200-ഡിഎംഎ നിലവാരത്തിന് സമീപത്ത് സൂചിക തങ്ങിനില്‍ക്കുകയാണെന്ന് കാണാം. 'ഡബിള്‍ ബോട്ടം' സൃഷ്ടിക്കപ്പെട്ട 16,850- 16,900 നിലവാരം ശക്തമായ സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കും. അതേസമയം 17,400- 17,450 നിലവാരം പ്രതിരോധ മേഖലയായും നില്‍ക്കും. നിലവില്‍ ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐ 'ന്യൂട്രല്‍' സൂചനയാണ് നല്‍കുന്നത്. 16,800- 17,450 നിലവാരങ്ങളില്‍ ആദ്യം എവിടെ ഭേദിക്കപ്പെടുന്നുവോ ആ ദിശയിലേക്ക് സൂചിക ശക്തമായ നീക്കം നടത്തിയേക്കാമെന്നും ബ്രോക്കറേജ് സ്ഥാപനമായ ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിച്ചു. അടുത്ത 2- 3 ആഴ്ചക്കാലയളവില്‍ പരിഗണിക്കാവുന്ന 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
ഗോദ്‌റേജ് അഗ്രോവെറ്റ്
കാര്‍ഷിക മേഖലയില്‍ ഗവേഷണ- വികസനാധിഷ്ഠിതമായ നിരവധി സംരംഭങ്ങളുള്ള ഗോദ്‌റേജ് ഗ്രൂപ്പ് കമ്പനിയാണ് ഗോദ്‌റേജ് അഗ്രോവെറ്റ്. കഴിഞ്ഞ ദിവസം 570 രൂപയിലാണ് ഈ ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 665 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2- 3 ആഴ്ചയ്ക്കകം 17 ശതമാനം ലാഭമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 525 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
സമീപകാലത്ത് ഗോദ്‌റേജ് അഗ്രോവെറ്റ് ഓഹരി 746-ല്‍ നിന്നും തിരുത്തല്‍ നേരിട്ടു. തുടര്‍ന്ന് 61.8 ശതമാനം ഫിബനാസി റീട്രേസ്‌മെന്റ് നിലവാരത്തില്‍ നിന്നും (450 രൂപ) ഓഹരി പിന്തുണയാര്‍ജിച്ച് കരകയറിത്തുടങ്ങി. ഇതിനിടെ വ്യാഴാഴ്ച ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ച് 5 മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 10 മാസത്തിനിടെയുള്ള ഉയര്‍ന്ന തോതിലുള്ള ഇടപാടുകളുടെ എണ്ണവും ബ്രേക്കൗട്ടിനെ സാധൂകരിക്കുന്നു. ആര്‍എസ്‌ഐ 70 നിലവാരത്തിന് മുകളിലെത്തിയതും ഓഹരിയിലുള്ള കുതിപ്പിനെ ചൂണ്ടിക്കാട്ടുന്നു.
റിലയന്‍സ്
ഇന്നലെ 2,820 രൂപയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 3,330 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കകം 18 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,710 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ഓഹരിയുടെ സര്‍വകാല റെക്കോഡ് നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 6 മാസത്തെ സ്ഥിരതയാര്‍ജിക്കലിനു ശേഷം ആഴ്ചക്കാലയളവിലെ ചാര്‍ട്ടില്‍ ബ്രേക്കൗട്ട് നടന്നിട്ടുണ്ട്. ഓരോ തവണ ഓഹരി ഉയരുമ്പോഴും വോളിയം കൂടുന്നതും ശുഭസൂചനയാണ്.
ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഓഹരികള്‍ 3,588 നിലവാരത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 4,070 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 13 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,400 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ദീര്‍ഘകാല ചാര്‍ട്ടില്‍ 'ഹയര്‍ ഹൈ ഹയര്‍ ലോ' പാറ്റേണ്‍ ദൃശ്യമാണ്. ഈയാഴ്ച ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചിട്ടുമുണ്ട്. വോളിയവും ഉയര്‍ന്ന തോതിലാണ്. ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐ 70 നിലവാരത്തിന് മുകളില്‍ നില്‍ക്കുന്നതും കുതിപ്പിനെ സൂചിപ്പിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പേര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications