റിപ്പോ നിരക്ക് വർധനവിന് പിന്നാലെ നിക്ഷേപ പലിശ നിരക്കുയരാൻ തുടങ്ങിയതോടെ ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ ആരംഭിക്കാൻ തുടങ്ങിയിരുന്നു. നിശ്ചിത കാലയളവിൽ ഉയർന്ന പലിശ തന്നെയാണ് പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെ ഗുണം. പൊതുവെ ഹ്രസ്വകാലത്തേക്കായതിനാൽ പെട്ടന്ന് പണം സൂക്ഷിക്കാൻ ഉചിതമായ മാർഗമായി പലരും പ്രത്യേക കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപത്തെ കണക്കാക്കിയിരുന്നു.
2022-23 സാമ്പത്തിക വർഷത്തേക്കായിരുന്നു മിക്ക പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെയും കാലാവധി. എന്നാൽ പുതിയ സാമ്പത്തിക വർഷത്തിലേക്കും കാലാവധി നീട്ടിയ ചില പ്രത്യേക സ്ഥിര നിക്ഷേപങ്ങളെയാണ് ഇവിടെ വിശദമാക്കുന്നത്.
എസ്ബിഐ അമൃത് കലശ്
400 ദിവസ കാലാവധിയുള്ള ഹ്രസ്വകാല പ്രത്യേക സ്ഥിര നിക്ഷേപമായ അമൃത് കലശ് സ്ഥിര നിക്ഷേപം എസ്ബിഐ പുതിയ സാമ്പത്തിക വർഷത്തിൽ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. 2023 ഫെബ്രുവരി 15 ആരംഭിച്ച പദ്ധതി 2023 സാമ്പത്തിക വർഷം പൂർത്തിയായതോടെ കാലാവധി എത്തിയിരുന്നു.

2023 ഏപ്രിൽ 12 മുതൽ പുനരംരംഭിച്ച പദ്ധതി ജൂൺ 30 വരെ നിക്ഷേപിക്കാൻ സാധിക്കും. സാധാരണ നിക്ഷേപകർക്ക് 400 ദിവസത്തേക്ക് 7.10 ശതമാനവും 60 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും ലഭിക്കും.
എസ്ബിഐ സർവോത്തം
എസ്ബിഐ തുടരുന്ന മറ്റൊരു പ്രത്യേക സ്കീമാണ് എസ്ബിഐ സർവോത്തം സ്കീം. 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നോൺ-കോളബിൾ സ്ഥിര നിക്ഷേപങ്ങളാണ് എസ്ബിഐ സർവോത്തം സ്കീം. കാലാവധിക്ക് മുൻപ് പിൻവലിക്കാൻ സാധിക്കാത്തിവ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
1 വർഷത്തേക്ക് സാധാരണ നിക്ഷേപകർക്ക് 7.10 ശതമാനവും 60 വയസ് കഴിഞ്ഞവർക്ക് 7.60 ശതമാനം പലിശയും ലഭിക്കും. 2 വർഷത്തേക്ക് 7.40 ശതമാനും 7.90 ശതമാനവുമാണ് പലിശ നിരക്ക്. 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണിത്.
ഐഡിബിഐ അമൃത് മഹോത്സവ് എഫ്ഡി
ഐഡിബിഐ ബാങ്കിന്റെ 444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപമായ അമൃത് മഹോത്സവ് എഫ്ഡിയും കാലാവധി നീട്ടിയ കൂട്ടത്തിലുണ്ട്. 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് ജനറൽ, എൻആർഒ, എൻആർഇ നിക്ഷേപകർക്ക് 7.15 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശയും നൽകും.
ഇന്ത്യൻ ബാങ്ക് ഐഎൻഡി സൂപ്പർ
ഇന്ത്യൻ ബാങ്കിന്റെ 400 ദിവസത്തെ സ്ഥിര നിക്ഷേപം ഐഎൻഡി സൂപ്പർ 400 ഡേയ്സ് കാലാവധി നീട്ടി. 2023 മാർച്ചിൽ അവതരിപ്പിച്ച സ്കീമിന്റെ കാലാവധി ഏപ്രിൽ 19 ആയിരുന്നു. ഏപ്രിൽ 20 മുതൽ ജൂൺ 30 വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്. 10,000 രൂപ മുതൽ നിക്ഷേപം നടത്താം. 2 കോടി വരെയാണ് പരമാവധി നിക്ഷേപം.
പിഎസ്ബി ഗൃഹ ലക്ഷ്മി സ്ഥിര നിക്ഷേപം
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന്റെ സ്ത്രീകൾക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപമാണിത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏത് സ്ത്രീയുടെ പേരിലും അക്കൗണ്ട് തുടങ്ങാം. ജോയിന്റ് അക്കൗണ്ടിൽ ഒരാൾ സ്ത്രീ ആയിരിക്കണം. 551 ദിവസത്തെ നിക്ഷേപത്തിന് സ്ത്രീകൾക്ക് 25 അടിസ്ഥാന നിരക്ക് അധിക പലിശ ലഭിക്കും. 5,000 രൂപ മുതൽ നിക്ഷേപം തുടങ്ങാം. പദ്ധതിയുടെ കാലാവധി ജൂൺ 30 വരെയാണ്.
സീനിയർ സിറ്റിസൺ സ്ഥിര നിക്ഷേപം
എസ്‌ബിഐയുടെ മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപമായ എസ്‌ബിഐ വീകെയർ പദ്ധതി കാലാവധി നീട്ടിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് സാധാരണ നിരക്കിനും 0.50 ശതമാനം പ്രീമിയം നിരക്കിനുമൊപ്പം 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 5 വർഷം മുതൽ 10 വർഷത്തേക്കാണ് ഈ നിരക്ക് ലഭിക്കുക. 7.50 ശതമാനം മുതിർന്ന പൗരന്മാക്ക് ഇക്കാലയളവിൽ ലഭിക്കും.


Click it and Unblock the Notifications